കുടുബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനാണ് സത്യന് അന്തിക്കാട്. തന്റെ ഒരോ സിനിമയിലൂടെയും ഓരോ സന്ദേശവും അദ്ദേഹം മലയാളികള്‍ക്കായി കാത്തു വെച്ചിട്ടുണ്ടാകും. സത്യന് അന്തിക്കാട് മലയാളികളെ ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന സംവിധായകന് കൂടിയാണ്. സാധാരണക്കാരുടെ ജീവിത പ്രശ്നങ്ങളിലേക്കാണ് അദ്ദേഹം കൂടുതല്‍ ഊന്നല്‍ നല്‍കിയത്. കുറുക്കന്റെ കല്ല്യാണത്തിലൂടെ തുടങ്ങിയ ആ സിനിമാ ജീവിതം ഇന്ന് ഞാന്‍ പ്രകാശനില്‍ എത്തി നില്ക്കുന്നു. യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമയ്ക്ക് ശേഷം നീണ്ട 16 വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞ് ശ്രീനിവാസനുമായി വീണ്ടും അദ്ദേഹം കൈകോര്‍ത്തപ്പോള്‍ അത് വീണ്ടുമൊരു അന്തിക്കാടന്‍ വിജയ ഗാഥയായി. സത്യന് അന്തിക്കാട് അദ്ദേഹത്തിന്റെ വസതിയില്‍ നിന്നും സെല്ലുലോയ്ഡിനോട് മനസ്സ് തുറക്കുന്നു.
. ചെറിയ ഇടവേള ശേഷം ഹിറ്റ്…അന്തിക്കാടിന്റെ തണുപ്പില്‍ നിന്നാണോ ഈ ഊര്‍ജ്ജം കിട്ടുന്നത്.
. പണ്ട് ഒരു വര്‍ഷം മൂന്നും നാലും സിനിമ വരെ ചെയ്തിരുന്നു. 1986ലൊക്കെ ടി.പി ബാലഗോപാലന് എം.എയും സന്മനസ്സുള്ളവര്ക്ക് സമാധാനവും ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റും ഒരു വര്‍ഷം കൊണ്ട് ചെയ്ത സിനിമകളാണ്. പിന്നീട് എനിക്ക് തോന്നിയത് നമുക്ക് സ്വയം നവീകരിക്കാന്‍ സമയം വേണം. അന്ന് ചെയ്തതിനേക്കാള്‍ ഇരട്ടി ജോലി ചെയ്തിട്ടാണ് ഇന്ന് ഒരു സിനിമ ചെയ്ത് തീര്‍ക്കുന്നത്. അപ്പോള്‍ ആ സിനിമ റിലീസ് ചെയ്ത് കഴിഞ്ഞാല്‍ ആ സിനിമയുടെ പരിവേഷങ്ങള്‍ മനസ്സില്‍ നിന്ന് ഇറങ്ങിപോകാന്‍ സമയം വേണം. പിന്നെ കുറച്ച് പുസ്തകങ്ങള്‍ വായിക്കാനും ആളുകളുമായി ഇടപഴകാനുമെല്ലാം കുറച്ച് സാവകാശം എടുക്കും. പിന്നെ ഓഡിയന്‍സിനെ കൂടുതല്‍ ബോറടിപ്പിക്കേണ്ടല്ലൊ..ഒരു വര്‍ഷം ഒരു സിനിമ ചെയ്താല്‍ പോരേ..
.ലൈഫുമായി ചേര്‍ന്ന് നില്ക്കുന്ന സിനിമകളാണ് കൂടുതലും?
.അത് തീര്‍ച്ചയായിട്ടും അങ്ങനെ തന്നെയാണ്. എപ്പോഴും നമ്മുടെ ജീവിത പരിചയം അല്ലെങ്കില്‍ സാഹചര്യങ്ങള്‍, നമ്മുടെ ചുറ്റുപാടുകള്‍ എന്നിവയെല്ലാം നമ്മുടെ സൃഷ്ടികളെ സ്വാധീനിക്കാറുണ്ട്. ഞാന്‍ അന്തിക്കാട് എന്നൊരു ഗ്രാമത്തില്‍ ജനിച്ച് വളര്‍ന്ന ആളാണ്. ഇപ്പോഴും അന്തിക്കാട് തന്നെ ജീവിക്കുന്നു. ചുറ്റുവട്ടത്തുള്ളവരെല്ലാം സാധാരണക്കാരാണ്. അപ്പോള്‍ അവരോടൊപ്പം ഇടപഴകാനും അവരുടെ ജീവിതത്തിലെ തമാശകളും നൊമ്പരങ്ങളും തിരിച്ചറിയാന്‍ സാധിക്കുന്നത് കൊണ്ട് സ്വാഭാവികമായിട്ടും എന്റെ വിഷയങ്ങള്‍ അവരെ ചുറ്റിപ്പറ്റി ആയിരിക്കും. അതിനാല്‍ തന്നെ ഏത് വലിയ വിഷയങ്ങള്‍ വന്നാലും അതില്‍ ഒരു ഗ്രാമീണന്റെ മനസ്സ് വരുന്നത് വ്യക്തിപരമായുള്ള എന്റെ ഈ ജീവിത ശൈലികൊണ്ടായിരിക്കണം.
. സംവിധായകന്റെ കൂടെ ഒരുപറ്റം നടന്മാര് എക്കാലവും കഥാപാത്രങ്ങളായിതന്നെ കൂടെ നില്ക്കും. സാറിന്റെ സിനിമകളിലും ഇത് കാണാം. ഈ രീതീയില്‍ നിന്ന് മാറിയ ഒരു സിനിമയായിരുന്നോ ഞാന്‍ പ്രകാശന്.
