
പാട്ടുകളിൽ അമിതമായി സാങ്കേതികവിദ്യയെ ഉപയോഗിക്കുന്നുവെന്നും, ലൈവ് മ്യൂസിക്കിന്റെ തകർച്ചയ്ക്ക് വഴിയൊരുക്കുന്നുവെന്നും പ്രശസ്ത ഗായകൻ അഭിജിത് ഭട്ടാചാര്യ ഉന്നയിക്കപ്പെട്ട വിമർശനങ്ങൾക്ക് മറുപടിയുമായി സംഗീതസംവിധായകൻ എ.ആർ. റഹ്മാൻ.
“ഞാൻ ചെയ്യുന്ന കാര്യങ്ങൾ സംഗീതത്തിന്റെ സൃഷ്ടിപരമായ സാധ്യതകളെ പര്യവേക്ഷണം ചെയ്യാനാണ്. ലൈവ് സംഗീതോപകരണങ്ങൾ വായിക്കുന്ന കലാകാരന്മാരെ മാറ്റിസ്ഥാപിക്കാൻ വേണ്ടി അല്ല,” എന്ന് റഹ്മാൻ ഇന്ത്യാ ടുഡേയോട് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “സാങ്കേതികവിദ്യ എന്നത് സിമ്പിളായ ഒരു ഉപകരണമാണ്. അതിലൂടെ ഞാൻ പുതിയ ശബ്ദങ്ങൾ അന്വേഷിക്കുന്നു. സംഗീതജ്ഞരെ പൂർണ്ണമായി പിന്തുണക്കുന്ന ഒരാളാണ് ഞാൻ,” അദ്ദേഹം വ്യക്തമാക്കി. അഭിജിത്ത് പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അതിൽ തെറ്റൊന്നുമില്ലെന്നും റഹ്മാൻ പറഞ്ഞു. “എനിക്ക് ഇനിയും അദ്ദേഹത്തെ ഇഷ്ടമാണ്. ഇതുവരെ ഞാൻ അദ്ദേഹത്തിന് കേക്ക് അയച്ചുകൊടുക്കാറുണ്ടായിരുന്നു,” എന്നും അദ്ദേഹം ചിരിച്ചുകൊണ്ട് കൂട്ടിച്ചേർത്തു.
റഹ്മാൻ താൻ നടത്തിയ പുതിയ സംഗീത പദ്ധതികൾ വിവരിച്ചും പ്രതികരിച്ചു. “ഒടുവിൽ ദുബായിൽ 60 സ്ത്രീകളെ ഉൾപ്പെടുത്തി ഒരു ഓർക്കസ്ട്ര സ്ഥാപിച്ചു. അവർക്കെല്ലാം സ്ഥിരമായ ജോലി, ഇൻഷുറൻസ്, ആരോഗ്യപരിചരണം തുടങ്ങിയവ ലഭ്യമാണ്. എന്റെ ഓരോ സിനിമയിലും ഛാവയിലായലും പൊന്നിയിൻ സെൽവനിലായാലും, 200-300 വരെയുള്ള സംഗീതജ്ഞർ പങ്കെടുക്കുന്നു,” അദ്ദേഹം പറഞ്ഞു. സ്വന്തമായി സോഷ്യൽ മീഡിയയിലോ പബ്ലിസിറ്റിയിലോ ഈ കലാകാരന്മാരെ പ്രദർശിപ്പിക്കാറില്ലെന്നു കൂടിയാണ് റഹ്മാൻ വ്യക്തമാക്കിയിരിക്കുന്നത്.
1999-ൽ പുറത്തിറങ്ങിയ ദിൽ ഹി ദിൽ മേം എന്ന സിനിമയിൽ, “ഏ നസ്നീൻ സുനോ നാ” എന്ന ഗാനം റഹ്മാനുവേണ്ടി അഭിജിത് പാടിയിരുന്നു. അതാണ് അവർ തമ്മിലുള്ള ഏക സഹകരണം. അതേ സമയം, പ്രശസ്ത കലാകാരന്മാരെ റെക്കോർഡിങ് സ്റ്റുഡിയോയിൽ മണിക്കൂറുകളോളം കാത്തിരിപ്പിച്ചുവെന്ന അഭിജിത്തിന്റെ ആരോപണങ്ങൾക്കും റഹ്മാൻ മറുപടി നൽകിയിട്ടുണ്ട്. എല്ലാ സ്റ്റുഡിയോ പ്രവർത്തനങ്ങളും താനല്ല, തന്റെ സഹായികൾ കൈകാര്യം ചെയ്യാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. “ഒരു പ്രോജക്റ്റിന് വേണ്ടി എപ്പോഴും സംഗീതജ്ഞരെ നേരിട്ട് നിയമിക്കാനാവില്ല. പക്ഷേ, ഞാൻ എത്ര പേർക്ക് ജോലി നൽകി, എത്ര പേര് എനിക്ക് കൂട്ടുകാരാണെന്ന് നിർമ്മാതാക്കൾക്ക് ഉറപ്പിക്കാനാകും,” എന്ന് റഹ്മാൻ അഭിമാനത്തോടെ പറഞ്ഞു.