ലോകത്താകമാനം ഭീതി പടര്‍ത്തിയിരിക്കുന്ന കൊറോണ (കോവിഡ് 19) വൈറസ് ഭീതി കേരളത്തിലുമെത്തിയതോടെ റിലീസിടോടുത്തിരിക്കുന്ന നിരവധി ചിത്രങ്ങളും പ്രതിസന്ധിയിലായിരിക്കുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഗവണ്മെന്റ് നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചതോടൊപ്പം തിയറ്റുകളുള്ക്കും കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. വൈറസ് ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കേരളത്തിലും മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായിരിക്കുകയാണ്.
തിയറ്ററുകള്‍ പ്രദര്‍ശനം നിര്‍ത്തിയതോടെ ബ്രഹ്മാണ്ഡ ചിത്രമായ ‘ജെയിംസ് ബോണ്ട്’ മുതല്‍ ‘മരക്കാര്‍’ വരെയുള്ള ചിത്രങ്ങളുടെ റിലീസ് ആണ് കൊറോണയ്ക്ക് മുമ്പില്‍ ചോദ്യ ചിഹ്നമായി നില്‍ക്കുന്നത്. ജെയിംസ് ബോണ്ട് സീരീസിലെ ‘നോ ടൈം റ്റു ഡൈ’ ആണ് ഏപ്രിലിലെ റിലീസ് നവംബറിലേക്ക് മാറ്റിയിരിക്കുന്ന ബ്രഹ്മാണ്ഡചിത്രങ്ങളിലൊന്ന്. ലോകമാകമാനം ആരാധകരുള്ള ‘ജെയിംസ് ബോണ്ട്’ സീരിസിലെ ഈ ചിത്രത്തിനു വേണ്ടി ആരാധകരും ഏറെ നാളായി പ്രതീക്ഷയോടെ കാത്തിരിപ്പിലാണ്.
മാര്‍ച്ച് 26 നാണ് പ്രിയദര്ശന്- മോഹന്‍ലാല്‍ കൂട്ടുക്കെട്ടിന്റെ ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ മാര്‍ച്ച് 31 വരെ തിയേറ്ററുകള്‍ അടച്ചിടാന്‍ സര്‍ക്കാര്‍ നിര്‍ദേശം വന്ന സാഹചര്യത്തില്‍ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കാന്‍ അണിയറപ്രവര്‍ത്തകരും നിര്‍ബന്ധിതരാവുകയാണ്.
ടൊവിനാ ചിത്രം ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’ റിലീസ് പിന്‍വലിച്ച കാര്യം ഇന്നലെ തന്നെ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വി കെ പ്രകാശിന്റെ മകള്‍ കാവ്യ സംവിധായികയാവുന്ന ‘വാങ്ക്’ എന്ന ചിത്രത്തിന്റെ റിലീസും നിലവിലെ സാഹചര്യത്തില്‍ ആശങ്കയിലാണ്. കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ ‘കപ്പേള’ എന്ന ചിത്രം കൊറോണയെ തുടര്‍ന്ന് തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചതായി അണിയറപ്രവര്‍ത്തകര്‍ പറയുന്നു.