. ഞാന്‍ പ്രകാശനില്‍ ശരിക്കും പറഞ്ഞാല്‍ അതില്‍ നിന്നും ബ്രെയ്ക്ക് ചെയ്തിട്ടുള്ളൊരു സിനിമയാണ്. പ്രകാശന് എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സിനിമയായത്കൊണ്ട് കൂടുതല്‍ താരങ്ങള്‍ വേണ്ട എന്ന് ഞാന്‍ തീരുമാനിച്ചു. മൊത്തില്‍ ഒരു ഫ്രഷ്നെസ്സ് ഉണ്ടാവണമെന്ന് ആഗ്രഹിച്ചിട്ട് അതിന് വേണ്ടി കഠിനമായൊരു ശ്രമം നടത്തിയിട്ടാണ് ഇതില്‍ ആര്‍ട്ടിസ്റ്റുകളെയെല്ലാം കണ്ടെത്തിയിട്ടുള്ളത്. ഫഹദ് ഫാസിലും ലളിത ചേച്ചിയും ശ്രീനിവാസനും നിഖില വിമലും ഒരു പരിധിവരെ പുതുമുഖത്തില്‍ നിന്ന് മാറിയിട്ടില്ലെങ്കിലും ബാക്കിയുള്ള തൊണ്ണൂറ് ശതമാനം ആളുകളും പുതുമുഖങ്ങളാണ്. അതിനാല്‍ സിനിമയില്‍ അതിന്റെ ഫ്രെഷ്നെസ്സ് ഉണ്ടെന്നാണ് എനിക്ക് തോന്നുന്നത്. നമ്മള് ഒന്ന് അന്വേഷിച്ചിറങ്ങിയാല്‍ പുതിയ ഒരുപാട് കഴിവുള്ള ആക്ടേര്‍സ് ഉണ്ട് മലയാളത്തില്‍. പല പ്രായത്തിലുള്ളവര്‍. അപ്പോള്‍ അവരെയെല്ലാം ഉള്‍പ്പെടുത്താനുള്ള ഒരു അവസരമായിരുന്നു ഞാന്‍ പ്രകാശന്. ഈ ചിത്രത്തിന്റെ വിജയത്തിന്റെ പ്രധാന ഘടകം തന്നെ ഈ പുതുമയാണ്.
.പുതിയ ജനറേഷനുമായുള്ള ടെക്നിക്കലിപോലും സിങ്ക് സൗണ്ട് ഉല്‍പ്പടെയുള്ള കാര്യങ്ങള്‍ ചേര്‍ത്തു. എങ്ങനെയുണ്ടായിരുന്നു അനുഭവം.
.ശ്രീനിവാസനും എസ്.കുമാറും ഞാനുമെല്ലാം കുറേ കാലങ്ങളായി സിനിമാ രംഗത്തുള്ളവരാണ്. അതേ സമയം ഫഹദ് ഫാസിലും ഷാന്‍ റഹ്മാനും ദേവികയുമടക്കം പുതിയ തലമുറയുടെ പ്രതീകങ്ങളാണ്. ഒരു മനസ്സോട് കൂടെ എല്ലാവര്ക്കും വര്‍ക്ക് ചെയ്യാന്‍ സാധിച്ചു എന്നത് വലിയ ഒരു നേട്ടമാണ്. പിന്നെ സീനിയറാണ് കുറേ വര്‍ഷം മുന്‍പേ സിനിമയില്‍ അഭിനയിക്കുന്നുണ്ട് എന്ന് പറഞ്ഞ് അവരെയും നമുക്ക് മാറ്റി നിര്‍ത്തേണ്ട ആവശ്യമില്ല. പുതിയ ക്യാമറാമാന്റെ വര്‍ക്കിനേക്കാളും ഭംഗിയിലാണ് എസ്. കുമാറെന്ന ക്യാമറാമാന്റെ വര്‍ക്ക് ഈ സിനിമയില്‍. അവരൊക്കെ പഴയ തലമുറയിലുള്ളവരാണെന്ന് പറഞ്ഞേക്കും. പക്ഷെ സിനിമയില്‍ പഴയ തലമുറ എന്നോ പുതിയ തലമുറ എന്നോ വ്യത്യാസമില്ല. 80 വയസ്സ് കഴിഞ്ഞാലും വളരെ പുതുമയോട് കൂടി സിനിമകള്‍ ചെയ്യുന്ന ഒരു ടെക്നീഷ്യന് ഇവിടെ ഒരു സ്പേസ് എന്നും ഉണ്ട് എന്നുള്ളത് സത്യമാണ്.
.എഡിറ്ററായിട്ടുള്ള കെ രാജഗോപാല്‍ സാര്‍ എത്രയോ കാലമായിട്ട് സാറിന്റെ കൂടെ സിനിമാ ജീവിതത്തിന്റെ ഭാഗമാണ് ആ ഒരു ചോയിസ് എങ്ങനെയാണ്.
.ഞാന്‍ അസിസ്റ്റന്റായിട്ട് വര്‍ക്ക് ചെയ്യുമ്പോള്‍ രാജഗോപാല്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു ജി.വെങ്കിട്ടരാമന്റെ കൂടെ. വെങ്കിട്ട രാമന്റെ എഡിറ്റിംഗിന്റെ ഗുണങ്ങള്‍ എന്നു പറഞ്ഞാല്‍ വൃത്തിയാണ്. രാജഗോപാലും ആ രീതി പിന്തുടര്ന്നാണ് പോവുന്നത്. ഞാനും രാജഗോപാലും തമ്മില്‍ മാനസ്സികമായി വളരെ ഐക്യത്തിലാണ്. പിന്നെ മനസ്സില്‍ എഡിറ്റിംഗ് കൂടി കണ്ടിട്ടാണ് ഞാന്‍ ഷോട്സ് എടുക്കാറുള്ളത്. അത്കൊണ്ട് രാജഗോപാലിന് അത് വളരെ എളുപ്പമാവും. നമുക്ക് ഏറ്റവും കൂടുതല്‍ കമ്മ്യൂണിക്കേറ്റ് ചെയ്യാന്‍ പറ്റുന്ന ആളുകളുടെ കൂടെ വര്‍ക്ക് ചെയ്യാന്‍ പറ്റുന്നതാണ് ഏറ്റവും സൗകര്യം. എനിക്ക് പറ്റുന്ന തെറ്റുകളെല്ലാം തിരുത്തി തരാന്‍ പറ്റിയ ആളാണ് അദ്ദേഹം. ഒരിക്കലും കാലം മാറി പുതിയത് മാത്രമാണ് ശരിയെന്ന് പറയാന്‍ പാടില്ല. പുതിയതും പഴയതും കൂടി ചേര്‍ത്തിട്ട് വേണം സിനിമ ചെയ്യാന്‍.
. സ്വന്തമായി എഴുത്ത് തുടങ്ങിയപ്പോഴുണ്ടായ വെല്ലുവിളികള്‍?
