നീണ്ട വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സേതുരാമയ്യര്‍ വീണ്ടും എത്തുകയാണ് . സംവിധായകന് കെ. മധുവാണ് സിബിഐയുടെ അഞ്ചാംഭാഗവും ഒരുക്കുന്നത്. എസ്.എന്‍. സ്വാമിയുടേത് തന്നെയാണ് തിരക്കഥ. മുകേഷിനും മമ്മൂട്ടിയ്ക്കും പുറമെ അഞ്ചാം സിബിഐ ചിത്രത്തില്‍ ആശ ശരത്ത്, സൗബിന് ഷാഹിര്‍, രണ്‍ജി പണിക്കര്‍, സായ് കുമാര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തും.
കഴിഞ്ഞ നാല് ഭാഗങ്ങളിലും എങ്ങനെയായിരുന്നോ അങ്ങനെ തന്നെയായിരിയ്ക്കും പുതിയ ചിത്രത്തിലും സേതുരാമയ്യരെ അവതരിപ്പിക്കുന്നതെന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു .
നാല് വര്‍ഷം മുന്‍പാണ് സിബിഐ സിരീസില്‍ അഞ്ചാമതൊരു ചിത്രത്തിന്റെ ആലോചനയെക്കുറിച്ച് സംവിധായകന് കെ മധു ആദ്യമായി സൂചന തരുന്നത്. പിന്നീട് പലപ്പോഴായി അദ്ദേഹവും ചിത്രത്തിന്റെ തിരക്കഥാകൃത്തായ എസ് എന്‍ സ്വാമിയും ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു. ഇപ്പോഴിതാ ചിത്രീകരണഘട്ടത്തോട് അടുത്തിരിക്കുകയാണ് പുതിയ ചിത്രമെന്നാണ് അറിയുന്നത്.
പ്രശസ്ത നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സൂപ്പര്‍ ഹിറ്റുകള്‍ നിര്‍മ്മിച്ച സ്വര്‍ഗ്ഗചിത്ര അപ്പച്ചന് പതിന്നാല് വര്‍ഷത്തിന് ശേഷമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ചാം പതിപ്പിനും തിരക്കഥാകൃത്ത് എസ് എന്‍ സ്വാമി തന്നെയാണ് തിരക്കഥയൊരുക്കിയിട്ടുള്ളത്. ഒരു സി ബി ഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യര്‍ സി ബി ഐ, നേരറിയാന്‍ സി ബി ഐ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷമാണ് സംവിധായകന് കെ മധു അഞ്ചാം പതിപ്പ് സംവിധാനം ചെയ്യുന്നത്. കോവിഡ് പ്രതിസന്ധികള്‍ മാറിയാല്‍ ചിങ്ങം ഒന്നിന് ചിത്രീകരണം എറണാകുളത്ത് ആരംഭിക്കുമെന്നാണ് സൂചന.
ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി വരുകയാണെന്ന് സംവിധായകന് കെ മധു പറഞ്ഞു. നിലവിലെ പ്രതിസന്ധി നീങ്ങിയാല്‍ ചിത്രത്തിന് തുടക്കമാകുമെന്നും സംവിധായകന് പറഞ്ഞു. എറണാകുളം,തിരുവനന്തപുരം,ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവിടങ്ങളിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.