അസ്ഗര്‍ ഫര്‍ഹാദിയുടെ ‘എവരിബഡി നോസ്’ എന്ന സ്പാനിഷ് ചിത്രം കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഉദ്ഘാടന ചിത്രമാകും. 2009 ല്‍ സുവര്‍ണ ചകോരത്തിന് അര്‍ഹമായ ‘എബൗട്ട് എല്ലി’യിലൂടെ മലയാളിയ്ക്ക് പ്രിയങ്കരനായി മാറിയ ഇറാനിയന്‍ സംവിധായകന് കൂടിയാണ് അസ്ഗര്‍ ഫര്‍ഹാദി. കാന്‍ മേളയുടെ ഉദ്ഘാടന ചിത്രമായിരുന്ന എവരിബഡി നോസിന്റെ ആദ്യ ഇന്ത്യന്‍ പ്രദര്‍ശനത്തിനാകും മേള വേദിയാകുക.
അസ്ഗര്‍ ഫര്‍ഹാദി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും തയാറാക്കിയിരിക്കുന്നത്. മുന്‍ മേളകളില്‍ പ്രദര്‍ശിപ്പിച്ച അദ്ദേഹത്തിന്റെ ‘എ സെപ്പറേഷന്‍’, ‘ദ സെയില്സ്മാന്’ എന്നീ ചിത്രങ്ങള്‍ പിന്നീട് മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്കാര്‍ പുരസ്കാരത്തിന് അര്‍ഹമായിരുന്നു.ജോസ് ലൂയിസ് അല്‍കെയ്ന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ പെനിലപ്പ് ക്രൂസ്, ഹാവിയര്‍ ബര്‍ദേം, റിക്കാര്‍ഡോ ഡാരിന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഒരു അമ്മയും മക്കളും നടത്തുന്ന യാത്രയും അതിനിടെ വന്നു ചേരുന്ന അവിചാരിത സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.