
2024-ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയിലേക്ക് 128 സിനിമകള്‍. പ്രാഥമിക ജൂറി, സിനിമകള്‍ കണ്ടുതുടങ്ങി. മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, വിജയരാഘവന്‍, ആസിഫ് അലി, ടൊവിനോ തോമസ് തുടങ്ങിയവരൊക്കെ മികച്ചനടനുള്ള മത്സരത്തിലുണ്ട്. കനി കുസൃതി, അനശ്വരാ രാജന്‍, ജ്യോതിര്‍മയി തുടങ്ങിയവര്‍ മികച്ചനടിക്കായി മത്സരിക്കാനുണ്ട്.
പ്രാഥമിക ജൂറി രണ്ടുസമിതികളായി തിരിഞ്ഞാണ് ചിത്രങ്ങളുടെ ആദ്യ തിരഞ്ഞെടുപ്പ് നടത്തുക. ആദ്യമായി ഒരു ട്രാന്‍സ്പേഴ്സണ്‍ ഇതിലുണ്ട്, ഗാനരചയിതാവും കവിയുമായ വിജയരാജമല്ലിക. സംവിധായകരായ രഞ്ജന്‍പ്രമോദ്, ജിബുജേക്കബ് എന്നിവര്‍ പ്രാഥമിക ജൂറിയിലെ രണ്ട് സബ് കമ്മിറ്റികളിലും ചെയര്‍പേഴ്സണ്‍മാര്‍ ആയിരിക്കും. അന്തിമ വിധിനിര്‍ണയസമിതിയിലും ഇവര്‍ അംഗങ്ങളാണ്.
മത്സരിക്കാനെത്തിയ 128 സിനിമകളിൽ 53 ചിത്രങ്ങളും നവാഗതർ സംവിധാനം ചെയ്‌തതാണ്. ഇതിലെ കൗതുകങ്ങളിലൊന്ന് ഇതാണ് -നവാഗത സംവിധായകനായി മത്സരിക്കുന്നവരിൽ ഒരാൾ മോഹൻലാലാണ്! ചിത്രം ‘ബറോസ്’. മറ്റൊരാൾ മികച്ച നടനുള്ള സംസ്ഥാനപുരസ്‌കാരം നേടിയിട്ടുള്ള ജോജു ജോർജാണ്; സിനിമ ‘പണി’.
‘ആള്‍ വീ ഇമാജിന്‍ ആസ് ലൈറ്റ്’, ‘ഭ്രമയുഗം’, ‘ബറോസ്’, ‘മലൈക്കോട്ടെ വാലിബന്‍’, ‘മഞ്ഞുമ്മല്‍ ബോയ്സ്’, ‘പ്രേമലു’, ‘മാര്‍ക്കോ’, ‘ഫെമിനിച്ചി ഫാത്തിമ’ എന്നിങ്ങനെയാണ് സിനിമയുടെ പട്ടിക. പ്രകാശ്രാജ് ചെയർമാനായ അന്തിമ ജൂറിയിൽ ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, പിന്നണി ഗായിക ഗായത്രി അശോകൻ, സൗണ്ട് ഡിസൈനർ നിതിൻ ലൂക്കോസ്, തിരക്കഥാകൃത്തും എഴുത്തുകാരനുമായ സന്തോഷ് ഏച്ചിക്കാനം എന്നിവരാണ് അംഗങ്ങൾ.