
14 വയസുള്ളപ്പോൾ ട്രെയിനിൽവെച്ച് ലൈംഗിക അതിക്രമം നേരിട്ടതായി പ്രമുഖ ടെലിവിഷൻ നടൻ ആമിർ അലി വെളിപ്പെടുത്തി. ഹോട്ടർഫ്ളൈയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടൻ അതിനേക്കുറിച്ച് തുറന്നുപറന്നത്. “അത് അത്രയേറെ വേദനാജനകമായ അനുഭവമായിരുന്നു. ആ സംഭവത്തിനുശേഷം തീവണ്ടിയിൽ യാത്രചെയ്യുന്നത് ഞാൻ നിർത്തുകയായിരുന്നു,” ആമിർ പറഞ്ഞു.
“ഒരു ദിവസം ട്രെയിനിൽവെച്ചായിരുന്നു അതിക്രമം. അന്ന് എനിക്ക് 14 വയസായിരുന്നു. പിന്നീടുള്ള കാലങ്ങളിലൊക്കെയും, ബാഗ് എന്റെ പിൻഭാഗത്തേക്ക് ചേർത്തുവെക്കാൻ ഞാൻ തുടങ്ങി. പിന്നീട് എന്റെ പുസ്തകങ്ങൾ മോഷ്ടിക്കപ്പെട്ടതായി മനസ്സിലായി. അതിനെ തുടർന്നാണ് ട്രെയിനിൽ യാത്ര ചെയ്യുന്നത് ഞാൻ നിർത്തിയത് ” ആമിർ പറഞ്ഞു.
തീവണ്ടിയിൽ നേരിട്ട ദുരനുഭവം തനിക്ക് ദീർഘകാലത്തെ മാനസികാഘാതം നൽകിയതായും അദ്ദേഹം പറഞ്ഞു. കൂടാതെ സ്വന്തം സുഹൃത്തുക്കളുടെ ലൈംഗികതയെക്കുറിച്ചുള്ള തുറന്നുപറച്ചിലുകൾ തന്റെ സമീപനത്തിൽ ഉണ്ടായ മാറ്റത്തെയും താരം തുറന്നു പങ്കുവച്ചു.
“എന്റെ കുറച്ച് സുഹൃത്തുകൾ സ്വവർഗരതിക്കാരാണെന്ന് തുറന്നുപറഞ്ഞപ്പോൾ, എനിക്ക് അവരോട് അസ്വസ്ഥതയൊന്നും തോന്നിയില്ല. അവർ എന്റെ സഹോദരന്മാരെപോലെയാണ്. അവരോടൊപ്പം ഒരേ കിടക്കയിൽ കിടന്നുറങ്ങാനും എനിക്ക് കഴിയുന്നു. പക്വത പ്രാപിക്കുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും – ചിന്തകളിൽ മാറ്റമുണ്ടാകും,” ആമിർ പറഞ്ഞു.
‘ഡോക്ടേഴ്സ്’ എന്ന വെബ് സീരീസിലൂടെയാണ് ആമിർ അലി ഒടുവിൽ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയത്. ‘ഐ ഹേറ്റ് ലവ് സ്റ്റോറീസ്’, ‘ഫറാസ്’ തുടങ്ങിയ സിനിമകളിലും താരം മികച്ച പ്രകടനം നടത്തി.