. എന്നെ സംബന്ധിച്ച് ഒരാള്‍ കൂടെ ഉണ്ടാവുന്നതാണ് സൗകര്യം. ആരെയും കിട്ടാതായപ്പോള്‍ എഴുത്തുകാരനല്ല എന്ന കാരണം കൊണ്ട് എനിക്ക് സിനിമ ചെയ്യാതിരിക്കാന്‍ നിവൃത്തിയില്ലല്ലോ.സാഹിത്യത്തോടുള്ള അഭിരുചി എനിക്ക് പണ്ടുമുതലേ ഉണ്ടായിരുന്നു. പാട്ടുകളും, കഥകളും, ലേഖനങ്ങളുമെല്ലാം ഞാന്‍ എഴുതാറുണ്ടായിരുന്നു. ഇതൊക്കെ ഉണ്ടെന്നുള്ള വിശ്വാസത്തില്‍ ഞാന്‍ സീന്‍ ഓര്‍ഡര്‍ ചെയ്യാന്‍ തുടങ്ങി. ശേഷം എഴുതാന്‍ ആരംഭിച്ചു. അന്നെല്ലാം ലോഹിതദാസിന്റെയും ശ്രീനിവാസന്റെയും മാനസിക സപ്പോര്‍ട്ട് കൂടെ എനിക്കുണ്ടായിരുന്നു. എപ്പോഴും എഴുതാനൊരാളുണ്ടെങ്കില് എഴുതിയിടത്തോളം ഞാന്‍ അവരെ ഏല്‍പ്പിച്ച് അവരെ കൊണ്ട് ചെയ്യിപ്പിക്കാനാണ് ശ്രമിക്കാറ്. അച്ചുവിന്റെ അമ്മ ചെയ്യാന്‍ ഉദ്ദേശിച്ച സമയത്ത് രഞ്ജന്‍ പ്രമോദ് ഫ്രീയല്ലായിരുന്നു. ഞാന്‍ എഴുതാന്‍ ആലോചിച്ച് തുടങ്ങിയ സമയത്താണ് രഞ്ജന്‍ ഫ്രീയായിട്ട് വന്നത്. ഉടനെ ആ ജോലി രഞ്ജനെ അങ്ങനെ തന്നെ ഏല്‍പ്പിക്കുകയാണ് ചെയ്തത്. അത് പോലെ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന സിനിമ എഴുതാന്‍ ശ്രീനിവാസന് സമയമില്ലായിരുന്നു. അപ്പോള്‍ ശ്രീനി എന്റടുത്ത് പറഞ്ഞു നിങ്ങള്‍ എഴുതിക്കോളൂ. കുറച്ച് ദിവസം അതിന്റെ ഡിസ്ക്കഷന് ഞാന്‍ വരാമെന്ന്. അങ്ങനെ ഡിസ്ക്കസ് ചെയ്ത് അദ്ദേഹം അതില്‍ ഇന്‍വോള്‍വ്ഡായി എന്ന് എനിക്ക് മനസ്സിലായപ്പോള്‍ ഞാന്‍ പറഞ്ഞു ഈ സിനിമ കൂടെ നിങ്ങള്‍ എഴുതൂ എന്ന്. എഴുത്തുകാരന് കൂടെ ഉണ്ടെങ്കില്‍ കൂടുതല്‍ സൗകര്യമായിരിക്കും. രണ്ട്പേരുടെ ബ്രെയിന്‍ ഒരു സിനിമയ്ക്ക് വേണ്ടി വര്‍ക്ക് ചെയ്യുമ്പോള്‍ അതിന് സ്വാഭാവികമായിട്ടും ഒരു ഗുണമുണ്ടാവുമല്ലോ.
. സിനിമകളുടെ ക്ലൈമാക്സില്‍ ഗിമ്മിക്കുകളുണ്ടാവാറില്ല?
. വലിയ ബഹളമുള്ള ക്ലൈമാക്സുകള്‍ എന്റെ സിനിമയില്‍ ഉണ്ടാവാറില്ല. ജീവിതത്തിലും അങ്ങനെ തന്നെ. അപ്പോള്‍ ജീവിതഗന്ധിയായ സിനിമകള്‍ ചെയ്യുമ്പോള്‍ അതില്‍ വിസ്മയിപ്പിക്കുന്ന ക്ലൈമാക്സ് എന്നൊന്നുമുള്ള രീതിയിലുള്ള പരിപാടി എനിക്കില്ല. വളരെ ഈസിയായിട്ട് പറഞ്ഞ് തീര്‍ക്കാവുന്നതേ ഉള്ളു. സന്മനസ്സുള്ളവര്ക്ക് സമാധാനവും സസ്നേഹവും വീണ്ടും ചില വീട്ടുകാര്യങ്ങളുമെല്ലാം അതിന് ഉദാഹരണങ്ങളാണ്. വലിയ കോലാഹലങ്ങളൊക്കെയുള്ള ക്ലൈമാക്സ് ആര്ട്ടിഫിഷലായിട്ട് ഉണ്ടാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നില്ല. കഥയ്ക്ക് ആവശ്യമാണെങ്കില്‍ അങ്ങനെ വരും. അങ്ങനെ വരുന്നത് തെറ്റാണെന്ന് ഞാന്‍ പറയുന്നില്ല. എന്റെ സിനിമയ്ക്ക് ഇത് മതി.
. പ്രകാശനിലെ ഹ്യൂമറിനെ കുറിച്ച്?
