‘മോഹന്‍ലാലിനെ വച്ചാണ് ഈ പ്രൊജക്ട് ആദ്യം തീരുമാനിച്ചിരുന്നത്’, മനസ്സ് തുറന്ന് ഒരു ദേശവിശേഷം സംവിധായകന്‍..

','

' ); } ?>

നവാഗതനായ ഡോ : സത്യനാരായണനുണ്ണി കഥയും തിരക്കഥയുമൊരുക്കി സംവിധാനം ചെയ്യുന്ന ഒരു ദേശവിശേഷം നാളെ തീയറ്ററിലെത്താനിരിക്കുകയാണ്. കലയും കലാജീവിതവും പ്രമേയമാക്കി ആര്യചിത്ര ഫിലിംസിന്റെ ബാനറില്‍ ഡോ: സത്യനാരായണനുണ്ണി രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം തായമ്പക കലാകാരന്മാരുടെ ജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

കെ.ടി രാമകൃഷ്ണന്‍, കെ.ടി. അജയന്‍ എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം സാജന്‍ ആന്റണി നിര്‍വഹിക്കുന്നു. ഒട്ടേറെ പുതുമകളും വേറിട്ട കാഴ്ചകളും തന്നെയാണ് ഒരു ദേശവിശേഷം എന്ന ചിത്രത്തിന്റെ പ്രത്യേകത. മലയാള സിനിമയില്‍ ഇന്നേവരെ പരീക്ഷിച്ചിട്ടില്ലാത്ത പ്രമേയവും അവതരണത്തിലെ പുതുമയുമാണ് ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. കേരളത്തിലെ പ്രമുഖ തായമ്പക കലാകാരന്മാരായ പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നായക കഥാപാത്രമായ വീരരാഘവപൊതുവാളായാണ് പോരൂര്‍ ഉണ്ണികൃഷ്ണന്‍ ആദ്യമായി വെള്ളിത്തിരയില്‍ എത്തുന്നത്.

യഥാര്‍ത്ഥ കലാകാരന്മാരെ അണിനിരത്തി ഒരുക്കിയ ചിത്രത്തില്‍ നടന്‍ മോഹന്‍ ലാലിനെയും ഒരു പ്രധാന വേഷത്തില്‍ കൊണ്ടുവരാന്‍ ശ്രമിച്ചിരുന്നതായി സംവിധായകന്‍ ഡോ: സത്യനാരായണനുണ്ണി പറയുന്നു. ”ആദ്യ സിനിമയാണിത്… കൊമേര്‍ഷ്യല്‍ സിനിമയായാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. മോഹന്‍ലാലിനെ വച്ചാണ് ഈ പ്രൊജക്ട് ആദ്യം തീരുമാനിച്ചിരുന്നത്. ചിത്രത്തിന്റെ ആശയം സംബന്ധിച്ചുള്ള ചര്‍ച്ചകളെല്ലാം അങ്ങനെയായിരുന്നു, കരാറെഴുതുകയും ചര്‍ച്ചകളും കഴിഞ്ഞതാണ്.. പിന്നീട് ചില പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം അത് നടന്നില്ല. റിയലിസ്റ്റിക് സിനിമകള്‍ ഇപ്പോള്‍ ഒരുപാടിറങ്ങുന്ന സാഹചര്യത്തില്‍ എന്തുകൊണ്ടിതിനെ റിയലിസ്റ്റിക്കായി സമീപിച്ചുകൂടാ എന്നു തോന്നി.. സുഡാനി ഫ്രം നൈജീരിയ, തമാശ തുടങ്ങിയ ചിത്രങ്ങളും അതിനു പ്രചോദനമായി എന്നു വേണം പറയാന്‍” സത്യനാരായണനുണ്ണി പറയുന്നു.

