
സൽമാൻ ഖാൻ എ.ആർ. മുരുഗദോസ് കൂട്ടുകെട്ടിൽ പിറന്ന ആക്ഷൻ ചിത്രം ‘സിക്കന്ദർ’ തിയേറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ല. ബോളിവുഡിന്റെ സൂപ്പർതാരവും തെന്നിന്ത്യയുടെ ഹിറ്റ് സംവിധായകനുമായുള്ള കൂട്ടുകെട്ട് വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നെങ്കിലും സിനിമയ്ക്ക് ബോക്സ് ഓഫീസിലും നിരൂപകരുടേയും പ്രേക്ഷകരുടേയും മനസ്സിലും സ്ഥാനം പിടിക്കാനായില്ല.
സിനിമയും സമീപകാല ചിത്രങ്ങളും പരാജയപ്പെട്ട സാഹചര്യത്തിൽ സൽമാൻ ഖാൻ സ്വന്തം വീടായ ഗാലക്സി അപാർട്ട്മെന്റിൽ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചിത്രങ്ങൾ തങ്ങളെ നിരാശപ്പെടുത്തിയതായി ആരാധകർ തുറന്നു പറഞ്ഞപ്പോൾ, ‘സിക്കന്ദർ’ ആരംഭം മുതൽ തന്നെ ശരിയായ വഴിയിലാണെന്ന് തനിക്ക് തോന്നിയില്ല എന്നും , വലിയ ചിത്രങ്ങൾ ഇങ്ങനെയല്ല നിർമ്മിക്കപ്പെടേണ്ടതെന്നും തനിക്കുറപ്പുണ്ടായിരുന്നെന്ന് സൽമാൻ ഖാൻ പറഞ്ഞു. ഭാവിയിൽ ആരാധകരെ സന്തോഷിപ്പിക്കുന്ന സിനിമകൾ കൊണ്ടുവരുമെന്ന് താരം ആരാധകർക്ക് ഉറപ്പ് നൽകുകയും ചെയ്തു.
‘സിക്കന്ദർ’ക്ക് ലഭിച്ച പ്രതികരണം പലതിലും തണുപ്പുള്ളതായിരുന്നു. കാലഹരണപ്പെട്ട തിരക്കഥ, മന്ദഗതിയിലുള്ള കഥാഘടന, ബോറടിപ്പിക്കുന്ന അവതരണം എന്നിവയെ ചൂണ്ടിക്കാട്ടിയാണ് വിമർശനം ഉയർന്നത്. സന്തോഷ് നാരായണൻ നൽകിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി.
മറ്റൊരു പ്രശ്നം സിനിമയുടെ വ്യാജപതിപ്പ് റിലീസ് മുമ്പുതന്നെ ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ ചോർന്നതായിരുന്നു. തമിഴ്റോക്കേഴ്സ്, തമിഴ്എംവി, ടെലഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ സബ്ടൈറ്റിലോടു കൂടിയ എച്ച്.ഡി പതിപ്പ് പ്രചരിച്ചതും ചിത്രത്തെ ബാധിച്ചു.
രശ്മിക മന്ദാന, സത്യരാജ്, ഷര്മാന് ജോഷി, പ്രതീക് ബബ്ബർ, കാജൽ അഗർവാൾ തുടങ്ങിയവരുള്‍പ്പെടുന്ന വലിയ താരനിരയായിരുന്നു ചിത്രത്തില്‍. സാജിദ് നദിയാദ്വാലയുടെ നിർമ്മാണത്തിലുണ്ടായ ഈ ചിത്രത്തില്‍ വലിയ പ്രതീക്ഷയുണ്ടായിരുന്നെങ്കിലും, ആ പ്രതീക്ഷകൾ തകർത്തുവെന്ന് ബോളിവുഡ് ഹംഗാമ റിപ്പോർട്ടുകൾ പറയുന്നു.