നടിയെ ആക്രമിച്ച കേസില്‍ പ്രതികളെയും വാഹനവും മുഖ്യസാക്ഷിയായ നടി തിരിച്ചറിഞ്ഞു. തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച എസ്.യു.വി. വെള്ളിയാഴ്ച കോടതി പരിസരത്തുവെച്ചാണ് നടി തിരിച്ചറിഞ്ഞത്. പ്രതികള്‍ ക്യാമറയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ നടിയുടെ സാന്നിധ്യത്തില്‍ ഇന്നലെ പരിശോധിച്ചില്ല.
നടന്‍ ദിലീപ്, മുഖ്യപ്രതി പള്‍സര്‍ സുനി എന്നിവരുള്‍പ്പെടെ എല്ലാ പ്രതികളും കോടതിയില്‍ ഹാജരായിരുന്നു. ആക്രമിക്കപ്പെട്ട നടിയുടെ വിചാരണ ഇന്നലെയും തുടര്‍ന്നു. ഇരയുടെ സ്വകാര്യത സൂക്ഷിക്കാന്‍ അടച്ചിട്ട കോടതിമുറിയിലാണ് നടിയെ വനിതാ ജഡ്ജി ഹണി എം. വര്‍ഗീസ് സാക്ഷിവിസ്താരം നടത്തിയത്. ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന രണ്ട് അഭിഭാഷകരെ കുറ്റപത്രത്തില്‍നിന്നു പിന്നീട് ഒഴിവാക്കി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എ. സുരേശന്‍ ഹാജരായി. പ്രതിഭാഗത്തിനുവേണ്ടി 26 അഭിഭാഷകര്‍ ഹാജരായി.
136 സാക്ഷികള്‍ക്ക് ഏപ്രില്‍ ഏഴുവരെയാണ് ആദ്യഘട്ട വിചാരണയ്ക്കായി സമന്‍സ് അയച്ചിരിക്കുന്നത്. മാര്‍ട്ടിന്‍ ആന്റണി, പ്രദീപ്, സനല്‍കുമാര്‍, മണികണ്ഠന്‍, വിജീഷ്, സലീം, ചാര്‍ലി തോമസ്, വിഷ്ണു എന്നിവരാണു വിചാരണ നേരിടുന്ന പ്രതികള്‍. തിങ്കളാഴ്ചയും വിചാരണ നടപടികള്‍ തുടരും.