മീ ടൂ വിവാദം.. ഗാനരചിതാവ് വൈരമുത്തുവിനെതിരെ വനിതാ കൗണ്‍സിലിന് പരാതി നല്‍കി ഗായിക ചിന്മയി..

ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ആരോപണങ്ങളുന്നയിച്ച് മീ ടു ക്യമ്പെയ്‌നിലൂടെ രംഗത്തെത്തിയ ഗായിക ചിന്മയി ശ്രീപാദ ദേശീയ ഈ വിയത്തില്‍ വനിതാ കൗണ്‍സിലിനു പരാതി നല്‍കി. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ചിന്മയി സ്ഥിരീകരിച്ചത്. ദേശീയ കൗണ്‍സില്‍ മുമ്പാകെ ഔദ്യോഗികമായി പരാതി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രശ്നപരിഹാരത്തിന് കേന്ദ്ര മന്ത്രി മനേക ഗാന്ധി തന്നെ സഹായിക്കുമെന്നാണ് കരുതുന്നതെന്നും ചിന്മയി തന്റെ ട്വീറ്റിലൂടെ പറഞ്ഞു. വിഷയത്തിന് പരിഹാരം തേടണമെന്നാവശ്യപ്പെട്ട് കേന്ദ്ര മന്ത്രി മനേക ഗാന്ധിക്കും ചിന്മയി
ട്വീറ്റ് ചെയ്തിട്ടുണ്ട്.

വൈരമുത്തുവിനെ കുറിച്ച് ആരോപണങ്ങളുന്നയിച്ചത് നാലുമാസം മുമ്പാണെന്നും അന്നുമുതല്‍ തമിഴ് സിനിമാമേഖല തനിക്ക് വിലക്കേര്‍പ്പെടുത്തിയെന്നും ചിന്മയി പറയുന്നു. തന്റെ അനുഭവം കണ്ട് പ്രതികരിക്കണമെന്നാഗ്രഹിക്കുന്നവര്‍ പോലും പിന്‍വലിഞ്ഞു. ഇനി താനെന്താണ് ചെയ്യേണ്ടതെന്നും ചിന്മയി ചോദിക്കുന്നു.

ചിന്മയിയുടെ പരാതി ശ്രദ്ധയില്‍പെട്ട മനേക ദേശീയ വനിതാ കമ്മീഷനുമായി കേസ് ലിങ്ക് ചെയ്തിട്ടുണ്ടെന്നും ബന്ധപ്പെടേണ്ട വിവരങ്ങള്‍ കൂടി പങ്കുവെക്കണമെന്നും ട്വീറ്റ് ചെയ്തു. താനുമായി ബന്ധപ്പെടാനുള്ള വിവരങ്ങള്‍ അപ്പോള്‍ തന്നെ മന്ത്രിക്കു കൈമാറിയെന്ന് ചിന്മയി ട്വീറ്റ് ചെയ്തു.

തമിഴ് സിനിമകളില്‍ ജോലി ചെയ്യുന്നതിനുള്ള വിലക്കിനെതിരെ നേരത്തെ തന്നെ വിശാലിനു കത്തയച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ ലക്ഷ്യങ്ങളില്‍ തനിക്ക് വിശ്വാസമുണ്ടെങ്കിലും ഡബ്ബിംഗ് യൂണിയനുമായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന് നേരിട്ട് ഇടപെടലുകള്‍ സാധ്യമല്ലെന്നാണ് മനസ്സിലാകുന്നതെന്നും ചിന്മയി പറയുന്നു.

അതേ സമയം ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് യൂണിയനില്‍ നിന്നും തന്നെ പിരിച്ചു വിട്ട നടപടി ഇപ്പോഴും അതേ പടി തുടരുന്നുവെന്നും ഗായിക ട്വീറ്റ് ചെയ്തു. തനിക്കെതിരെ കടുത്ത ഭാഷയില്‍ ആരോപണങ്ങളും വിമര്‍ശനങ്ങളുമുന്നയിച്ച ഡബ്ബിംഗ് യൂണിയന്‍ പ്രസിഡന്റ് രാധാ രവിക്കെതിരെ പരാതി നല്‍കാന്‍ തമിഴ്നാട് സിനിമാവ്യവസായത്തില്‍ ഒരിടം പോലുമില്ലെന്നും ചിന്മയി പറയുന്നു. അത്തരം പരാതികളുന്നയിക്കാന്‍ ഇന്റേര്‍ണല്‍ കംപ്ലെയിന്റ് കമ്മിറ്റികളില്ല. മാത്രമല്ല, പ്രസിഡന്റിനെതിരെ പരാതിപ്പെടാന്‍ അദ്ദേഹത്തിന്റെ തന്നെ സമ്മതം വേണം. ചോദ്യം ചെയ്താല്‍ ഇതുപോലെ പുറത്താക്കുകയും ചെയ്യും. ചിന്മയി ട്വീറ്റ് ചെയ്യുന്നു.

കഴിഞ്ഞ ഒക്ടോബറിലാണ് വൈരമുത്തുവിനെതിരെ ശക്തമായ ലൈംഗികാരോപണങ്ങളുമായി ചിന്മയി രംഗത്തെത്തിയത്. മീ ടൂ ആരോപണങ്ങള്‍ക്ക് തുടക്കം കുറിച്ച സംഭവങ്ങളിലൊന്നായിരുന്നു അത്. സ്വിറ്റ്സര്‍ലന്റിലെ ഒരു പരിപാടിക്കിടെ വൈരമുത്തുവിനെ ഒരു ഹോട്ടലില്‍ ചെന്ന് കാണണമെന്നാവശ്യവുമായി സംഘാടകരിലൊരാള്‍ സമീപിച്ചുവെന്നാണ് ഗായിക ആരോപിച്ചത്. താനും അമ്മയും ഇന്ത്യയിലേക്ക് മടങ്ങാനൊരുങ്ങുകയാണ് പറഞ്ഞ് ചിന്മയി അത് നിരസിച്ചു. എങ്കില്‍ ഔദ്യോഗിക അവസാനിച്ചുവെന്ന് കരുതാനായിരുന്നു തനിക്ക് ലഭിച്ച മറുപടിയെന്നും ചിന്മയി വെളിപ്പെടുത്തിയിരുന്നു. ഈ സംഭവത്തിനു മുമ്പും വൈരമുത്തു തന്നെ ജോലി സ്ഥലത്തു വച്ച് അപമാനിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും ഗായിക ആരോപിച്ചിരുന്നു.