രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന ആദിപുരുഷില്‍ നിന്ന് ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ മാറ്റണമെന്നാവശ്യപ്പെട്ട് സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം.രാവണ കഥാപാത്രമായാണ് സെയ്ഫ് അലി ഖാന്‍ ചിത്രത്തിലെത്തുന്നത്. താന്‍ അവതരിപ്പിക്കുന്ന രാവണനോട് ചിത്രത്തിനുള്ള സമീപനത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം പറഞ്ഞതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.
ഒരു അസുര രാജാവിനെ അവതരിപ്പിക്കുക എന്നത് വളരെ കൗതുകമുള്ള സംഗതിയാണ്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് അധികം വിലയിരുത്തലുകള്‍ ഉണ്ടായിട്ടില്ല. അദ്ദേഹത്തെ മാനുഷികമായ കണ്ണിലൂടെ അവതരിപ്പിക്കാനാണ് ഞങ്ങളുടെ ശ്രമം. സീതാപഹരണത്തെയും രാമനുമായുള്ള യുദ്ധത്തെയുമൊക്കെ മറ്റൊരു കാഴ്ചപ്പാടിലൂടെ ചിത്രത്തില്‍ അവതരിപ്പിക്കും. രാവണനെ മാനുഷികമായ കണ്ണോടെ സമീപിക്കുന്ന ചിത്രമാവും ആദിപുരുഷ് എന്നും താരം പറഞ്ഞു.#WakeUpOmraut , #BoycottAdipurush എന്ന ഹാഷ്ടാഗുകളോടെയാണ് താരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.
പ്രഭാസും സെയ്ഫ് അലി ഖാനും ഒന്നിക്കുന്ന ചിത്രമാണ് ‘ആദിപുരുഷ്.പ്രഭാസാണ് ചിത്രത്തില്‍ രാമനെ അവതിരിപ്പിക്കുന്നത്. ഓം റാവത്താണ് ആദിപുരുഷിന്റെ സംവിധായകന്‍. ഭൂഷന്‍ കുമാര്‍, കൃഷ്ണന്‍ കുമാര്‍, രാജേഷ് നായര്‍, ഓം റാവത്, പ്രസാദ് സുതര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.3ഡി ആക്ഷന്‍ ഡ്രാമയായ ചിത്രം നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തെയാണ് ചിത്രീകരിക്കുന്നത്. ഹിന്ദി-തെലുങ്കു ഭാഷകളിലാണ് ആദിപുരുഷ് ചിത്രീകരിക്കുന്നത്. കൂടാതെ തമിഴ്, മലയാളം, കന്നട എന്നീ ഭാഷകളിലേക്ക് ചിത്രം ഡബ്ബ് ചെയ്യുന്നുണ്ട്