‘സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇതുപോലെ കളവ് പോവാറുണ്ടായിരുന്നു’-കേന്ദ്രത്തെ പരിഹസിച്ച് സിദ്ധാര്‍ത്ഥ്

റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്രത്തിന്റെ വാദത്തെ പരിഹസിച്ച് നടന്‍ സിദ്ധാര്‍ത്ഥ്. സ്‌കൂളില്‍ വെച്ച് തന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നെന്ന് സിദ്ധാര്‍ത്ഥ് പറഞ്ഞു. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് കരാര്‍ മോഷ്ടിക്കപ്പെട്ടെന്ന കേന്ദ്ര സര്‍ക്കാര്‍ വാദത്തെ സിദ്ധാര്‍ത്ഥ് ട്രോളിയത്.

‘ഞാന്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ ഹോംവര്‍ക്ക് ഇത് പോലെ കളവ് പോവാറുണ്ടായിരുന്നു. അന്ന് അധ്യാപകന്‍ റൂളറ് കൊണ്ട് എന്നെ അടിക്കുകയും കാല്‍മുട്ടില്‍ നിര്‍ത്തിക്കുകയും ചെയ്യുമായിരുന്നു.അതൊക്കെ ഒരു കാലം’ എന്നാണ് സിദ്ധാര്‍ത്ഥ് കുറിച്ചത്. റാഫേല്‍, ഫെയില്‍, ചോര്‍ ചോര്‍, ഡോഗ് ഏറ്റ് മൈ ഹോംവര്‍ക്ക് എന്നീ ഹാഷ് ടാഗുകളോട് കൂടിയാണ് സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

പുല്‍വാമ ഭീകരാക്രമണത്തെ നേട്ടമാക്കി പ്രസംഗിച്ച മോദിയെ വിമര്‍ശിച്ച് നേരത്തേയും സിദ്ധാര്‍ത്ഥ് രംഗത്തെത്തിയിരുന്നു. റഫാല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പ്രതിരോധമന്ത്രാലയത്തില്‍ നിന്ന് മോഷ്ടിക്കപ്പെട്ട വിവരം കഴിഞ്ഞ ദിവസമാണ് കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചത്.