രണ്ടാമൂഴം അടഞ്ഞ അധ്യായം, ഇനി മഹാഭാരതം..!!

','

' ); } ?>

എം.ടി.വാസുദേവന്‍ നായരുടെ ‘രണ്ടാമൂഴം’ നോവല്‍ സിനിമയാകാനുള്ള പദ്ധതി ഒരു അടഞ്ഞ അധ്യായമാണെന്നു ഡോ. ബി.ആര്‍.ഷെട്ടി. ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയുമായി സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ സമീപിച്ചപ്പോള്‍ നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍, പിന്നീട് എംടിയും ശ്രീകുമാറും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടായി. കോടതിയില്‍ കേസ് നടന്നു വരികയാണ്. അതുകൊണ്ട് അതിന്റെ നിയമപരമായ കാര്യങ്ങളിലേക്ക് കടക്കുന്നില്ല. മധ്യസ്ഥതയ്ക്ക് ശ്രമിച്ചിട്ടില്ല,’ ബി.ആര്‍.ഷെട്ടി പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ പൗരാണിക ഇതിഹാസമായ ‘മഹാഭാരതം’ സിനിമയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും എല്ലാ ഭാഷകളിലും അത് അവതരിപ്പിക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹിന്ദിയിലെ ‘പത്മാവതി’ സിനിമ പോലെ ഒരു സിനിമയല്ല ലക്ഷ്യം. മികച്ച ഒരു തിരക്കഥയ്ക്ക് മാതാ അമൃതാനന്ദമയി, സദ്ഗുരു എന്നിവരുമായി ചര്‍ച്ച നടത്തി. ‘മഹാഭാരതം’ സിനിമ ആക്കുക തന്നെ ചെയ്യും,’ ബി.ആര്‍.ഷെട്ടി കൂട്ടിച്ചേര്‍ത്തു.

രണ്ടാമൂഴം തിരക്കഥ സംബന്ധിച്ച കേസില്‍ ശ്രീകുമാര്‍ മേനോന് കോടതിയില്‍ തിരിച്ചടി നേരിട്ടിരുന്നു. കേസില്‍ മധ്യസ്ഥനെ നിയമിക്കണമെന്ന സംവിധായകന്റെ അപ്പീല്‍ കോടതിയും തള്ളി. കേസ് തീരുംവരെ തിരക്കഥ ഉപയോഗിക്കുന്നത് വിലക്കിയുള്ള കോടതി ഉത്തരവ് ഇപ്പോള്‍ നിലനില്‍ക്കുകയാണ്. കരാര്‍ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ടായിരുന്നു എം ടി കോടതിയെ സമീപിച്ചത്. മധ്യസ്ഥനിലൂടെ കോടതിക്ക് പുറത്ത് പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കണം എന്നാണ് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറല്ലെന്ന് എംടി കോടതിയെ അറിയിച്ചിരുന്നു.