
24ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് നാളെ തിരുവനന്തപുരത്ത് തിരിതെളിയും. നാളെ വൈകീട്ട് ആറുമണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്യും. നടി ശാരദയാണ് വിശിഷ്ടാതിഥി.തുടര്‍ന്ന് ഉദ്ഘാടന ചിത്രമായ പാസ്സ്ഡ് ബൈ സെന്‍സര്‍ പ്രദര്‍ശിപ്പിക്കും.
മൂന്നാം ലോക രാജ്യങ്ങളിലെ സിനിമകള്‍ക്ക് പ്രാധാന്യം നല്‍കുന്ന മേളയില്‍ അധിനിവേശത്തിനെതിരെ സിനിമ സമരായുധമാക്കിയ സോളാനസിന്റെ ഡോക്യുമെന്ററി ഉള്‍പ്പടെ അഞ്ച് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഈജിപ്ഷ്യന്‍ സംവിധായകന്‍ ഖൈറി ബെഷാറ, ഇറാനിയന്‍ നടി ഫാത്തിമ മൊദമ്മദ് ആര്യ, കസാഖ് സംവിധായകന്‍ അമീര്‍ കരാക്കുലോവ്, സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് മേനോന്‍, മറാത്തി സംവിധായകന്‍ നാഗരാജ് മഞ്ജുളെ എന്നിവരാണ് അന്താരാഷ്ട്ര മല്‍സര വിഭാഗത്തിലെ ജൂറി അംഗങ്ങള്‍.
എട്ടു ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ 15 വിഭാഗങ്ങളിലായി 73 രാജ്യങ്ങളില്‍നിന്നുള്ള 186 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. രണ്ടു മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ 14 ചിത്രങ്ങളാണ് അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ‘കണ്‍ട്രി ഫോക്കസ്’ വിഭാഗത്തില്‍ സമകാലിക ചൈനീസ് ജീവിതത്തിന്റെ നേര്‍ക്കാഴ്ച്ചയുമായി നാല് ചൈനീസ് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ‘കാലിഡോസ്‌കോപ്പ്’ വിഭാഗത്തില്‍ മൂത്തോന്‍, കാന്തന്‍ എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെടെ അഞ്ചു സിനിമകളാണുള്ളത്. ‘എക്‌സ്പിരിമെന്റാ ഇന്ത്യ’ എന്ന വിഭാഗത്തില്‍ 10 പരീക്ഷണ ചിത്രങ്ങളാണുള്ളത്. വിഭജനാനന്തര യുഗോസ്‌ളാവിയന്‍ ചിത്രങ്ങളുടെ പാക്കേജാണ് മേളയുടെ മറ്റൊരു ആകര്‍ഷണം.