കൊച്ചി: ടൊവിനോയും പിയ ബാജ്പേയും ഒന്നിച്ച പ്രണയകഥ നീസ്ട്രിമില്‍ പ്രദര്‍ശനം ആരംഭിച്ചു. ടൊവിനോ തോമസിന്റെ ആദ്യ തമിഴ്സിനിമ ‘അഭിയുടെ കഥ അനുവിന്റേയും,’ തമിഴ് (അഭിയും അനുവും), മലയാളം ഭാഷകളിലാണ് പ്രദര്‍ശനം ആരംഭിച്ചത്.ഏഷ്യയിലെ ആദ്യത്തെ വനിതാ സിനിമാറ്റോഗ്രഫറായ ബി.ആര് വിജയലക്ഷ്മിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മലയാളത്തിലും തമിഴിലുമായി അന്‍പതിലധികം സിനിമകള്‍ക്കാണ് വിജയലക്ഷ്മി ക്യാമറ ചലിപ്പിച്ചത്.
ഒരേസമയം മലയാളത്തിലും തമിഴിലുമാണ് ചിത്രം തിയേറ്ററുകളില്‍ എത്തിത്. ആദ്യ പകുതി മുഴുവന്‍ അഭിയുടേയും അനുവിന്റേയും പ്രണയം പറയുന്ന ചിത്രം,അതിന്റെ രണ്ടാം പകുതിയിലേക്ക് എത്തുമ്പോള്‍ അബോര്‍ഷനെതിരെ ശക്തമായി സംസരിക്കുകയും ചെയ്യുന്നു. പിയ ബാജ്പേയ്ക്ക് വളരെ അഭിനയ പ്രധാന്യമുള്ള വേഷം തന്നെയാണ് അനു.യഥാര്‍ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
യൂഡില്‍ ഫിലിംസിന്റെ ബാനറില്‍ വിക്രം മെഹ്റയും ബി. ആര്. വിജയലക്ഷ്മിയുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പ്രഭു, രോഹിണി, സുഹാസിനി മണിരത്നം, എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അഖിലന്റെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ബി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് ധരണ്‍ ആണ് സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച ഛായാഗ്രാകരില് ഒരാളായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍.
മിന്നല്‍ മുരളിയുടെ ചിത്രീകരണത്തിലാണ് ടൊവിനോ തോമസ്. ചിത്രീകരണം ഇന്ന് തടസ്സപ്പെട്ടിരുന്നു ഡി കാറ്റഗറിയില്‍ ഉള്‍പ്പെട്ട സ്ഥലത്ത് ചിത്രീകരിച്ചതിനാണ് നടപടി. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ചിത്രീകരണം നിര്‍ത്തിവെച്ചത്. തൊടുപുഴ കുമാരമംഗലം പഞ്ചായത്തിലാണ് സിനിമ ഷൂട്ടിങ്ങിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. എന്നാല്‍ ഷൂട്ടിങ്ങിന് കലക്ടറുടെ അനുമതി ഉണ്ടെന്ന് സിനിമാക്കാര് പറയുന്നു. പ്രദേശത്ത് സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് തൊടുപുഴ പൊലീസ് എത്തി ഷൂട്ടിങ് നിര്ത്തെവപ്പിച്ചു.