പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്ശന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹൃദയം. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു ലൊക്കേഷന്‍ ചിത്രം വിനീത് ശ്രീനിവാസന് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിരിക്കുകയാണ്. ചിത്രത്തോടൊപ്പം വിനീത് അതിന് നല്കിയ ക്യാപ്ഷനും ശ്രദ്ധനേടുകയാണ്. ഈ ചിത്രം പ്രണവിനെ അന്വേഷിക്കുന്നവര്ക്കായുള്ളതാണ്. പറ്റുമെങ്കില്‍ കണ്ടുപിടിക്കുക എന്നാണ് ചിത്രത്തിന് വിനീത് നല്കിയ ക്യാപ്ഷന്‍. പോസ്റ്റിന് താഴെ നിരവധിപ്പേരാണ് മറുപടികളുമായെത്തിയത്.
ആദി, ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്നീ സിനിമകള്‍ക്ക് ശേഷം പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രമാണ് ഹൃദയം. ദര്‍ശന രാജേന്ദ്രനും ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തില്‍ അവതരിപ്പിക്കുന്നു. സിനിമയുടെ തിരക്കഥയും വിനീത് ശ്രീനിവാസനാണ് ഒരുക്കുന്നത്. 2020ല്‍ ഓണം റിലീസായാണ് ചിത്രം പുറത്തിറങ്ങാനിരിക്കുന്നത്. മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം ആണ് ചിത്രം നിര്‍മ്മിക്കുന്നത്.