ജോസഫ്’ എന്ന ചിത്രത്തിന് ശേഷം തന്റെ പുതിയ നായക വേഷവുമായെത്തുകയാണ് നടന് ജോജു ജോര്‍ജ്. മമ്മൂട്ടി നായകവേഷത്തിലെത്തുമെന്ന കഴിഞ്ഞ വര്‍ഷം പ്രചരിച്ചിരുന്ന പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിലെ കാട്ടാളന് പൊറിഞ്ചുവായാണ് ജോജു തന്റെ പുതിയ ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ ജോജുവിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് ഇപ്പോള്‍ അണിയറപ്പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ബീഡിയും വലിച്ച കട്ട റഫ് ലുക്കില്‍ നില്ക്കുന്ന ജോജു തന്റെ അടുത്ത മാസ്സ് കഥാപാത്രത്തിന്റെ വരവാണ് ചിത്രത്തിലൂടെ അറിയിച്ചിരിക്കുന്നത്. മലയാലത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് മേക്കര്‍ സംവിധായകനായ ജോഷിയാണ് ചിത്രത്തിന്റെ അണിയറയില്‍. ഇരുവരും ഒന്നിക്കുമ്പോള്‍ ഒരു മികച്ച ചിത്രത്തിനായുള്ള കാത്തിരിപ്പ് ആരംഭിക്കുകയാണ്.
ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രമായി ചെമ്പന്‍ വിനോദും ചിത്രത്തിലെത്തുന്നുണ്ട്. നൈല ഉഷയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. മറ്റു കഥാപാത്രങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കീര്‍ത്തന മൂവീസ്, ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റെജി മോന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ അജയ് ഡേവിഡ് കാച്ചപ്പിള്ളി ഛായാഗ്രാഹണവും സംഗീതം ജേക്സ് ബിജോയും ഒരുക്കുന്നു. എഡിറ്റിംഗ് ശ്യാം ശശിധരന്. ചാന്ദ് വി ക്രിയേഷന്‍സാണ് ഈ ചിത്രം കേരളത്തില്‍ വിതരണം ചെയ്യാനൊരുങ്ങുന്നത്. പൊറിഞ്ചു മറിയം ജോസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.