![](https://i0.wp.com/celluloidonline.com/wp-content/uploads/2019/12/peranbu-and-lucifer.jpg?resize=720%2C380&ssl=1)
2019ലെ മികച്ച 10 ഇന്ത്യന്‍ ചിത്രങ്ങളുടെ പട്ടിക പുറത്തുവിട്ട് ഐഎംഡിബി (ഇന്റര്‍നെറ്റ് മൂവി ഡേറ്റാബേസ്). ആസ്വാദകര്‍ നല്‍കിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മമ്മൂട്ടിയുടെ അവിസ്മരണീയ പ്രകടനത്തിലൂടെ ശ്രദ്ധേയമായ റാം സംവിധാനം ചെയ്ത പേരന്‍പ് ആണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍ ആണ് പട്ടികയിലുള്ള ഏക മലയാള ചിത്രം. പത്താമതാണ് ലൂസിഫര്‍. ഏഴ് ബോളിവുഡ് ചിത്രങ്ങളാണ് പട്ടികയിലുള്ളത്. ഐഎംഡിബിയുടെ ഔദ്യോഗിക ടീം ആണ് പട്ടിക പുറത്തുവിട്ടത്.
ഉറി, ഗല്ലി ബോയ് എന്നീ ചിത്രങ്ങളെ പിന്നിലാക്കിയാണ് പേരന്‍പ് 9.2 റേറ്റിങ്ങോടെ ലിസ്റ്റില്‍ ഒന്നാമതെത്തിയിരിക്കുന്നത്. റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയിലും ഷാങ്ഹായ് അന്താരാഷ്ട്ര മേളയിലുമുള്‍പ്പെടെ നിരൂപകപ്രശംസ ഏറ്റുവാങ്ങിയ ചിത്രം നിരവധി അവാര്‍ഡുകളും നേടി. മമ്മൂട്ടി, സാധന, അഞ്ജലി അമീര്‍, അഞ്ജലി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഉറി, ഗല്ലിബോയ്, ആര്‍ട്ടിക്കിള്‍ 15, ചിച്ചോര്‍, സൂപ്പര്‍ 30, ബദ്‌ല, ദി താഷ്‌കെന്റ് ഫയല്‍സ്, കേസരി, ലൂസിഫര്‍ എന്നിവയാണ് പട്ടികയിലെ മറ്റ് ചിത്രങ്ങള്‍.