49ാമത് ഗോവ അന്താരാഷ്ട്രചലച്ചിത്രോത്സവത്തിന് ഇന്ന് തിരിതെളിയും. 68 രാഷ്ട്രങ്ങളില്‍നിന്നുള്ള ഇരുനൂറിലേറെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന മേളയില്‍ മലയാളത്തില്‍നിന്നുള്ള മികച്ച ചിത്രങ്ങള്‍ ഇടംനേടിയിട്ടുണ്ട്.
ഇന്ത്യന്‍ പനോരമ കഥാവിഭാഗത്തില്‍ ഷാജി എന്‍ കരുണിന്റെ ഓള് ആണ് ഉദ്ഘാടന ചിത്രം. ലിജോ ജോസ് പെല്ലിശേരിയുടെ ഈ മ യൗ, എബ്രിഡ് ഷൈന്റെ പൂമരം, ജയരാജിന്റെ ഭയാനകം, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ, റഹീം ഖാദറിന്റെ മക്കന എന്നിവയും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍നിന്നുള്ള കായികസിനിമകളുടെ പ്രത്യേകവിഭാഗവും മേളയിലുണ്ട്. ഇക്കൂട്ടത്തില്‍ എബ്രിഡ് ഷൈന്‍ ചിത്രം 1983യും ഉള്‍പ്പെട്ടിട്ടുണ്ട്.
നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ രമ്യരാജ് സംവിധാനംചെയ്ത മിഡ്‌നൈറ്റ് റണ്‍ മേളയിലുണ്ട്. മലയാളത്തില്‍നിന്ന് രണ്ട് ഡോക്യുമെന്ററികളും ഇടംപിടിച്ചിട്ടുണ്ട്. വേലുത്തമ്പി ദളവയുടെ ജീവിതത്തെ ആസ്പദമാക്കി ഷൈനി ജേക്കബ് ബെഞ്ചമിന്‍ സംവിധാനം ചെയ്ത ‘സ്വേര്‍ഡ് ഓഫ് ലിബര്‍ട്ടി’, മോഹിനിയാട്ടം കലാകാരി ഡോ. സുനന്ദ നായരുടെ കലാജീവിതം പറയുന്ന വിനോദ് മങ്കരയുടെ ‘ലാസ്യ’വും. മലയാളിയായ വി എസ് സനോജ് ഒരുക്കിയ ഹിന്ദി ചിത്രം ‘ബേര്‍ണിങ്’, ദീപ്തി ശിവന്റെ ഇംഗ്ലീഷ് ചിത്രം ‘ഡീ കോഡിങ് ശങ്കര്‍’ എന്നിവയും ഈ വിഭാഗത്തില്‍ ഇടംപിടിച്ചിട്ടുണ്ട്.
യുകെ ജര്‍മന്‍ചിത്രം അസ്‌പേം പേപ്പേഴ്‌സ് ആണ് ഉദ്ഘാടന ചിത്രം. ഇംഗ്മര്‍ ബര്‍ഗ്മാന്റെ ചിത്രങ്ങളുടെ പ്രത്യേകവിഭാഗവും ഇക്കുറിയുണ്ടാകും. ഇസ്രയേല്‍ ആണ് ഇത്തവണത്തെ കണ്‍ട്രി ഫോക്കസ്.