നടി രേവതി വീണ്ടും സംവിധാന രംഗത്തെത്തുന്നു. മഹേഷ് ഭട്ട് ചിത്രം അര്‍ഥ് (1982) റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ് രേവതി. സ്മിത പാട്ടീലും ശബാന ആസ്മിയുമാണ് അര്‍ഥില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ചത്. പരസ്യസംവിധായകനായ ഭര്‍ത്താവ് തന്റെ ചിത്രങ്ങളിലെ നായികയുമായി പ്രണയത്തിലാകുന്നതോടെ ഒറ്റപ്പെടുന്ന ഭാര്യയുടെ അതിജീവനമാണ് ചിത്രത്തിന്റെ പ്രമേയം.
ചിത്രത്തിലൂടെ ശബാന ആസ്മിയ്ക്ക് മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം ലഭിച്ചിരുന്നു. ബോളിവുഡ് റീമേക്കില്‍ സ്മിതപാട്ടീല്‍ അവതരിപ്പിച്ച വേഷം ചെയ്യുന്നത് ബോളിവുഡ് താരം ജാക്വിലിന്‍ ഫെര്‍ണാണ്ടസും ശബാന ആസ്മി അവതരിപ്പിച്ച വേഷം ചെയ്യുന്നത് സ്വരഭാസ്‌കറുമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ തിരക്കഥ ഒരുക്കുന്നതും രേവതിയാണ്. ഈവര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. ചിത്രത്തിലെ നായകനെ ഇതുവരെ തീരുമാനിച്ചിട്ടില്ല.
രേവതി 2002ല്‍ സംവിധാനം ചെയ്ത് മിത്ര് മൈ ഫ്രണ്ട് എന്ന ചിത്രം ദേശീയപുരസ്‌കാരം നേടിയിരുന്നു. ഫിര്‍ മിലേംഗെ(2014)യും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ആഷിക് അബു ഒരുക്കിയ വൈറസ് ആണ് രേവതി ഒടുവില്‍ അഭിനയിച്ച ചിത്രം.