
2023-ലെ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളുടെ സമർപ്പണച്ചടങ്ങ് ബുധനാഴ്ച (ഏപ്രിൽ 16) വൈകീട്ട് ഏഴുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
കേരള സർക്കാരിന്റെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ അവാർഡ് പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുണിന് മുഖ്യമന്ത്രി സമ്മാനിക്കും. ചടങ്ങിൽ പൃഥ്വിരാജ് സുകുമാരൻ, ഉർവശി, ബ്ളെസി, വിജയരാഘവൻ, റസൂല്‍ പൂക്കുട്ടി, വിദ്യാധരൻ മാസ്റ്റർ, ജിയോ ബേബി, ജോജു ജോർജ്, റോഷൻ മാത്യൂ, സംഗീത് പ്രതാപ് ഉൾപ്പെടെ 48 സിനിമാപ്രതിഭകൾ അവാർഡുകൾ ഏറ്റുവാങ്ങും.
പുരസ്കാര സമർപ്പണത്തിനു ശേഷം സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസ്സിയുടെ സോളിഡ് ബാൻഡ് അവതരിപ്പിക്കുന്ന സംഗീത പരിപാടിയും നടക്കും. ചടങ്ങിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, കെ. രാജൻ, വി.കെ. പ്രശാന്ത് എംഎൽഎ, മേയർ ആര്യാ രാജേന്ദ്രൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ, സാംസ്‌കാരിക വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ ഐഎഎസ്, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐഎഎസ്, ജെ.സി. ഡാനിയേല്‍ അവാർഡ് ജൂറി ചെയർമാൻ ടി.വി. ചന്ദ്രൻ, ചലച്ചിത്ര അവാർഡ് ജൂറി ചെയർമാൻ സുധീർ മിശ്ര, രചനാവിഭാഗം ജൂറി ചെയർപേഴ്സൺ ഡോ. ജാനകി ശ്രീധരൻ, സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി. അജോയ് എന്നിവർ പങ്കെടുക്കും.