കലയും കലാജീവിതവുമാണ് ചിത്രത്തിന്റെ പ്രമേയമെങ്കിലും കലയെ അക്കാദമിക്കായി സമീപിക്കാന്‍ സിനിമയില്‍ ശ്രമിച്ചിട്ടില്ലെന്ന് സംവിധാനകന്‍ വ്യക്തമാക്കി. ”കലതന്നെയാണ് സിനിമ ചര്‍ച്ച ചെയ്യുന്നത്, പക്ഷേ അതുമാത്രമല്ല ഇതിവൃത്തം. കലാപരിസരം സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ തന്നെ മനുഷ്യ ബന്ധങ്ങളുടെയും സൗഹൃദത്തിന്റെയും കഥയാണ് ഒരു ‘ദേശവിശേഷം’ പറയുന്നത്”. സംവിധായകന്‍ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഏറ്റവും പ്രമുഖരായ തായമ്പക കലാകാരന്മാരും പ്രിയഭേദമെന്യേയുള്ള ഒട്ടേറെ കലാകാരന്മാരുമടക്കം അറുപതോളം പേരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കലാകാരന്മാരുടെ കുടുംബജീവിതം സാമൂഹ്യ-സാംസ്‌കാരിക ജീവിതം ഇവയൊക്കെ സിനിമ ഒപ്പിയെടുക്കുന്നു. സമൂഹത്തില്‍ നിന്ന് തിരസ്‌കരിക്കപ്പെടുന്ന കലാകാരന്മാരുടെ മുറിവേറ്റ ജീവിതങ്ങളും ജാതീയ വിവേചനങ്ങളും ചിത്രം പരോക്ഷമായി സമീപിക്കുന്നുണ്ട്. ഏറ്റവും പുതിയ സാമൂഹ്യ സാംസ്‌കാരിക വിഷയങ്ങള്‍ കൂടി ചിത്രം ചര്‍ച്ച ചെയ്യുന്നു. കലയ്ക്കു പ്രാധാന്യം ഏറെയുണ്ടെങ്കിലും എല്ലാത്തരം പ്രേക്ഷകരേയും രസിപ്പിക്കുന്ന ഫാമിലി എന്റര്‍ടെയ്‌നറാണ് ഒരു ദേശവിശേഷമെന്ന് സംവിധായകന്‍ പറഞ്ഞു. ചിത്രത്തിന്റെ ടൈറ്റില്‍ സൂചിപ്പിക്കുന്നതുപോലെ ഒരു ദേശത്തിന്റെ വിശേഷമാണ് സിനിമ പറയുന്നത്. വള്ളുവനാടന്‍ ഗ്രാമക്കാഴ്ചകളും നാട്ടിന്‍പുറത്തിന്റെ നന്മയും നിഷ്‌ക്കളങ്കതയുമൊക്കെ ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്. ന്യൂജന്‍ തമാശകളും പാട്ടും ആക്ഷനും അങ്ങനെ എല്ലാ ചേരുവകളുമുള്ള ചിത്രംകൂടിയാണ് ഈ സിനിമയെന്നും അദ്ദേഹം പറഞ്ഞു.

കലാരംഗത്ത് ശിരസ്സുയര്‍ത്തി നില്‍ക്കുന്ന കലാകാരന്മാരെ ഒരു കുടക്കീഴിലൊരുക്കി വെള്ളിത്തിരയില്‍ എത്തിക്കുന്നു എന്നുള്ളതും ഈ സിനിമയുടെ പ്രത്യേകതയാണ്. പോരൂര്‍ ഉണ്ണികൃഷ്ണന്‍, കല്പാത്തി ബാലകൃഷ്ണന്‍, ദിലീപ് കുറ്റിപ്പുറം, പനമണ്ണ ശശി, കലാമണ്ഡലം വിജയകൃഷ്ണന്‍, സദനം വാസുദേവന്‍ നായര്‍, റഷീദ്, തൃപ്പൂണിത്തുറ കൃഷ്ണദാസ്, വിനോദ് നെടുങ്ങോട്ടൂര്‍, ശ്രീഹരി നാരായണന്‍, മിഥുന്‍ തൃപ്പൂണിത്തുറ, വൈശാഖ് രാമകൃഷ്ണന്‍, മാസ്റ്റര്‍ അര്‍ജ്ജുന്‍, ശ്രീല നല്ലേടം, അശ്വതി കലാമണ്ഡലം, സിന്ധു പൂക്കാട്ടിരി, രാമകൃഷ്ണന്‍, വിജയന്‍ വെളളിനേഴി, ഡോ: എന്‍. ശ്രീകുമാര്‍, ഗിരീഷ് പി. നെടുങ്ങോട്ടൂര്‍, അനിയന്‍ മാസ്റ്റര്‍ നെടുങ്ങോട്ടൂര്‍, എം.പി.എ. ലത്തീഫ്, ചാലിശ്ശേരി ഗോപിമാസ്റ്റര്‍, രാമകൃഷ്ണന്‍ പൂക്കാട്ടേരി, സ്‌നേഹ സുനില്‍, ദിവ്യ ലക്ഷ്മി, വിനോദ് ബാലകൃഷ്ണന്‍ എന്നിവരാണ് അഭിനേതാക്കള്‍. എഡിറ്റിങ്ങ് കെ.എം. ഷൈലേഷ്, സംഗീതം സരോജ് ഉണ്ണികൃഷ്ണന്‍, ഗാനരചന അനൂപ് തോഴൂക്കര, പശ്ചാത്തല സംഗീതം വില്ല്യം ഫ്രാന്‍സിസ്, കല സി.പി. മോഹനന്‍, കോസ്റ്റ്യൂംസ് കുഞ്ഞുട്ടന്‍, മേക്കപ്പ് അഭിലാഷ്, സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാര്‍, സ്റ്റില്‍സ് നിള ഉത്തമന്‍, ഡിസൈന്‍സ് ജോസഫ് പോള്‍സണ്‍ എന്നിവര്‍ നിര്‍വഹിക്കുന്നു.