.ശ്രീനിവാസന് എഴുതുമ്പോള്‍ തന്നെ അതില്‍ ഹ്യൂമര്‍ ഉണ്ടാവും. ശൂന്യതയില്‍ നിന്ന് ഹ്യൂമര്‍ സൃഷ്ടിക്കാന്‍ കഴിവുള്ളൊരു ജീനിയസ്സാണ് ശ്രീനിവാസന്. ശ്രീനിവാസന്റെ രചനയില്‍ തന്നെ ഇത്തരം ഒരുപാട് കുസൃതികള്‍ ഉണ്ടാവാറുണ്ട്. അത് മനസ്സിലാക്കി ചെയ്യാന്‍ പറ്റുന്ന ഒരു നടന് കൂടി ഉണ്ടാവുമ്പോള്‍ അതിന് കൂടുതല്‍ മിഴിവ് വരുന്നു. കാട്ടാക്കട തങ്കപ്പന്റെ ചാക്കിലകപ്പെട്ട പൂച്ച എന്നൊരു പേര് തന്നെ എനിക്ക് തോന്നുന്നു ശ്രീനിവാസനല്ലാതെ മറ്റാരും ചിന്തിക്കല്ലെന്ന്. ഒരു ക്ലാസിക്ക് കൃതിയേക്കുറിച്ചും ഇതില്‍ പരാമര്‍ശിക്കുന്നുണ്ട്. ഓട്ടിസം ബാധിച്ച രണ്ടുപേരുടെ പ്രണയ കഥ, എന്നെ മറന്നാലും നിന്നെ മറക്കില്ല എന്നിവയൊക്കെ ശ്രീനിവാസന്റെ സംഭാവനകളാണ്. ശ്രീനി ഒരു സീനിനെ നോക്കിക്കാണുന്നതും നമ്മള് ഒരു സീനിനെ നോക്കിക്കാണുന്നതും രണ്ട് തരത്തിലാണ്. ഇല്ലാത്ത സ്ഥലത്തും ഹ്യൂമര്‍ ഉണ്ടാക്കും. ഞങ്ങള്‍ ഈ സിനിമ ചെയ്യുമ്പോള്‍ മനസ്സില്‍ പ്ലാന്‍ ചെയ്തിരുന്നത് 16 വര്‍ഷത്തിന് ശേഷം ഞാനും ശ്രീനിവാസനുംകൂടി ചെയ്യുന്ന ഒരു സിനിമ എന്നു പറയുമ്പോള്‍ ആളുകള്‍ ന്യായമായിട്ടും അതില്‍ തമാശ പ്രതീക്ഷിക്കും. അത് ഫഹദിന് വളരെ നന്നായി മനസ്സിലാകുമെന്ന് ഒരു ഇന്ത്യന്‍ പ്രണയ കഥ കഴിഞ്ഞപ്പോള്‍ തന്നെ എനിക്ക് മനസ്സിലായതാണ്. ചാക്കിലകപ്പെട്ട പൂച്ചയുടെ കഥ ഇത്രയും മനോഹരമായിട്ട് ഫഹദ് പ്രസന്റ് ചെയ്തത്കൊണ്ടാണ് അതിന്റെ ഒരു ഹ്യൂമര്‍ ഉണ്ടായത്. ഹ്യൂമര്‍ ഇഷ്ടപ്പെട്ട് ആസ്വദിച്ച് ഒരു നടന് ചെയ്യുമ്പോള്‍ അതിന് കിട്ടുന്ന ഒരു ഊര്‍ജ്ജം വേറെയാണ്.
.ഫഹദിന്റെ അഭിനയത്തെക്കുറിച്ച്
.ക്യാമറയുടെ പുറകില്‍ നിന്ന് നോക്കുമ്പോള്‍ നമ്മളെ അതിശയിപ്പിക്കുന്ന ഒരു നടനാണ് ഫഹദ്. ഫഹദിന്റെ കുട്ടിക്കാലം മുതലേ എനിക്ക് ഫഹദിനെ അറിയാം. നമ്മളാരും പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു ഇത്രയും കഴിവുള്ള വലിയൊരു ആക്ടറായിട്ട് ഫഹദ് മാറും എന്നത്. അയ്മനം സിദ്ധാര്‍ത്ഥനെ പോലെയോ പ്രകാശന്റെയോ രീതിയിലുള്ളൊരു ജീവിതം ഫഹദിന് ഇത് വരെ ജീവിക്കേണ്ടി വന്നിട്ടില്ല. ലൈന്‍ ബസ്സില്‍ കയറിയോ, ഒരു സാധാരണ ഹോട്ടലില്‍ കയറി ഭക്ഷണം കഴിക്കുകയോ ഒരു സദ്യക്ക് ഇടിച്ച് കയറി കഴിക്കുകയോ എന്നിങ്ങനെയുള്ളൊരു കാര്യവും അദ്ദേഹത്തിന്റെ ജീവിതത്തില്‍ ഉണ്ടായി കാണില്ല. പക്ഷെ ഫഹദ് അത് ചെയ്യുമ്പോള്‍ നമുക്ക് തോന്നും ഇയാള്‍ എത്രയോ വര്‍ഷങ്ങളായിട്ട് ഇങ്ങനെ നടക്കുന്ന ഒരാളാണെന്ന്. കഴിവുള്ള ഒരു കലാകാരന് മാത്രം ചെയ്യാന്‍ സാധിക്കുന്നതാണ് ഇവയൊക്കെ. അറിവുള്ളവര്‍ പറയുന്നത് അത് അറിയാതെ സംഭവിക്കുന്നു എന്നാണ്. മോഹന്‍ലാല്‍ ചെയ്യുമ്പോള്‍ സ്റ്റാര്‍ട്ട് ആക്ഷന്‍ പറഞ്ഞ് കട്ട് എന്ന് പറയുന്നതിനിടയിലുണ്ടാവുന്ന മാജിക്കാണ് സംഭവിക്കുന്നത്. ആ സമയത്ത് താന്‍ അറിയാതെ ചെയ്ത് പോകുന്നതാണ് എന്നാണ് ലാല്‍ പറയാറ്. അത ്പോലെയാണൊ ഫഹദിന്റെയും അഭിനയം എന്ന് നമുക്ക് തോന്നിപ്പോകും. ബോധപ്പൂര്വ്വമല്ലെന്ന് നമുക്ക് തോന്നുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ ചലനങ്ങളെല്ലാം. ഒരു സീന്‍ നമ്മള് ഫഹദിന് കൊടുത്താല്‍ കഴിഞ്ഞാല്‍ അത് പുള്ളി തിരിച്ചിങ്ങോട്ട് തരുന്നത് നമ്മള് പ്രതീക്ഷിക്കുന്നതിന്റെ എത്രയോ മുകളിലാണ്. ചിത്രത്തിലെ ഫഹദിന്റെ ഓട്ടം കാണുമ്പോള്‍ സിനിമയിലെ ഒരു ഹീറോ ഓടുകയാണെന്ന് തോന്നില്ലല്ലോ. ജീവനുംകൊണ്ട് ഒരാള്‍ ഓടുകയാണെന്നല്ലെ തോന്നുന്നത്. അയ്മനം സിദ്ധാര്‍ത്ഥന്റെ ഓട്ടം ഞാന്‍ കണ്ടിട്ടുള്ളതാണ്. ഫഹദിന്റെ ഓരോ ചലനങ്ങളും നോട്ടവും ശരീരമടക്കം അദ്ദേഹം അഭിനയിക്കാന്‍ ഉപയോഗിക്കുന്നുണ്ട്. മലയാളത്തിന് കിട്ടിയ ഏറ്റവും വലിയൊരു പുണ്യമാണ് ഫഹദ് ഫാസില്‍.
.തുടര്‍ന്നുള്ള സാറിന്റെ സിനിമകള്‍ സിങ്ക് സൗണ്ടില്‍ തന്നെ പ്രതീക്ഷിക്കാമോ?
