മമ്മൂട്ടി ചിത്രം പേരന്‍പിന്റെ ട്രെയിലറിന് വന്‍വരവേല്‍പ്പ്

ആരാധകര്‍ ഏറെക്കാലമായി കാത്തിരിക്കുന്ന മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പിന്റെ ട്രെയിലറിന് സമൂഹമാധ്യമങ്ങളില്‍ വന്‍വരവേല്‍പ്പ്. ചെന്നൈയില്‍ വികടന്‍ സിനിമാ പുരസ്‌കാര വേദിയില്‍ നടന്ന ട്രെയിലര്‍ റിലീസ് ചടങ്ങില്‍ റാം, മമ്മൂട്ടി, അഞ്ജലി അമീര്‍ എന്നിവര്‍ പങ്കെടുത്തു. തങ്കമീന്‍കളും തരമണിയുമൊക്കെ ഒരുക്കിയ ദേശീയ അവാര്‍ഡ് ജേതാവ് റാമാണ് ചിത്രത്തിന്റെ സംവിധാനം.

റോട്ടര്‍ഡാം ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചപ്പോള്‍ തന്നെ വലിയ സ്വീകരണമാണ് ചിത്രത്തിന് ലഭിച്ചത്. പിന്നീട് ഷാങ്ഹായ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിലും ഗോവ ചലച്ചിത്രമേളയുടെ ഇന്ത്യന്‍ പനോരമാ വിഭാഗത്തിലും ചിത്രം പ്രദര്‍ശിപ്പിച്ചു. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വ്യത്യസ്തമായ അടയാളപ്പെടുത്തലാവും പേരന്‍പ് എന്ന് വിലയിരുത്തപ്പെടുന്നു. മാനസിക വൈകല്യമുള്ള പാപ്പയും അവളുടെ അച്ഛന്‍ അമുദവനും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് ‘പേരന്‍പ്’ പറയുന്നത്. അമുദവനായി മമ്മൂട്ടി എത്തുമ്പോള്‍ പാപ്പയാവുന്നത് സാധനയാണ്.

അഞ്ജലി, സമുദ്രക്കനി എന്നിവര്‍ക്കൊപ്പം ട്രാന്‍സ്‌ജെന്‍ഡറായ അഞ്ജലി അമീറും പ്രധാന വേഷത്തിലുണ്ട്. ഒപ്പം മലയാളത്തില്‍നിന്ന് സിദ്ദിഖും സുരാജ് വെഞ്ഞാറമൂടും ഉണ്ട്. ഇളയരാജയുടെ മകനും പ്രശസ്ത സംഗീത സംവിധായകനുമായ യുവന്‍ ശങ്കര്‍ രാജയാണ് സംഗീതമൊരുക്കിയത്. തേനി ഈശ്വര്‍ ക്യാമറയും സൂര്യ പ്രഥമന്‍ എഡിറ്റിങ്ങും നിര്‍വഹിച്ചു. എ.എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. കൊടൈക്കനാലില്‍ ഒരുക്കിയ സെറ്റിലും ചെന്നൈയിലുമായാണ് ‘പേരന്‍പി’ന്റെ ചിത്രീകരണം നടന്നത്. പേരന്‍പ് അടുത്ത മാസം റിലീസ് ചെയ്യും.

ട്രെയിലര്‍ കാണാം..

error: Content is protected !!