ലഹരിവേട്ടയിൽ വീണ്ടും സിനിമ കണ്ണികൾ: വീണ്ടും ഷൈന്‍ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും

','

' ); } ?>

ആലപ്പുഴയില്‍ രണ്ടുകോടിയുടെ ലഹരി പിടിച്ച കേസിൽ അന്വേഷണം സിനിമാമേഖലയിലേക്ക്. തായ്‌ലാന്‍ഡില്‍ നിന്നും കൊണ്ടുവന്ന ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂര്‍ സ്വദേശിനിയായ യുവതിയും സഹായിയും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ആലപ്പുഴയില്‍ ഒരു പ്രമുഖന് കൈമാറാനായി കൊണ്ടുവന്നതാണ് ഹൈബ്രിഡ് കഞ്ചാവെന്നാണ് പിടിയിലായവര്‍ പൊലീസിന് നല്‍കിയ പ്രാഥമിക മൊഴിയില്‍ പറഞ്ഞിരിക്കുന്നത്. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ കൂടുതൽ അന്വേഷണത്തിലാണ് മലയാളത്തിലെ പ്രമുഖ യുവ താരങ്ങളായ ഷൈന്‍ ടോം ചാക്കോയും, ശ്രീനാഥ് ഭാസിയും തങ്ങളില്‍ നിന്നും ലഹരി വസ്തുക്കള്‍ വാങ്ങാറുണ്ടെന്ന് സംഘം മൊഴി നല്‍കിയിരിക്കുന്നത്. അറസ്റ്റിലായ യുവതി മൊഴികള്‍ക്ക് പുറമെ ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്.

