ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ച കലാഭവന്‍ മണിയുടെ അനിയനും പ്രസിദ്ധ നൃത്തകലാകാരനുമായ ആര്‍.എല്‍.വി രാമകൃഷ്ണനാണ് ദുരനുഭവം നേരിട്ടത്. തനിക്ക് അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടുമെന്ന് സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായി ചെയര്‍ പേഴ്‌സണ്‍ തന്നെ അറിയിച്ചെന്ന് രാമകൃഷ്ണന്‍ വ്യക്തമാക്കി. ‘കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ’. എന്ന് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പറഞ്ഞെന്ന് രാമകൃഷ്ണന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതോടെ നിരവധി പേര്‍ രാമകൃഷ്ണന് പിന്തുണയുമായെത്തി. രാമകൃഷ്ണന്റെ പോസ്റ്റുകള്‍ താഴെ വായിക്കാം..
ശരിക്കും ഇന്നലെ ഉറക്കമില്ലാത്ത രാത്രിയായിരുന്നു. സംഗീത നാടക അക്കാദമി സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞ വാക്കുകള്‍ എന്റെ ഹൃദയത്തെ വല്ലാതെ പിടിച്ചുലച്ചു. കേവലമായ ഒരു ഓണ്‍ലൈന്‍ നൃത്ത പരിപാടിക്കായി അപേക്ഷ സമര്‍പ്പിച്ച എനിക്ക് കേള്‍ക്കേണ്ടി വന്ന വാക്കുകള്‍ കര്‍ണ്ണ ഭേദമായിരുന്നു. ആ വാക്കുകള്‍ ഇങ്ങനെ ‘കേരള സംഗീത നാടക അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷങ്ങളായി മികച്ചതാണ്. രാമകൃഷ്ണന് നൃത്തം അവതരിപ്പിക്കാന്‍ അവസരം തരികയാണെങ്കില്‍ ധാരാളം വിമര്‍ശനങ്ങള്‍ ഉണ്ടാകും. ഞങ്ങള്‍ അന്തി വരെ വെള്ളം കോരിയിട്ട് അവസാനം കുടം ഉടയ്ക്കണ്ടല്ലോ. എനിക്ക് അവസരം തരികയാണെങ്കില്‍ സംഗീത നാടക അക്കാദമിയുടെ ഇമേജ് നഷ്ടപ്പെടും എന്നുള്ളതായിരുന്നു സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍ പറഞ്ഞതായി ചെയര്‍ പേഴ്‌സണ്‍ എന്നെ അറിയിച്ചത്. ‘ഈ ഒരു കാര്യം എന്നിലെ കലാകാരനെ ഏറെ വേദനിപ്പിച്ചു. 35 വര്‍ഷത്തിലധികമായി ഞാന്‍ ചിലങ്ക കെട്ടാന്‍ തുടങ്ങിയിട്ട്. കൂലിപണിക്കാരായ അച്ഛനും അമ്മയ്ക്കും ഒരു ചിലങ്ക വാങ്ങിത്തരാന്‍ കഴിവില്ലാത്തതിനാല്‍ മറ്റുള്ളവരുടെ ചിലങ്ക കടം വാങ്ങിയാണ് ആദ്യ കാലങ്ങളില്‍ ഞാന്‍ ചിലങ്ക കെട്ടിയത്. പിന്നെ കൂലിപണിയെടുത്ത് ഒരു ചിലങ്ക വാങ്ങിയതു മുതല്‍ കഷ്ട്ടപ്പെട്ട് നൃത്തത്തില്‍ ഉന്നത ബിരുദങ്ങള്‍ നേടിയതും ഡോക്ടറേറ്റ് നേടിയതും ഈ കലയില്‍ ഉറച്ചുനില്‍ക്കണമെന്ന നിശ്ചയദാര്‍ഢ്യം ഉള്ളതു കൊണ്ടാണ്. എന്റെ ചിലങ്കകള്‍ എന്റെ ഹൃദയ താളം കൂടിയാണ്. അതുകൊണ്ട് തന്നെ ആ ഹൃദയം താളം നിലച്ചാലെ എന്റെ ചിലങ്കകളുടെ ശബ്ദം ഇല്ലാതാവുകയുള്ളൂ. സംഗീത നാടക അക്കാദമിയുടെ വേദി മാത്രമല്ല മോഹിനിയാട്ടം അവതരിപ്പിക്കാന്‍ പറ്റുന്നത് എന്ന ഉറച്ച ബോധ്യം എനിക്കുണ്ട്. എന്നാല്‍ ആ വേദി ഏത് സാധാരണക്കാരനും വേണ്ടിയുള്ളതാവണം. അത് സര്‍ക്കാരിന്റെ വേദിയാണ്. ഇതു പോലുള്ള ഫ്യൂഡല്‍ വ്യവസ്ഥിതി നെഞ്ചിലേറ്റി നടക്കുന്ന തമ്പുരാക്കന്‍ ന്മാര്‍ക്ക് അടക്കിവാഴാനുള്ളതല്ല ആ വേദി. ഇവരെ പോലുള്ളവരുടെ പ്രവൃത്തികളില്‍ നാണക്കേടുണ്ടാക്കുന്നത് സര്‍ക്കാറിനാണ്. സര്‍ക്കാര്‍ എല്ലാം വിശ്വസിച്ചാണ് ഇവര്‍ക്ക് സ്ഥാനമാനങ്ങള്‍ നല്‍കുന്നത്. ഇവരുടെ ബോധമില്ലായ്മയ്ക്ക് ഉത്തരവാദികളാകുന്നത് സര്‍ക്കാര്‍ കൂടിയാണ്. വരുന്ന ഭരണത്തിലെങ്കിലും സംഗീതം നൃത്തം, നാടകം തുടങ്ങിയ കലകള്‍ വേദികളില്‍ അവതരിപ്പിച്ച് , കലാകാരന്മാരുടെ ഹൃദയ വേദന മനസ്സിലാക്കുന്നവരെയാക്കണം സംഗീത നാടക അക്കാദമിയുടെ സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിക്കേണ്ടത്. ഇത് എഴുതുമ്പോള്‍ വള്ളത്തോള്‍ 1940 ല്‍ ഷൊര്‍ണ്ണൂരില്‍ പ്രസംഗിച്ച വരികള്‍ മാതൃഭൂമി പത്രത്തില്‍ വന്നത് സൂക്ഷിച് വച്ചിട്ടുണ്ട്. അത് ഇപ്രകാരമാണ്. ‘നൃത്തം എന്നു പറയുമ്പോള്‍ നൃത്തം ചെയ്യുന്ന സ്ത്രീയുടെ ശരീരത്തിലേക്കല്ല നോട്ടമെത്തേണ്ടത് മറിച്ച് അവര്‍ ചെയ്യുന്ന അമൂല്യമായ ആ കലാരൂപത്തിലേക്കായിരിക്കണം” ഈ മഹത് വചനം ഇത്തരം സ്ഥാപനത്തിന്റെ തലപ്പത്ത് ഇരിക്കുന്നവര്‍ ശ്രദ്ധിച്ചാല്‍ നന്നായിരിക്കും.