ബാഹുബലിയുടെ തിരക്കഥാകൃത്ത് മലയാളത്തിലേക്ക്. ബാഹുബലിയൊരുക്കിയ എസ്.എസ് രാജമൗലിയുടെ അച്ഛനായ കെ.വി വിജയേന്ദ്രപ്രസാദ് യുവസംവിധായകന്‍ വിജീഷ് മണിയുടെ ബിഗ് ബജറ്റ് ചിത്രത്തിനായാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. സെപ്റ്റംബറില്‍ വിജയേന്ദ്രപ്രസാദ് തിരക്കഥയൊരുക്കുന്ന മലയാള ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്നാണ് വിവരം. പുരാണം പശ്ചാത്തലമാക്കുന്ന സിനിമയെന്നാണ് സംവിധായകന്‍ വിജീഷ് മണി പ്രോജക്ടിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
30 വര്‍ഷത്തിലധികമായി സിനിമാരംഗത്തുള്ള വിജയേന്ദ്രപ്രസാദ് ഇതുവരെ തിരക്കഥയൊരുക്കിയ ചിത്രങ്ങളില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. ബാഹുബലിക്ക് പുറമെ ഈച്ച, മഗധീര, മണികര്‍ണിക ദ ക്വീന്‍ ഓഫ് ഝാന്‍സി, ബജ്‌റംഗി ഭായിജാന്‍ തുടങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. രാജമൗലിയുടെ മിക്ക സിനിമകള്‍ക്കും രചന നിര്‍വഹിച്ചത് അച്ഛന്‍ വിജയേന്ദ്ര പ്രസാദ് ആണ്. ബാഹുബലി രണ്ട് ഭാഗങ്ങളുടെയും കഥ അദ്ദേഹത്തിന്റേതായിരുന്നു.
രണ്ടു തവണ ഗിന്നസ് പുരസ്‌കാരം സ്വന്തമാക്കിയ സംവിധായകന്‍ കൂടിയാണ് വിജീഷ്. അമ്പത്തിയൊന്ന് മണിക്കൂര്‍ രണ്ട് മിനിറ്റ് സമയം കൊണ്ട് തിരക്കഥയൊരുക്കിയ വിശ്വഗുരു എന്ന സിനിമയും ഇരുള എന്ന ആദിവാസി ഭാഷയില്‍ ഒരുക്കിയ നേതാജി എന്ന സിനിമയുമാണ് വിജീഷിന് ഗിന്നസ് റെക്കോഡ് നേടിക്കൊടുത്തത്. 2004 ല്‍ കൊട്ടേഷന്‍ എന്ന സിനിമ നിര്‍മ്മിച്ചാണ് സിനിമയിലേക്ക് എത്തിയ വ്യക്തിയാണ് വിജീഷ് മണി.