..സിങ്ക് സൗണ്ടില്‍ ചെയ്യണംഎന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. സബ്ജക്ടനുസരിച്ചരിക്കും കാര്യങ്ങള്‍. ഇതില്‍ എനിക്ക് ലഭിച്ച ഗുണം മലയാളിയായ അനില്‍ രാധാകൃഷ്ണന് എന്നൊരു നല്ല സൗണ്ട് ഡിസൈനറെ കിട്ടി. അദ്ദേഹത്തിന് സ്ക്രിപ്റ്റ് സെന്‍സും പ്രാക്ടിക്കല്‍ സെന്‍സും ഉണ്ട്. മഴ പെയ്യുമ്പോള്‍ എടുത്ത ശബ്ദങ്ങളൊക്കെ അതേപോലെ ഉപയോഗിച്ചു. പക്ഷെ മഴയുടെ ശബ്ദമൊന്നുമില്ല. അതെല്ലാം ക്ലീന്‍ ചെയ്ത് മാറ്റിയിരുന്നു. അതൊരു മാജിക്ക് തന്നെയാണ്. പ്രകാശന് സിങ്ക് സൗണ്ടായത് കൊണ്ട് അതിന്റെ റിയല്‍ ഫീല്‍ കിട്ടി. ഈ സിനിമ ഇത്ര രസകരമായതിന്റെ ഒരു കാരണം സിങ്ക് സൗണ്ടാണ്. സിങ്ക് സൗണ്ട് ഉപയോഗിക്കുമ്പോള്‍ കുറച്ച് അച്ചടക്കം വേണം സെറ്റില്‍. ഒരു സീന്‍ നരേറ്റ് ചെയ്ത് കൊടുക്കുമ്പോള്‍ അത് ആര്‍ട്ടിസ്റ്റിന്റെ മനസ്സിലേക്ക് കറക്ടായിട്ട് പറഞ്ഞ്കൊടുത്തിട്ട് എല്ലാവരുടെയും കൂടെ നിന്ന് ചെയ്യുമ്പോഴുണ്ടാവുന്ന ഒരു ഫീല്‍ ഒറ്റയ്ക്ക് ഡബ്ബിംഗ് തിയേറ്ററില്‍ ഇരുന്ന് ചെയ്യുമ്പോള്‍ ഉണ്ടാവില്ല. അതിലെ സിങ്കും വോയിസും കറക്ടായിരിക്കാം. പക്ഷെ അതില്‍ കുറച്ച്കൂടെ ആത്മാവ് ഉണ്ടാവുന്നത് റിയല്‍ സൗണ്ടില്‍ ഷൂട്ട് ചെയ്യുമ്പോഴാണ്. ഞാന്‍ ആദ്യമായിട്ടാണ് സിങ്ക് സൗണ്ട് പരീക്ഷിച്ചത്. അത് വളരെ വിജയമായി.
.ചിത്രത്തിലെ ബംഗാളി ഗാനമായ ഞാറ്റ് പാട്ട് എങ്ങനെയാണ് തിരഞ്ഞെടുത്തത്.
. ശ്രീനിവാസനാണ് പറഞ്ഞത് നമുക്കൊരു ഞാറ്പാട്ട് വേണമെങ്കില്‍ ബംഗാളിയില്‍ തന്നെ ചെയ്യിപ്പിക്കാം. അത് കുറച്ച് ശ്രമകരമായിരുന്നു. എന്റ മകന് അനൂപിന്റെ കുറച്ച് സുഹൃത്തുക്കളുണ്ട് കൊല്‍ക്കത്തയില്‍. ഈണമിട്ടത് ഷാന്‍ റഹ്മാനാണ്. അങ്ങനെ ഷാന്‍ റഹ്മാന്റെ മ്യൂസിക്ക് ഞാന്‍ അനൂപിനെ ഏല്‍പ്പിക്കുകയും അവന് തന്റെ സുഹൃത്തുക്കളിലൂടെ റിയല്‍ ബംഗാളികളുമായി ബന്ധപ്പെട്ടു. അതില്‍ പാട്ടുകാരനായ സ്വാതിക് ബാനര്‍ജി എന്നൊരാളെക്കൊണ്ട് വരികള്‍ എഴുതിപ്പിച്ച് അയാളെക്കൊണ്ട് തന്നെ പാടിപ്പിക്കുകയും ചെയ്തു. അദ്ദേഹം അവിടെ ബാന്‍ഡ് നടത്തുന്ന ആളാണ്. ഷാന്‍ ഞാറ്റ് പാട്ട് കേട്ടിട്ടേയില്ലായിരുന്നു. അപ്പോള്‍ പഴയ ചില ഞാറ്റ് പാട്ടുകളുടെ ഈണങ്ങളൊക്കെ ഉദാഹരണത്തിന് ഞാന്‍ അദ്ദേഹത്തിന് കേള്‍പ്പിച്ച് കൊടുത്തിരുന്നു. ഇങ്ങനെ വലിയ ശ്രമങ്ങള്‍ ഈ പാട്ടിന് പുറകിലുണ്ട്. ഏത് കാര്യവും നന്നായി തോന്നുന്നതിന് പിന്നില്‍ ഒരു വലിയ അധ്വാനമുണ്ട്. നമുക്ക് ഈസിയാണെന്ന് തോന്നും. പക്ഷെ പിന്നില്‍ വലിയ ഹോംവര്‍ക്ക് തന്നെ ഉണ്ട്.
.ഗാനരചന ഇപ്പോള്‍ ബ്ലോക്കായതിനെക്കുറിച്ച്..
.ഗാനരചനയൊക്കെ ഇപ്പോള്‍ പൂട്ടി വെച്ചിരിക്കുകയാണ്. കാരണം അതിനേക്കാള്‍ വലിയ ജോലിയാണല്ലൊ സംവിധാനം എന്ന് പറയുന്നത്. എന്റെ സിനിമയില്‍ ഒരുപാട് കലാകാരന്മാരുടെ കോണ്ട്രിബ്യൂഷന് ഉണ്ടാവണം എന്നാഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. മറ്റാരെയും കിട്ടാതെ വരുമ്പോള്‍ ഞാന്‍ ചിലപ്പോള്‍ എല്ലാം ചെയ്തേക്കാം.
.രവീന്ദ്രന് സാര്‍, ജോണ്സണ് മാഷ് എന്നിവരോടൊപ്പമുള്ള അനുഭവം..
