റോഷന്‍ ആന്‍ഡ്രൂസിന് നിര്‍മ്മാതാക്കളുടെ വിലക്ക്

സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് വിലക്കേര്‍പ്പെടുത്തി. നിര്‍മ്മാതാക്കളുടെ സംഘടനയാണ് വിലക്ക് എര്‍പ്പെടുത്തിയത്. റോഷന്റെ സിനിമ ചെയ്യുന്നവര്‍ അസോസിയേഷനെ അറിയിക്കണം. നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണിയുടെ പരാതിയിലാണ് നടപടി. കൊച്ചിയിലെ പനമ്പള്ളി നഗറിലുള്ള ആല്‍വിന്റെ വീട്ടിലേക്ക് റോഷന്‍ ആന്‍ഡ്രൂസ് ഗുണ്ടകളുമായി എത്തി ആക്രമിച്ചുവെന്നാണ് പരാതി.

വീട്ടില്‍ എത്തിയ സംഘം തന്റെ അമ്മയെ ആക്രമിച്ചുവെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. തന്റെ സുഹൃത്തായ ഒരു ഡോക്ടര്‍ ആ സമയത്ത് വീട്ടില്‍ ഉണ്ടായിരുന്നു. അദ്ദേഹത്തേയാണ് സംഘം കൂടുതല്‍ ആക്രമിച്ചത്. ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിന് ശേഷമാണ് വീട്ടില്‍ നിന്നും സംഘം പോയത്. തനിക്കെതിരെ റോഷന്‍ ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണെന്നും ആല്‍വില്‍ ആന്റണി പറഞ്ഞു.

റോഷന്‍ ആന്‍ഡ്രൂസില്‍ നിന്നും ഭീഷണി ഉണ്ടെന്നും വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണ് ഉള്ളതെന്നും ആല്‍വിന്‍ പരാതിയില്‍ പറയുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ പെണ്‍സുഹൃത്തുമായുള്ള ആല്‍വിന്റെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയുമായുള്ള സൗഹൃദമാണ് ഇരുവര്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് പറയപ്പെടുന്നത്. സംഭവത്തില്‍ എറണാകുളം ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തിരുന്നു. റോഷന്‍ ആന്‍ഡ്രൂസിന്റെ സുഹൃത്ത് നവാസിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

error: Content is protected !!