മമ്മൂട്ടി ചിത്രം മധുരരാജയിലെ തന്റെ കഥാപാത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചതോടെ ആകെ വെട്ടിലായിരിക്കുകയാണ് നടന് അജു വര്‍ഗീസ്. സിനിമയിലെ അജുവിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ‘സുരു’ പേരാണ് അജു വര്‍ഗീസ് അഭിനയിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇത് തമിഴ് സൂപ്പര്‍സ്റ്റാര്‍ സൂര്യയെ പരിഹസിക്കുന്ന പേരാണെന്ന് ആരോപിച്ച് ആരാധകര്‍ രംഗത്തെത്തിയതാണ് അജുവിന് തലവേദനയായത്.
പോസ്റ്ററിനു താഴെ വിജയ്സൂര്യ ആരാധകര്‍ അങ്ങോട്ടും ഇങ്ങോട്ടും പോരിനിറങ്ങി. വിജയ് ആരാധകര്‍ അജുവിന് പിന്തുണയുമായെത്തിയപ്പോള്‍ സൂര്യ ആരാധകര്‍ രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. അതേസമയം, ഫാന്‍ഫൈറ്റ് രൂക്ഷമായതോടെ അജു വര്‍ഗീസ് തന്നെ നിലപാട് വ്യക്തമാക്കി രംഗത്തു വന്നു.
സിനിമയിലെ തന്റെ കഥാപാത്രത്തിന്റെ സൃഷ്ടാവ് താനല്ലെന്നും സൂര്യ ആരാധകര്‍ കരുതുന്നതുപോലെ ആ വലിയ നടനെ കളിയാക്കുന്നതായി ഒന്നുമില്ലെന്നും അജു വര്‍ഗീസ് കുറിച്ചു. ‘പ്രിയപ്പെട്ട സൂര്യ സര് ഫാന്‍സ് അറിയുവാന്‍, മധുരരാജാ എന്ന സിനിമയിലെ എന്റെ പേര് ഞാന്‍ അല്ല ഇട്ടതു. കൂടാതെ നിങ്ങള്‍ കരുതുന്ന പോലെ ആ വലിയ മനുഷ്യനെ കളിയാക്കാന്‍ വേണ്ടിയും അല്ല. അദ്ദേഹത്തിനെ ആരാധിക്കുന്ന ഫോക്കസ് ഔട്ടില്‍ നില്ക്കുന്ന ഒരുവന്’.-സൂര്യയുമൊത്തുള്ള ചിത്രം പങ്കുവച്ച ശേഷമായിരുന്നു അജുവിന്റെ പ്രതികരണം.