ശ്രീനാഥ് ഭാസിയും ഷൈന്‍ടോം ചാക്കോയും ലഹരി കേസില്‍ ആരോപണ വിധേയരാവുന്നത് ഇത് ആദ്യമല്ല. അഞ്ചു മാസങ്ങള്‍ക്ക് മുന്‍പ് കൊച്ചി നഗരത്തിലെ ഒരു പ്രധാന നക്ഷത്ര ഹോട്ടലില്‍ തിരുവനന്തപുരത്തെ കുപ്രസിദ്ധ ഗുണ്ടയായ ഓം പ്രകാശിന്റെ നേതൃത്വത്തില്‍ നടത്തിയ ലഹരിപാര്‍ട്ടിയില്‍ രണ്ട് സിനിമാ താരങ്ങള്‍ പങ്കെടുത്തുവെന്ന വാര്‍ത്തയുണ്ടായിരുന്നു. ഓം പ്രകാശിന്റെ റിമാന്റ് റിപ്പോര്‍ട്ടിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും, പ്രയാഗ മാര്‍ട്ടിനും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്ന വിവരമുണ്ട്. ലഹരിയുമായി ഓംപ്രകാശ് പൊലീസ് കസ്റ്റഡിയിലായതോടെ താരങ്ങൾ ഓംപ്രകാശിന്റെ മുറി സന്ദര്‍ശിച്ച സംഭവത്തില്‍ അന്വേഷണം ശക്തമാക്കി. അന്വേഷണത്തില്‍ ശ്രീനാഥ് ഭാസി എത്തിയതായി ഹോട്ടല്‍ ജീവനക്കാരുടെ മൊഴിയും സി സി ടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നു. ശ്രീനാഥ് ഭാസി ഓം പ്രകാശിനെ സന്ദര്‍ശിച്ച അതേ ദിവസം തന്നെയാണ് മുന്‍നിര നായിക നടിയായ പ്രയാഗയും ഹോട്ടലില്‍ ഇതേദിവസം എത്തിയതായി കണ്ടെത്തുന്നത്. എന്നാല്‍ പിന്നീടുണ്ടായ തെളിവെടുപ്പില്‍ സംശയത്തിന്റെ നിഴലിലായ നടനും നടിയും കുറ്റക്കാരല്ലെന്ന് പൊലീസ് തന്നെ പ്രഖ്യാപിക്കുകയായിരുന്നു. ലഹരി ഇടപാടില്‍ ഇടനിലക്കാരനായ എളമക്കര സ്വദേശിക്ക് പണം കൈമാറിയെന്നും മറ്റും കണ്ടെത്തിയതോടെ ശ്രീനാഥ് ഭാസിയിലേക്ക് അന്വേഷണം നീണ്ടുവെങ്കിലും പിന്നീട് കേസില്‍ അന്വേഷണം തുടര്‍ന്നില്ല. നടന്‍ ശ്രീനാഥ് ഭാസി നക്ഷത്ര ഹോട്ടലിലെ മുറിയില്‍ വെളുപ്പാന്‍ കാലം വിശ്രമിക്കാനെത്തിയതാണെന്നും നടി പ്രയാഗ മാർട്ടിൻ യാത്രയ്ക്കിടയില്‍ അവിടെ എത്തിയതാണെന്നുമുളള മൊഴി പൊലീസ് വി്ശ്വസിക്കുകയായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൊക്കയിന്‍ ഉപയോഗിച്ച സംഭവത്തില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയും മോഡലുകളും അറസ്റ്റു ചെയ്യപ്പെടുകയും ജയിലില്‍ അടക്കപ്പെടുകയുമൊക്കെ ചെയ്തുവെങ്കിലും പിന്നീട് കേസില്‍ നിന്നും എല്ലാവരും രക്ഷപ്പെട്ടു. ലഹരി മാഫിയയും സിനിമയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ചിലരും തമ്മില്‍ അവിശുദ്ധ ബന്ധം പിന്നെയും തുടരുന്നതായി നിരവധി കേസുകളില്‍ മൊഴികളുണ്ടായിരുന്നു. പല നടന്മാരും സംശയത്തിന്റെ നിഴലിലായെങ്കിലും അന്വേഷണം അവരിലേക്ക് എത്തിയിരുന്നില്ല. ഇതാണ് പിന്നീടും ഇത്തരം ലഹരി ഇടപാടുകൾ ആവര്‍ത്തിക്കാന്‍ കാരണമായതെന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പലതവണയായി ആരോപിച്ചത്. ചില താരങ്ങള്‍ ലൊക്കേഷനില്‍ സമയത്ത് എത്താത്തതിന്റെ പ്രധാന കാരണമായി നിര്‍മ്മാതാക്കള്‍ ആരോപിക്കുന്നത് അമിതമായ ലഹരി ഉപയോഗമാണ്. ലഹരി ഉപയോഗിക്കുന്നരെ ലൊക്കേഷനില്‍ നിന്നും ഒഴിവാക്കുമെന്നും പൊലീസിന് വിവരം കൈമാറുമെന്നുമൊക്കെയാണ് ഫെഫ്കയുടെ പ്രസ്താവന. എന്നാല്‍ ഇതുവരെ ഒരാളുടെ വിവരവും ഫെഫ്ക വെളിപ്പെടുത്തിയിട്ടില്ല. നിരവധി ലഹരിക്കടത്തുകേസുകളുടെ അന്വേഷണം അവസാനം ചെന്നെത്തുന്നത് വമ്പന്‍മാരിലേക്കാണ്. സിനിമാ താരങ്ങളിലേക്കും മറ്റു വമ്പന്മാരിലേക്കും ആരോപണം നീണ്ടതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ അധികൃതരും നിര്‍ബന്ധിതരാവുന്നത്. ലഹരിക്കടത്തിന് പിടിക്കപ്പെടുന്നവരില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പലപ്പോഴും അന്വേഷണ സംഘം തയ്യാറാവുന്നില്ലെന്നാണ് ഉയരുന്ന ആരോപണം.

സംസ്ഥാനത്താകമാനം ലഹരിക്കെതിരെ നിലപാട് കര്‍ശനമാക്കുകയും റെയിഡും മറ്റും ശക്തമാക്കുകയും ചെയ്യുമ്പോഴും സംസ്ഥാനത്ത് വന്‍തോതില്‍ ലഹരി ഒഴുകുകയാണെന്നാണ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിലായ സംഭവം നല്‍കുന്ന സൂചനകള്‍. കഴിഞ്ഞ ദിവസങ്ങളില്‍ ലഹരിവസ്തുക്കളുമായി സിനിമാ മേഖലയില്‍ നിന്നും മേക്കപ്പുമാനും ഒരു അസിസ്റ്റന്റ് ഡയറക്ടറും പിടിയിലായിരുന്നു. ഇവരെല്ലാം കണ്ണികളാണെന്നാണ് അന്വേഷണ സംഘം വെളിപ്പെടുത്തുന്നത്. സിനിമാ ലൊക്കേഷനിലേക്ക് ലഹരി വസ്തുവുമായി പോകവേയാണ് ഇവരുടെ അറസ്റ്റ്. സംസ്ഥാനത്തെ ആഢംബര ഹോട്ടലുകളിലും വിനോദ സഞ്ചാര മേഖലകളിലെ റിസോര്‍ട്ടുകളും കേന്ദ്രീകരിച്ചു ലഹരി വ്യാപാരം നടക്കുന്നുവെന്നാണ് എക്‌സ്സൈസുകാര്‍ ആവർത്തിക്കുന്നത് .