.അതെല്ലാം ഒരു സുവര്‍ണകാലമായിരുന്നു. അന്നത്തെ റെക്കോഡിംഗ് സമയവും രീതിയുമൊക്കെ മാറിപ്പോയി. കാലത്തിനനുസരിച്ച് മാറ്റങ്ങള്‍ വേണ്ടിവരും. എ.ടി ഉമ്മര്‍ മ്യൂസിക്ക് ചെയ്ത ‘ ഒരു നിമിഷം തരൂ നിന്നിലലിയാന്‍’.. എന്ന പാട്ട് റെക്കോര്‍ഡ് ചെയ്യുന്നതിന് മുന്‍പ് റിഹേഴ്സല്‍ ചെയ്യാന്‍ യേശുദാസ് വരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ഡോ.ബാലകൃഷ്ണന് ഒരു നഴ്സിംഗ് ഹോം ഉണ്ട് അവിടെ റെക്കോഡിംഗിന്റെ രണ്ട് മൂന്ന് ദിവസം മുന്‍പ് യേശുദാസ് വരുകയും എ.ടി ഉമ്മര്‍ അത് പാടിക്കൊടുക്കുകയും അദ്ദേഹം പാടി പ്രാക്ടീസ് ചെയ്തിട്ട് അത് ടാപ്പ് റെക്കോര്ഡറിലാക്കി പോവുകയും പിന്നെ റെക്കോഡിംഗിന് വന്ന് പാടുകയും ചെയ്യുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇന്ന് അതെല്ലാം മാറി. പിന്നെ രവീന്ദ്രന് മാഷ്, ജോണ്സണ് സാര്‍, എ.ടി ഉമ്മര്‍, ഇളയ രാജ എന്നിവരുടെയെല്ലാം കൂടെ പ്രവര്‍ത്തിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായിട്ടാണ് കരുതുന്നത്. ഇവരുടെയൊക്കെ ഉള്ളില്‍ നിന്ന് സംഗീതം വരുന്നത് നമുക്ക് കാണാം. രവീന്ദ്രന് മ്യൂസിക്ക് ചെയ്തിട്ടുള്ള ആദ്യത്തെ പാട്ട് എഴുതാനുള്ള ഭാഗ്യം എനിക്ക് കിട്ടി. ചൂള എന്ന സിനിമയിലെ താരകേ മിഴിയിതളില്‍ കണ്ണീരുമായി എന്ന ഗാനം. രവീന്ദ്രന്റെ മ്യൂസിക്കാണ് എന്നെ അതിലേയ്ക്ക് പ്രവേശിപ്പിച്ചത്. ആദ്യം തന്നെ ഞാന്‍ ഒഴിഞ്ഞ് മാറിയതായിരുന്നു ട്യൂണ്‍ ഇട്ടപ്പോള്‍ ഞാനില്ല എന്ന് പറഞ്ഞ്. രവീന്ദ്രന് നല്ല ഗായകനാണ്. ഈ പാട്ട് രാഗത്തില്‍ പാടി. അപ്പോഴാണ് മനസ്സിലായത് അത്രയും ജീനിയസ്സാണ് രവീന്ദ്രന് എന്ന്. എന്റെ മനസ്സറിയുന്ന ഒരു സംഗീത സംവിധായകനാണ് ജോണ്സണ്. പത്തിരുപത്തെട്ടോളം സിനിമകള്‍ ഞങ്ങള്‍ ഒരുമിച്ച് വര്‍ക്ക് ചെയ്തിട്ടുണ്ട്. ഒരു ആത്മബന്ധം തന്നെ ഞങ്ങള്‍ക്കിടയിലുണ്ട്. ജോണ്സണ് വളരെ കുറച്ച്പ്പേരെയെ അനുസരിക്കാറുള്ളു. അതിലൊന്ന് ഞാനാണ്. ഞാന്‍ പറയുന്നത് കേള്‍ക്കും. അദ്ദേഹത്തിന്റെ മഹത്വം ആളുകള്‍ തിരിച്ചറിഞ്ഞത് ജോണ്സണ് പോയികഴിഞ്ഞതിന് ശേഷമാണെന്നാണ് എനിക്ക് തോന്നിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പാട്ടുകളും ഇപ്പോള്‍ രണ്ടാമതും റീവര്‍ക്ക് ചെയ്തിട്ട് പ്രേക്ഷകര്‍ കേള്‍ക്കുന്നു. ജോണ്‍സന്റെ മെലഡീസ് കൂടുതല്‍ കൂടുതല്‍ കേള്‍ക്കുമ്പോള്‍ അതിന് പുതുമ തോന്നുന്നു. പ്രതിഭകള്‍ എന്ന് പറയുന്നത് കാലത്തിനതീതമായിട്ട് ജീവിക്കുന്നവരാണ്.
.മക്കളെക്കുറിച്ച്..
. അവര്‍ മുഴുവന്‍ സമയവും എന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഈ സിനിമയ്ക്ക് ഒരു യുവത്വം കൂടുതല്‍ ഉണ്ടെന്ന് പലരും പറഞ്ഞു. യുവാക്കളോടൊപ്പം സഞ്ചരിക്കുന്നു എന്നുള്ളതാണ് പ്രധാനപ്പെട്ട കാര്യം. ഞാന്‍ എപ്പോഴും പുതിയ ജനറേഷന്റെ എല്ലാ സിനിമകളും എപ്പോഴും കാണുകയും അവരുടെ എല്ലാ വാക്കുകളും കേള്‍ക്കുകയും അവരില്‍ നിന്നും പലതും പഠിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഒരാളാണ്. എന്റെ മക്കളായ അനൂപും അഖിലും സംവിധാനം പഠിക്കുകയാണ്. ഒരാള്‍ ലാല്‍ജോസിന്റെ കൂടെയും ഒരാള്‍ എന്റെ കൂടെയും. എന്തെങ്കിലും സീന്‍സൊക്കെ എഴുതി കഴിഞ്ഞിട്ടൊ അല്ലെങ്കില്‍ അത് ഡിസ്ക്കസ് ചെയ്ത് കഴിഞ്ഞാലൊ ഞാന്‍ ഇവരോട് സംസാരിക്കും. അച്ഛന് മക്കള്‍ എന്നതിനേക്കാള്‍ ഉപരി ഞങ്ങള്‍ സുഹൃത്തുക്കളെപ്പോലെയാണ്. അവര്‍ക്കൊന്നും അവരുടെ അഭിപ്രായങ്ങള്‍ പറയാന്‍ യാതൊരു മടിയുമില്ല. എന്റെ മൂത്ത മകന് അരുണ്‍ സിനിമാ രംഗത്തല്ലെങ്കില് പോലും അവനോട് ചോദിച്ച് കഴിഞ്ഞാല്‍ മാസ് അഭിപ്രായം കറക്ടായിട്ട് കിട്ടും. മക്കളോടും കൂടി ഡിസ്ക്കസ് ചെയ്തിട്ടാണ് ഇപ്പോള്‍ സിനിമ ചെയ്യുന്നത്. അതിന്റെ ഗുണം പലപ്പോഴും സിനിമയില്‍ ഉണ്ടാവാറുണ്ട്. സെറ്റിലാണെങ്കിലും ഇവര്‍ എന്റടുത്ത് വന്ന് അഭിപ്രായം ചോദിക്കും. ശരിയാണെങ്കില്‍ അത് അനുസരിക്കും. തെറ്റാണെങ്കില്‍ അത് എന്ത്കൊണ്ട് പാടില്ലെന്ന് അവര്‍ക്ക് മനസ്സിലാക്കികൊടുക്കും. ഫഹദും ദേവികയുമായിട്ടെല്ലാം എന്നെക്കാള്‍ കൂടുതല്‍ സൗഹൃദം അവര്‍ക്കാണ്. അത് അവരുടെ ജനറേഷനാണ്.
