സമൂഹമാധ്യമങ്ങളില്‍ തരംഗമായി വിനയ് ഫോര്‍ട്ട് ചിത്രം തമാശയിലെ ‘പാടി ഞാന്‍’ എന്ന ഗാനം…

','

' ); } ?>

രസകരമായ ഒരു മെയ്ക്കിങ്ങ് വീഡിയിയോയിലൂടെ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ‘തമാശ’യെന്ന ചിത്രത്തിലെ ‘പാടി ഞാന്‍’ എന്ന ഗാനത്തിന്റെ പൂര്‍ണ രൂപമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ഗ്രേസ് ആന്റണിയും വിനയ് ഫോര്‍ട്ടും ഒന്നിക്കുന്ന ചിത്രത്തിലെ ഈ റൊമാന്റിക് ഗാനം ആലപിച്ചിരിക്കുന്നത് ഷഹബാസ് അമന്‍ ആണെന്നത് തന്നെയാണ് പ്രേക്ഷകരെ ഏറെ ഗാനത്തിലേക്ക് അടുപ്പിച്ചിരിക്കുന്നത്. ഷഹബാസ് അമന്‍ തന്നെ കമ്പോസ് ചെയ്ത ഗാനത്തിന്റെ അണിയറയില്‍ പ്രശസ്ത ഗിറ്റാറിസ്റ്റ് റെക്‌സ് വിജയന്‍, കുമ്പളങ്ങി നൈറ്റ്‌സ് മ്യൂസിക് ഡയറക്ടര്‍ സുശിന്‍ ശ്യാം എന്നിവരും പ്രവര്‍ത്തിച്ചിട്ടുണ്ട്. തമാശയെന്ന ചിത്രത്തിലെ റിലീസ് ചെയ്ത ആദ്യ ഗാനമാണിത്.

റെക്സ് വിജയന്‍, ഷഹബാസ് അമന്‍ എന്നിവര്‍ മായാനദിക്കും സുഡാനി ഫ്രം നൈജീരിയക്കും ശേഷം വീണ്ടും ചിത്രത്തില്‍ ഒന്നിക്കുന്നു. തിരക്കഥാകൃത്തും സംവിധായകനുമായ മുഹ്സിന്‍ പരാരിയാണു ഗാനത്തിന് വരികള്‍ ഒരുക്കിയിരിക്കുന്നത്. ഒരിടവേളക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന റൊമാന്റിക്ക് കോമഡി ചിത്രമാണ് തമാശ. ചിത്രത്തില്‍ വിനയ് ഫോര്‍ട്ട് കോളജ് അദ്ധ്യാപകനായാണ് എത്തുന്നത്. ‘കുമ്പളങ്ങി നൈറ്റ്‌സ്’ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയയായ നടി ഗ്രേസ് ആന്റണിയാണ് ചിത്രത്തില്‍ വിനയ് ഫോര്‍ട്ടിനൊപ്പം പ്രധാന സ്ത്രീ കഥാപാത്രമായെത്തുന്നത്. ദിവ്യ പ്രഭ, ചിന്നു സരോജിനി, എന്നിവരാണ് ചിത്രത്തിലെ മറ്റു നായികമാര്‍. നവാസ് വള്ളിക്കുന്ന്, അരുണ്‍ കുര്യന്‍, ആര്യ സാലിം എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.

ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സമീര്‍ താഹിറും ഷൈജു ഖാലിദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഈ ബാനറില്‍ സമീറും ഷൈജുവും ആദ്യം നിര്‍മിച്ച ചിത്രം സുഡാനി ഫ്രം നൈജീരിയയായിരുന്നു. സമീര്‍ താഹിര്‍, ഷൈജു ഷാലിദ്, ലിജോ ജോസ് പെല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം നവാഗതനായ അഷ്റഫ് ഹംസയാണ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ചിത്രം ഈദ് റിലീസ് ആയി തിയേറ്ററുകളില്‍ എത്തും.