മലയാള ഹ്രസ്വ ചിത്രത്തിന് യൂട്യൂബില്‍ 20 മില്ല്യണ്‍ കാഴ്ച്ചക്കാര്‍… അഭിമാനമായി റാന്തല്‍..!

','

' ); } ?>

ഒരു വര്‍ഷം മുന്‍പ് മലയാളത്തില്‍ നിര്‍മ്മിച്ച് യൂട്യൂബില്‍ റിലീസ് ചെയ്ത റാന്തല്‍ എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. സുജിത് ഗോവിന്ദന്‍ സംവിധാനം ചെയ്ത് കൃഷ്ണന്‍ ബാലകൃഷ്ണന്‍, സാധിക വേണുഗോപാല്‍, ബാലാജി ശര്‍മ്മ എന്നിവര്‍ അഭിനയിച്ച ചിത്രം ഇരുപത് മില്ല്യണോളം പ്രേക്ഷകരാണ് യൂട്യൂബില്‍ കണ്ടിരിക്കുന്നത്.

അടിയന്തരാവസ്ഥക്കാലത്തെ അടിസ്ഥാനവര്‍ഗ്ഗ ചൂഷണത്തിന് പ്രമേയമാക്കിയുള്ള 13 മിനിറ്റോളം ദൈര്‍ഘ്യമുള്ള ചിത്രമാണ് റാന്തല്‍. ചിത്രം ഇക്കാലയളവിനുള്ളില്‍ മികച്ച നേട്ടം കൈവരിച്ചതിനെപ്പറ്റി ചോദിച്ചപ്പോള്‍ സംവിധായകന് പറയാനുള്ളത് ഇങ്ങനെ. ‘സാധാരണ സെന്‍സേഷണല്‍ വീഡിയോകള്‍ നിരവധി വ്യൂസ് നേടാറുണ്ട്. ഈ ചിത്രം അടിയന്തരാവസ്ഥക്കാലത്തെ താഴേക്കിടയിലെ മനുഷ്യര്‍ അനുഭവിച്ച അടിച്ചമര്‍ത്തലിനെ കുറിച്ചാണ്. പ്രമേയത്തിന് ചേരുന്ന വിധമുള്ള വീട് കണ്ടെത്തി അതില്‍ പിന്നെയും മാറ്റങ്ങള്‍ വരുത്തിയായിരുന്നു ഷൂട്ട്. രണ്ടു മുറികളുള്ള ആ പഴയ വീട് തേങ്ങാപ്പുരയായി ഉപയോഗിച്ച് വരികയായിരുന്നു. ഞങ്ങള്‍ അത് ഒറ്റ മുറിയാക്കി അല്‍പ്പം മണല്‍ പൂശലും നടത്തിയാണ് എടുത്തത്.’

ചേര്‍ത്തല താലൂക്കിലെ അന്ധകാരനാഴിയില്‍ വെച്ചായിരുന്ന റാന്തലിന്റെ ചിത്രീകരണം. ചിത്രം കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. കൂടാതെ മറ്റു രണ്ടു ചലച്ചിത്ര മേളകളില്‍ മികച്ച നടന്‍, ക്യാമറ എന്നിവയ്ക്കുള്ള പുരസ്‌കാരങ്ങളും കരസ്ഥമാക്കി. ഫായിസ് സിദ്ധിഖ് ആണ് ക്യാമറ. സംഗീതം പി.എസ്. ജയഹരി. അരുണ്‍ എ.ആര്‍., അജയ് രാഹുല്‍ എന്നിവരാണ് സ്‌ക്രിപ്റ്റ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ആകാശ് ജോസഫ് വര്‍ഗീസ്.