. വിമര്‍ശനത്തെ എങ്ങനെയാണ് കാണുന്നത്. ഈ ചിത്രത്തിലും അങ്ങനെ ഉണ്ടായി. നെഗറ്റീവ് മൈലേജിന് വേണ്ടി ബോധപൂര്‍വ്വം ചെയ്യുന്ന പണിയാണോ?
.റിലീസ് ചെയ്യുന്നത് വരെയാണ് ഒരു സിനിമ ഫിലിംമേക്കറുടേത്. റിലീസ് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ അത് പ്രേക്ഷകന്റെതാണ്. അപ്പോള്‍ ആ പ്രേക്ഷകന് പറയുന്ന കാമ്പുള്ള കാര്യങ്ങള്‍ നമ്മള് സ്വീകരിക്കേണ്ടതാണ്. ഞാന്‍ പ്രേക്ഷകരേക്കാള്‍ പുറകില്‍ അല്ലെങ്കില്‍ പ്രേക്ഷകരുടെ താഴെയാണ് എന്നാണ് വിചാരിക്കുന്നത്. നല്ല ബോധമുള്ള ആളുകളാണ് മലയാളത്തിലെ പ്രേക്ഷകര്‍. അവരുടെ മുന്നിലേക്കാണ് സിനിമ കൊണ്ടു വരുന്നതെന്ന ബോധ്യം എപ്പോഴുമുണ്ട്. നല്ല വിമര്‍ശകര്‍ മലയാളത്തില്‍ ഉണ്ട്. നമുക്ക് പറ്റിയ തെറ്റുകള്‍ ഇല്ലെങ്കില്‍ എവിടെയൊക്കെ നന്നാക്കാമായിരുന്നു എന്നെല്ലാം ചൂണ്ടിക്കാണിച്ച് തരുന്നവര്‍ നമ്മുടെ മാര്‍ഗ്ഗ ദീപങ്ങളാണ്. പക്ഷെ വേറൊരു വിഭാഗമുണ്ട്. അവര്‍ക്ക് പ്രകാശന്റെ സ്വഭാവമാണ്. ഇടിച്ച് കയറി സദ്യ ഉണ്ണും എന്നിട്ട് പായസത്തിന് മധുരം പോരാ അല്ലെങ്കില്‍ കറിക്ക് പുക മണം ഉണ്ട് എന്നെല്ലാം പറയും. അത്തരം ലാഘവത്തോടെ സിനിമയെ കാണുന്ന കുറച്ച് ആള്ക്കാര് ഉണ്ട്. ഞാനത് ഒരു തമാശയായിട്ടേ കാണാറുള്ളു. വളരെ ആധികാരികമായി ഇരുന്ന് സിനിമയെ വിമര്‍ശിക്കുന്ന ആളുകള്‍ക്ക് അതിന് എന്താണ് യോഗ്യത എന്ന് ഒരു തവണയെങ്കിലും നമുക്ക് തോന്നും. ശ്രീനിവാസനെയൊക്കെ വളരെ പരിഹാസത്തോട് കൂടി സംസാരിക്കുന്നവര്‍ക്ക് ശ്രീനിവാസനെന്ന പേര് ഉച്ഛരിക്കാന്പോലും അര്‍ഹതയില്ലാത്ത ആളുകളായിരിക്കാം. അവര്‍ സ്വയം ആലോചിക്കണം. നമ്മള് ഇതിന് യോഗ്യരാണോ എന്ന്. വിമര്‍ശനങ്ങള്‍ക്ക് ഞാന്‍ എതിരല്ല. വിമര്‍ശനങ്ങള്‍ വേണം. എങ്കിലല്ലെ നമ്മുടെ തെറ്റുകള്‍ നമുക്ക് തിരിച്ചറിയാന്‍ പറ്റൂ. പക്ഷെ മന:പൂര്‍വ്വം വിമര്‍ശനം പരിഹാസത്തിന്റെ രൂപത്തിലേക്ക് മാറുമ്പോള്‍ അതിനെ മൈന്‍ഡ് ചെയ്യാറില്ല. അത്തരക്കാരെ കൂടി ഉള്‍പ്പെടുത്തിയാണ് പ്രകാശനെന്ന കഥാപാത്രം ഉണ്ടാക്കിയത്.
.പൊളിറ്റിക്കല്‍ സറ്റയര്‍ ആവശ്യപ്പെടുന്നൊരു കാലമാണിത.് അത്തരത്തിലൊരു സിനിമയെക്കുറിച്ച് ആലോചനയുണ്ടോ..
