ഭൂമിയിലെ മനോഹര സ്വകാര്യം-ലൊക്കേഷന്‍ വീഡിയോ

','

' ); } ?>

ഓര്‍മ്മയില്‍ ഒരു ശിശിരം എന്ന ചിത്രത്തിന് ശേഷം ദീപക് പറമ്പോല്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഭൂമിയിലെ മനോഹര സ്വകാര്യം. ഷൈജു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രത്തിന് നാടകരംഗത്തെ പ്രതിഭാധനനായ എ. ശാന്തകുമാറാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. നാടകകൃത്ത്, സംവിധായകന്‍ എന്നീ
നിലകളിലായി സ്വന്തമായി വ്യക്തിമുദ്ര പതിപ്പിച്ച എ. ശാന്തകുമാറിന്റെ സിനിമാ മേഖലയിലേക്കുള്ള ആദ്യ ചിത്രം കൂടിയാണിത്.

പ്രണയമാണ് ചിത്രത്തിന്റെ കാതലായ പ്രമേയം. എന്നാല്‍ ഇതുവരെ ശ്രദ്ധിക്കപ്പെടാതെ പോയ പല സാമൂഹ്യ വിഷയങ്ങളില്‍ കൂടിയും ചിത്രം കടന്നു പോകുന്നുണ്ട്. തികച്ചും ഗ്രാമീണ പശ്ചാത്തലത്തിലാണ് ഭൂമിയിലെ മനോഹര സ്വകാര്യം ഒരുക്കിയിരിക്കുന്നത്. സുപരിചിതമാണങ്കിലും സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോയ ഒരു കാര്യമാണ് ഈ സിനിമയുടെ സ്വകാര്യവും.

പ്രയാഗാ മാര്‍ട്ടിനാണ് ചിത്രത്തിലെ പ്രധാന നായിക. ഇതുവരെ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി പ്രയാഗ ചിത്രത്തിലൂടെ അതിശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുണ്ട്. സുധീഷ്, ഇന്ദ്രന്‍സ്, ലാല്‍, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, ഷൈന്‍ ടോം ചാക്കോ, മാനവ്, ഗൗരവ് മേനോന്‍ അരവിന്ദ്, നിഷാ സാരംഗ്, യാമി സോന എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷങ്ങളുമായെത്തുന്നുണ്ട്. ഗാനങ്ങള്‍ക്ക് വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്ത്, എ ശാന്തകുമാര്‍ എന്നിവര്‍ വരികള്‍ നല്‍കുന്നു. സംഗീതം സച്ചിന്‍ ബാലുവും ആന്റണി മൈക്കിള്‍ ഛായാഗ്രഹണവും വി.സാജന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ബയോസ്‌കോപ്പ് ബാനറില്‍ രാജീവ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി പകുതിയോടെ ചിത്രം പ്രദര്‍ശനത്തിനെത്തും.