‘ഞാന്‍ പ്രകാശന്‍’ സൂക്ഷിച്ച് നോക്കിയാല്‍ ഇതില്‍ നിങ്ങളെ കാണാം..

ഒരു ഇന്ത്യന്‍ പ്രണയകഥയ്ക്ക് ശേഷം സത്യന്‍ അന്തിക്കാട്-ഫഹദ് ഫാസില്‍ കൂട്ട്‌കെട്ട്‌ വീണ്ടും ഒരുമിച്ച ചിത്രമാണ് ഞാന്‍ പ്രകാശന്‍. ഫഹദ്- സത്യന്‍ അന്തിക്കാട് കൂട്ട്‌കെട്ടിനുപരി പതിനാറ് വര്‍ഷത്തിനു ശേഷം ശ്രീനിവാസന്‍ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണെന്ന പ്രത്യേകതയുമായെത്തിയ പ്രകാശന്‍ പക്ഷേ പ്രതീക്ഷ തെറ്റിച്ചില്ല. 2002- ല്‍ യാത്രക്കാരുടെ ശ്രദ്ധയ്ക്ക് എന്ന ചിത്രത്തിന് ശേഷം ശ്രീനിവാസനും, സത്യന്‍ അന്തിക്കാടും ഒന്നിച്ചപ്പോള്‍ സാമൂഹ്യ പ്രസക്തിയുള്ള ഒരു വിഷയം രസകരമായി തന്നെ കൈകാര്യം ചെയ്യാന്‍ പ്രകാശനായി.

കാര്‍ബണ്‍, വരത്തന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഫഹദിന്റെ ഈ വര്‍ഷത്തെ അവസാന റിലീസ് എന്ന രീതിയില്‍ ചിത്രം മികച്ചു നില്‍ക്കുന്നു. ഒരു ടിപ്പിക്കല്‍ മലയാളി യുവാവായ പ്രകാശനെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഗസറ്റില്‍ പരസ്യം ചെയ്ത് പ്രകാശന്‍ എന്ന പേര് മറ്റി പിആര്‍ ആകാശ് എന്നാക്കി പരിഷ്‌ക്കരിക്കുന്നു. നഴ്‌സിംഗാണ് പഠിച്ചതെങ്കിലും ജോലി ചെയ്യാന്‍ താത്പര്യമില്ല, വിദേശമാണ് സ്വപ്നം, അതിന് പ്രണയമുള്‍പ്പെടെയുള്ള എന്ത് തക്കിട തരികിട പരിപാടികളും, ചുളു വേലകളും ഒപ്പിക്കുന്ന പ്രകാശനാണ് ആദ്യ പകുതിയില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ തിരക്കഥയേക്കാള്‍ ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയായിരുന്നു സിനിമയെ മുന്നോട്ട് കൊണ്ട് പോയത്. സ്വാഭാവികാഭിനയത്തിന്റെ മലയാളത്തിലെ സ്‌കൂളാണ് താനെന്ന് ഒരിയ്ക്കല്‍ കൂടെ അടിവരയിട്ടുറപ്പിയ്ക്കുന്നു. ചിത്രത്തിന്റെ രണ്ടാം പകുതിയില്‍ ശ്രീനിവാസന്റെ കൈകളില്‍ ജീവിതത്തിന്റെ സ്റ്റിയറിംഗേല്‍പ്പിക്കുന്നതോടെ പി. ആര്‍ ആകാശ് എന്ന് പേര് മാറ്റിയ പ്രകാശന്‍ തന്റെ പേരിലേക്കും മണ്ണിലേക്കും തന്നെ തിരിച്ചു നടക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. രണ്ടാം പകുതിയില്‍ അല്‍പ്പം കൂടെ വിഷയം ഗൗരവപൂര്‍വ്വം അവതരിപ്പിക്കുന്നുണ്ടെങ്കിലും രസചരട് പൊട്ടാതെ നോക്കിയ തിരക്കഥയും സംവിധാന മികവും എടുത്ത് പറയേണ്ടതാണ്.

അരവിന്ദന്റെ അതിഥികള്‍, ലവ് 24*7 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നിഖില വിമലാണ് ആദ്യ പകുതിയില്‍ നായികയായെത്തിയത്. കൂടാതെ ഗോപാല്‍ജി എന്നുള്ള കഥാപാത്രവുമായി ശ്രീനിവാസനും ചിത്രത്തില്‍ നല്ലൊരു വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. വീണാ നായര്‍ ,കെ.പി.എസി ലളിത, ദേവികാ സഞ്ജയ്, മഞ്ജുഷ, സവിതാ ആനന്ദ് എന്നിവരുടെ പ്രകടനവും നന്നായിരുന്നു.

നിഷ്‌കളങ്കതയും പ്രകൃതി ഭംഗിയുമെല്ലാമാണ് സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ സവിശേഷതയെങ്കില്‍ ആ ഗണത്തില്‍ തന്നെ ഉള്‍പ്പെടുന്ന പ്രകാശനിലെ ഛായാഗ്രഹണവും കഥയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ്. എസ് കുമാറാണ് ഛായാഗ്രാഹകന്‍. ബികെ ഹരിനാരായണന്റെ വരികള്‍ക്ക് ഷാന്‍ റഹ്മാന്‍ ഈണം നല്‍കിയപ്പോള്‍ ചിത്രത്തിന്റെ സ്വാഭാവിക ഒഴുക്കിനെ സഹായിച്ചു. കണ്ണുകളെ ഈറനണിയിക്കുന്ന വൈകാരിക മുഹൂര്‍ത്തങ്ങള്‍ക്കൊപ്പം സിനിമാറ്റിക്ക് ആയ ഒരു ക്ലൈമാക്‌സും നല്‍കാതെ സിനിമ തീര്‍ന്നപ്പോള്‍ നമുക്ക് ചുറ്റിലും കണ്ടു കൊണ്ടിരിക്കുന്ന പ്രകാശന്‍മാരുടെ സ്വാഭാവിക കഥാപരിസരത്ത് നിന്ന് ഇറങ്ങി വന്ന അനുഭവമാണുണ്ടാവുക.

error: Content is protected !!