ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കാര്‍ത്തിയ്ക്ക് ഒപ്പം ജ്യോതികയും അഭിനയിക്കുന്നു എന്ന റിപ്പോര്‍ട്ടുകളാണ് തമിഴകത്തു നിന്നും ഇപ്പോള്‍ വരുന്നത്. ഇതാദ്യമായാണ് സൂര്യയുടെ സഹോദരന് കൂടിയായ കാര്‍ത്തി, ജ്യോതികയ്ക്ക് ഒപ്പം ഒരു ചിത്രത്തില്‍ ഒരുമിക്കുന്നത്. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശനം എന്ന ചിത്രത്തിന് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന രണ്ടാം തമിഴ് ചിത്രമാണിത്.
സംവിധായകനായ ജീത്തു ജോസഫിനൊപ്പം റെനില്‍ ഡിസില്‍വ, മണികണ്ഠന് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രത്തിലെ നായികയെ കുറിച്ചും മറ്റ് അണിയറ പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരം ലഭ്യമല്ല. നായികയായല്ല മറിച്ച് കഥയില്‍ ഏറെ പ്രാധാന്യമുള്ളൊരു കഥാപാത്രമായാണ് ജ്യോതിക എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം അണിയറപ്രവര്‍ത്തകര്‍ ഇതുവരെ സ്ഥിതീകരിച്ചിട്ടില്ല.
നവാഗതനായ രജത് രവിശങ്കര്‍ സംവിധാനം ചെയ്ത ‘ദേവ്’ എന്ന ചിത്രമായിരുന്നു കാര്‍ത്തിയുടേതായി ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ഒരു അഡ്വഞ്ചര്‍ ഫോട്ടോഗ്രാഫറുടെ വേഷമായിരുന്നു കാര്‍ത്തിയ്ക്ക് ചിത്രത്തില്‍. പ്രണയവും സാഹസികതയും ഇട കലര്‍ത്തി ഒരുക്കിയ ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗായിരുന്നു നായിക. അമൃത ശ്രീനിവാസന്, രമ്യാ കൃഷ്ണന്, പ്രകാശ് രാജ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഹാരിസ് ജയരാജായിരുന്നു ചിത്രത്തിന് സംഗീതം നല്‍കിയത്. ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രത്തിന് സമ്മിശ്രപ്രതികരണങ്ങളാണ് ലഭിച്ചത്.
‘കാട്രിന്‍ മൊഴി’യാണ് ജ്യോതികയുടേതായി അവസാനം തിയേറ്ററിലെത്തിയ ചിത്രം. നവാഗതസംവിധായകനായ എസ്. രാജിന്റെ പുതിയ ചിത്രമാണ് ഇനി റിലീസ് ചെയ്യാന്‍ ഉള്ളത്. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായിയ താരം മലയാളത്തിന്റെ പ്രിയതാരവും സംവിധായികയുമായ രേവതിയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രത്തിന്റെ തിരക്കുകളിലാണ് ഇപ്പോള്‍. ‘ഗുലേബക്കാവലി’ സംവിധാനം ചെയ്ത കല്യാണിന്റെ ഏറ്റവും പുതിയ ചിത്രത്തിലാണ് ജ്യോതികയും രേവതിയും ഒന്നിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നിരുന്നു.
അതേസമയം, ഇമ്രാന് ഹഷ്മിയും റിഷി കപൂറും പ്രധാന വേഷങ്ങളിലെത്തുന്ന ത്രില്ലര്‍ ചിത്രത്തിലൂടെ ജീത്തു ഈ വര്‍ഷം ബോളിവുഡിലും എത്തുകയാണ്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണ്. കാര്‍ത്തി ചിത്രം പൂര്‍ത്തിയാക്കിയ ശേഷം മലയാളത്തില്‍ മോഹന്‍ലാലിനെ നായകനാക്കി പ്ലാന്‍ ചെയ്യുന്ന ചിത്രത്തിന്റെ ജോലികളിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പിലാണ് ജീത്തു ജോസഫ്. കാളിദാസ് ജയറാമിനെയും അപര്‍ണ ബാലമുരളിയേയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ‘മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി’യാണ് ജീത്തു ജോസഫിന്റെ ഏറ്റവും ഒടുവില്‍ റിലീസിനെത്തിയ ചിത്രം. ചിത്രം ഇപ്പോഴും തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.