
നടി വിൻസി അലോഷ്യസ് നൽകിയ പരാതിയിൽ ശക്തമായ പ്രതികരണവുമായി ഡബ്ബിങ് ആർട്ടിസ്റ്റും, സാമൂഹ്യ പ്രവർത്തകയുമായ ഭാഗ്യലക്ഷ്മി രംഗത്തെത്തി. വിൻസി നൽകിയ പരാതിയിൽ പ്രകടമായ പിന്തുണയുമായി രംഗത്തെത്തിയ ഭാഗ്യലക്ഷ്മി, ലഹരി ഉപയോഗിക്കുന്ന നിരവധിപ്പേർ സിനിമാ വ്യവസായത്തിൽ സജീവമാണെന്ന് ആരോപിച്ചു. ഇത്തരക്കാർക്കൊപ്പം ഇനി സിനിമ ചെയ്യില്ല എന്ന ശക്തമായ നിലപാട് സിനിമാ സംഘടനകൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
“വിൻസി ആരെക്കുറിച്ചാണ് പറയുന്നതെന്ന് നമുക്ക് അറിയാവുന്ന കാര്യമാണ്. അതേ വ്യക്തിയെയാണ് ഇപ്പോൾ തുറന്നു പറഞ്ഞിരിക്കുന്നത്. ഇനി അതിനെതിരെ നടപടി എടുക്കേണ്ടത് സിനിമാ സംഘടനകളുടെ ഉത്തരവാദിത്വമാണ്. ഇത്തരക്കാർക്കൊപ്പം ഇനി സിനിമകളിൽ അഭിനയിക്കില്ല എന്ന് പ്രഖ്യാപിക്കാനുള്ള ധൈര്യം ഫിലിം ചേംബറും നിർമാതാക്കളുടെ സംഘടനയും കാണിക്കണം,” എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
“വിൻസി എടുത്തത് അതീവ ധൈര്യമുള്ള നിലപാടാണ്. ഇപ്പോൾ വന്ന നടിയായിട്ട് കൂടിയും വലിയ താരങ്ങൾ കാണിക്കാത്ത ധൈര്യമാണ് അവൾ കാണിച്ചത് . ലഹരി ഉപയോഗിച്ച് ശല്യം ചെയ്യുന്നവരെ ഒഴിവാക്കാനുള്ള ഉത്തരവാദിത്വം ഓരോ സംവിധായകനും നിർമാതാവും ഏറ്റെടുക്കണം,” എന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.