100 കോടി ക്ലബ്ബ് എന്ന പ്രയോഗം സിനിമയുടെ പവിത്രതയെ തകര്‍ത്തു-റസൂല്‍ പൂക്കുട്ടി

ഒരു സിനിമ റിലീസ് ചെയ്ത ആദ്യ ദിവസം മുതല്‍ കേള്‍ക്കുന്നത് 50 കോടി, 100 കോടി ക്ലബ്ബുകളില്‍ കയറിയ കഥകളായിരിക്കും. എന്നാല്‍ ഇതിനെതിരേ രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. 100 കോടി ക്ലബ്ബ് എന്ന പ്രയോഗം സിനിമാ നിര്‍മാണത്തിന്റെ പവിത്രതയെ തന്നെ തകര്‍ത്തു എന്നാണ് റസൂല്‍ പൂക്കുട്ടി പറയുന്നത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിമര്‍ശനം.

‘പാശ്ചാത്യരാജ്യങ്ങള്‍ സിനിമ മേഖലയെ മള്‍ട്ടി മില്യണ്‍ ഡോളറിന്റെ ബിസിനസിലേക്ക് കൊണ്ടുവന്നതോടെയാണ് ഇന്ത്യയിലും 100 കോടി ക്ലബ്ബ് എന്നത് വലിയ കാര്യമായി മാറിയത്. 100 കോടി ക്ലബ്ബ് പരസ്യം ആരംഭിച്ചതോടെ സിനിമ ബിസിനസിനെ തന്നെ കൊന്നു. സിനിമ നിര്‍മാണത്തിന് പിന്നിലുണ്ടായിരുന്ന നല്ല ലക്ഷ്യത്തെ ഇത് ഇല്ലാതാക്കി. 100 കോടി ക്ലബ്ബിനെ ആദ്യം കൊണ്ടുവന്ന ആളെ ഞാന്‍ വെറുക്കുന്നു. അയാളുടെ മൈലേജിന് വേണ്ടിയായിരിക്കും അത് ചെയ്തത്. എന്നാല്‍ പിന്നീട് ഇത് സിനിമ നിര്‍മാണ രംഗത്തിന്റെ പവിത്രത തന്നെ നശിപ്പിച്ചു’ എന്ന് റസൂല്‍ പൂക്കുട്ടി പറഞ്ഞു.

ഇപ്പോള്‍ നിത്യ മേനോന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പ്രാണയിലെ ശബ്ദസംയോജനം നടത്തിയിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. ശബ്ദം ലൈവായി റെക്കോഡ് ചെയ്താണ് ചിത്രത്തില്‍ ഉപയോഗിക്കുന്നത്. സിനിമ സംവിധായകര്‍ സിങ്ക് സൗണ്ട് ഉപയോഗിക്കാന്‍ തയാറാവണം എന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

error: Content is protected !!