ദിലീപിന്റെ ഫോണുകള്‍ ഉടന്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. ദിലീപ് തന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് അയച്ചുവെന്ന വാദം കോടതി തള്ളി. സ്വന്തം നിലയ്ക്കുള്ള പരിശോധന അനുവദിക്കില്ലെന്ന് കോടതി പറഞ്ഞു. തിങ്കളാഴ്ച്ച രാവിലെ 10 15ന് മുന്‍പ് ഹൈക്കോടതി രജിസ്ട്രാറിന് മുന്പില് ഫോണുകള്‍ ഹാജരാക്കണമെന്ന് കോടതി പറഞ്ഞു. ചൊവ്വാഴ്ച്ച വരെ സമയം ആവശ്യപ്പെട്ടെങ്കിലും കോടതി ദിലിപീന്റെ അഭിഭാഷകന്റെ വാദം തള്ളി. ഫോണുകളുടെ എണ്ണത്തിന്റെ കാര്യത്തിലും വാദപ്രതിവാദങ്ങള്‍ നടന്നു. ഫോണുകള്‍ നാലെണ്ണം ഉണ്ടെന്ന് പ്രോസിക്യൂഷന് വാദിച്ചപ്പോള്‍ മൂന്നെണ്ണമേ ഉള്ളൂവെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു.
ബാലചന്ദ്രകുമാറിന്റെ സന്ദേശങ്ങള്‍ വീണ്ടെടുക്കാനെന്നാണ് വിശദീകരണം. തന്റെ സ്വകാര്യത സംരക്ഷിക്കേണ്ടതിനാല്‍ ഫോണ്‍ കൈമാറാന്‍ സാധിക്കില്ലെന്ന് കോടതിയെ അറിയിച്ചു. അതേസമയം കേസിനാവശ്യമായ വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന വിവരം കോടതിയെ അറിയിച്ചു. ജനുവരി മാസം ആദ്യമാണ് ദിലീപ് തന്റെ ഫോണുകള്‍ ഹൈദരാബാദിലെ ലാബിലേക്ക് ഫോറന്‍സിക് പരിശോധനക്കായി സ്വന്തം നിലക്ക് അയച്ചിരിക്കുന്നത്. തന്റെ സ്വകാര്യത സംരക്ഷിക്കപ്പെടണം. സ്വകാര്യതയുമായി ബന്ധപ്പെട്ട് തന്റെ ഫോണില്‍ ഒട്ടനവധി കാര്യങ്ങളുണ്ട്. അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന് കോടതിയിലടക്കം ഇന്നലെ വാദിച്ചിരുന്നു. അതേസമയം സ്വകാര്യത സംരക്ഷിച്ചുകൊണ്ട് അന്വേഷണത്തിന് ആവശ്യമായ വിവരങ്ങള്‍ കൊടുക്കുന്നതിന് തടസമില്ല എന്ന് ദിലീപ് കോടതിയെ അറിയിച്ചു. ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പ്രധാന പ്രോസിക്യൂഷന് ആരോപണം. പോലീസ് മാധ്യമ വേട്ടയാടലാണ് നടക്കുന്നതെന്ന് ദിലീപിന്റെ അഭിഭാഷകന് വാദിച്ചു. കോടതി ദയ കാണിക്കണമെന്ന് അഭിഭാഷകന് പറഞ്ഞപ്പോള്‍ ദയയുടെ വിഷയമല്ല ഇതെന്നാണ് കോടതി വ്യക്തമാക്കിയത്. ഫോണ്‍ ഇന്ന് തന്നെ കൈമാറുന്നതാണ് ഉചിതമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഫോണ്‍ എവിടെയാണ് പരിശോധനക്ക് അയച്ചിട്ടുള്ളതെന്ന് ഇന്നലെ കോടതി ദിലീപിനോട് ചോദിച്ചിരുന്നു. ഇ മെയില്‍ വിലാസങ്ങളും വിവരങ്ങളും നല്‍കാമെന്നാണ് കോടതിയില്‍ പറഞ്ഞത്. ബാലചന്ദ്രകുമാറുമായി ബന്ധപ്പെട്ട മുഴുവന്‍ ആശയവിനിമയവും വീണ്ടെടുക്കുന്നതിനായാണ് പരിശോധനക്ക് അയച്ചത്. കൂടാതെ അന്വേഷണസംഘത്തില്‍ തനിക്ക് വിശ്വാസമില്ല. അന്വേഷണസംഘം തെളിവുകള്‍ കൃത്രിമമായി കെട്ടിച്ചമയ്ക്കുമോ എന്ന സംശയം തനിക്കുണ്ട് എന്നാണ് ദിലീപ് കോടതിയില്‍ വ്യക്തമാക്കിയിരുന്നത്.