വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ ആര്യ വിവാഹിതനാകുന്നു

തെന്നിന്ത്യന്‍ നടന്‍ ആര്യ വിവാഹിതനാകുന്നു എന്ന വാര്‍ത്തയാണ് തമിഴകത്ത് നിന്ന് ഇപ്പോള്‍ പുറത്ത് വരുന്നത്. യുവനടി സയേഷയാകും താരത്തിന്റെ വധുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും വിവാഹത്തെക്കുറിച്ച് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.തുടര്‍ന്നാണ് ഇപ്പോള്‍ വാര്‍ത്ത ശരിയെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഹൈദരാബാദില്‍ വെച്ച് മാര്‍ച്ചിലാകും വിവാഹം. വിവാഹ തീയതിയടക്കമുള്ള കാര്യങ്ങള്‍ ഇവര്‍ ഔദ്യോഗികമായി അറിയിക്കുമെന്നും സൂചനയുണ്ട്. ഗജനികാന്ത് എന്ന ചിത്രത്തില്‍ ആര്യയുടെ നായികയായിരുന്നു സയേഷ.

നേരത്തെ ഭാവി വധുവിനെ കണ്ടെത്താന്‍ ആര്യ നടത്തിയ റിയാലിറ്റി ഷോ എങ്ക വീട്ട് മാപ്പിളൈ വലിയ വിവാദമായിരുന്നു.16 മത്സരാര്‍ത്ഥികളുമായി തുടങ്ങിയ ഷോയിലെ വിജയിയെ ആര്യ വിവാഹം കഴിക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാല്‍ ഫൈനലിലെത്തിയ മൂന്ന് മത്സരാര്‍ത്ഥികളെയും നിരാശരാക്കി ആരെയും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു ആര്യയെടുത്തത്. താന്‍ ഒരാളെ തിരഞ്ഞെടുത്താല്‍ മറ്റുള്ളവര്‍ക്ക് വേദനയാകുമെന്നു പറഞ്ഞാണ് താരം അന്ന് പിന്മാറിയത്.