. ഞാന്‍ ആലോചിച്ചിട്ടുണ്ട്. ഇപ്പോള്‍ തുടങ്ങിയതല്ല. കുറച്ച് നാളുകളായിട്ട് ഞാനും ശ്രീനിവാസനും കൂടി ആലോചിക്കുന്നുണ്ട്. ഇന്നത്തെ കേരളത്തിനെ ഒരു തമാശയുടെ കാഴ്ച്ചപ്പാടില്‍ കാണണമെന്ന് ആഗ്രഹിക്കുന്നുണ്ട്. പക്ഷെ സന്ദേശം എന്ന സിനിമ എടുത്തതിനേക്കാള്‍ അവസ്ഥ മോശമാണ് ഇന്ന്. കാരണം എന്തും ആളുകളെ സ്പര്‍ശിക്കുന്നു, എന്തിനും ആളുകള്‍ മോശമായി പ്രതികരിക്കുന്നു. സന്ദേശത്തിന്റെ സമയത്ത് അവനവനെ വിമര്‍ശിച്ചാലും അതില്‍ ഹ്യൂമര്‍ ഉള്‍ക്കൊള്ളുന്ന ഒരു കാലമായിരുന്നു. ഇപ്പോള്‍ കുറച്ച്്കൂടെ രൂക്ഷമായി പ്രതികരിക്കുന്ന ആളുകള്‍ ഉണ്ടാവുന്നുണ്ട്. അതിനാല്‍ തന്നെ ഒരുപാട് പരിമിതികള്‍ ഉണ്ട്. എങ്കിലും എന്റെയും ശ്രീനിവാസന്റെയും ചിന്തകളില്‍ അതുണ്ട്. പൊളിറ്റിക്കല്‍ സറ്റയറിനുള്ള ഒരു സമയമായിട്ടുണ്ട്. ചാനലുകളിലെല്ലാം പരിപാടികള്‍ വരുന്നുണ്ടെങ്കിലും ഒരു സിനിമ എന്നതിന് പ്രത്യേകം സ്പേസ് ഉണ്ട് എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. സന്ദേശത്തിന്റെ രണ്ടാംഭാഗമായിട്ടല്ല ചിത്രം ആലോചിക്കുന്നത്. ആറ് കൊല്ലത്തെ ആലോചനയ്ക്ക് ശേഷമാണ് സന്ദേശം സിനിമ ചെയ്തത്. അത്കൊണ്ട് ഇനി എത്ര വര്‍ഷത്തിന് ശേഷമാണ് അങ്ങനൊരു സിനിമ ഇറങ്ങുക എന്നത് എനിക്കിപ്പോള്‍ പറയാന്‍ പറ്റില്ല. പക്ഷെ ആലോചനയില്‍ ഉണ്ട്.
.അഖിലും അനൂപും സ്വതന്ത്ര സംവിധായകരാവാന്‍ മാത്രം പാകപ്പെട്ടോ..
.എനിക്ക് തോന്നുന്നു ചിലപ്പോള്‍ അവര്‍ ഈ വര്‍ഷം സ്വന്തമായി സിനിമ ചെയ്തേക്കാം. കഴിഞ്ഞ വര്‍ഷം മുതലേ അവര്‍ അതിനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സീരിയസ്സായിട്ട് സിനിമയെ കാണുന്ന കുട്ടികളാണ് അവര്‍. അത്കൊണ്ട് തന്നെ രണ്ടുപേര്‍ക്കും സ്വന്തം കാഴ്ച്ചപ്പാടുകള്‍ ഉണ്ട്. അനൂപ് കഴിഞ്ഞ വര്‍ഷം ഒരു സിനിമ ചെയ്യാന്‍ പ്ലാന്‍ ചെയ്തിട്ട് അവസാന നിമിഷം അവന് അതില്‍ നിന്ന് പിന്മാറിയതാണ്. അത് എനിക്ക് വലിയ സന്തോഷം തോന്നി. ഞാനും അങ്ങനെ ചെയ്തിട്ടുണ്ട്. സ്വതന്ത്രമായി സിനിമ ചെയ്യാന്‍ തുടങ്ങുന്ന സമയത്തിന്റെ തൊട്ട്മുന്‍പ് ഞാന്‍ അത് ചെയ്യാനായിട്ടില്ല എന്ന് തോന്നി അതില്‍ നിന്ന് പിന്മാറിയിട്ടുണ്ട്. ആ ഓരോ ഗുണങ്ങള്‍ അവനും കാണിക്കുന്നുണ്ട്. എങ്ങനെയെങ്കിലും സംവിധായകരാകണമെന്നല്ല, ചെയ്യുമ്പോള്‍ നല്ല സിനിമ ചെയ്യണമെന്നും നില നില്‍ക്കണമെന്നും ആത്മാര്‍ത്ഥമായിട്ട് അവര്‍ ആഗ്രഹിക്കുന്നു. എനിക്ക് തോന്നുന്നു ചിലപ്പോള്‍ 2019 ല്‍ രണ്ട്പേരും ചിലപ്പോള്‍ സംവിധായകരായേക്കാം.
.സത്യന് അന്തിക്കാട്, ശ്രീനിവാസന്, മോഹന്‍ലാല്‍ കൂട്ട്കെട്ട് പ്രേക്ഷകര്‍ എപ്പോഴും വല്ലാതെ ആഗ്രഹിക്കുന്ന കൂട്ട്കെട്ടാണ്?
.ഞാന്‍ പ്രകാശന് എന്ന കഥ വരുന്നതിന് മുന്‍പ് അങ്ങനെയൊരു പദ്ധതിയാണ് ഞാനും ശ്രീനിവാസനും കൂടെ ആലോചിച്ചത്. ഞാനും ശ്രീനിയും ലാലും കൂടിയുള്ളൊരു പ്രൊജക്ടിനെപ്പറ്റി. ലാലിനോട് ഞാനതിനേക്കുറിച്ച് പറഞ്ഞപ്പോള്‍ ലാല്‍ റെഡിയാണ്. എന്തായാലും ഞങ്ങള്‍ ഒരുമിച്ച് ചെയ്യുമ്പോള്‍ പ്രതീക്ഷയുടെ അപ്പുറത്ത് പോയില്ലെങ്കിലും പ്രതീക്ഷയ്ക്കൊപ്പമെങ്കിലും എത്തുന്ന സിനിമകളുണ്ടാവണമല്ലോ?. അപ്പോള്‍ അത്തരമൊരു സബ്ജക്ട് വന്ന് ചേര്‍ന്നില്ല. സബ്ജക്ട് വന്നു ചേര്‍ന്നത് ഒരു ചെറുപ്പക്കാരന്റേതാണ്. ആ ചെറുപ്പക്കാരന്റെ ക്യാരക്ടറിന് പെട്ടെന്ന് മനസ്സില്‍ വന്നൊരു മുഖം ഫഹദ് ഫാസിലിന്റെതാണ്. അത്കൊണ്ടാണ് ഞങ്ങള്‍ പ്രകാശനിലേക്ക് മാറിയത്. അങ്ങനൊരു പദ്ധതി ഞങ്ങള്‍ ഉപേക്ഷിച്ചിട്ടൊന്നുമില്ല. പ്രേക്ഷകരെക്കാള് ഉപരിയായിട്ട് ഞങ്ങള്‍ മൂന്ന്പേരും ആലോചിക്കുന്ന ഒരു വിഷയമാണത്.