പ്രളയബാധിതരെ സഹായിക്കാന്‍ ധനസമാഹരണത്തിന് താര സംഘടന അമ്മ സംഘടിപ്പിക്കുന്ന സ്റ്റേജ് ഷോ സംബന്ധിച്ച് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ഉണ്ടായിരുന്ന തര്‍ക്കം ഒത്തുതീര്‍ന്നു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന്റെ സാന്നിദ്ധ്യത്തില്‍ നടന്ന ചര്‍ച്ചയിലാണ് ധാരണ.
നിര്‍മ്മാതാക്കളുടെ സംഘടനയും അമ്മ ഭാരവാഹികളും കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയിലാണ് ഒത്തുതീര്‍പ്പിലെത്തിയത്. ഇതു സംബന്ധിച്ചുള്ള കരാറില്‍ ഇരു സംഘടനകളും ഒപ്പുവച്ചു. ഡിസംബര്‍ ഏഴിന് അബുദാബിയിലാണ് താരനിശ സംഘടിപ്പിച്ചിരിക്കുന്നത്.
ഷോയ്ക്കും പ്രാക്റ്റീസിനും താരങ്ങളെ ഷൂട്ടിംഗ് തടസ്സപ്പെടുത്തി വിട്ടു നല്‍കുന്നതിന് നേരത്തേ നിര്‍മ്മാതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തങ്ങളോട് ആലോചിക്കാതെയാണ് ഡേറ്റ് തീരുമാനിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് അനുരഞ്ജനമായത്. 2019 മാര്‍ച്ച് അവസാനം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് വേണ്ടി മലയാള സിനിമയിലെ എല്ലാ സംഘടനകളും ചേര്‍ന്ന് കേരളത്തില്‍ താരനിശ നടത്തുന്നതിനും ധാരണയായിട്ടുണ്ട്.