ജനഹൃദയങ്ങളിലേയ്ക്ക് മമ്മൂട്ടിയുടെ പദയാത്ര..

തന്റെ കഥാപാത്രമായി ജീവിക്കാനുള്ള മമ്മൂട്ടിയെന്ന നടന്റെ കഴിവ് ഉപയോഗപ്പെടുത്തുന്ന സിനിമകള്‍ വിജയ ചിത്രങ്ങളുടെ ഗണത്തില്‍ ഇടം പിടിക്കാറുണ്ട്. ഇത് തന്നെയാണ് മഹി വി രാഘവ് എന്ന സംവിധായകന്‍ തന്റെ റിയലിസ്റ്റിക് സമീപനത്തിലൂടെ ഒരിക്കല്‍ കൂടി അദ്ദേഹത്തെ ഉപയോഗപ്പെടുത്തി സാധിച്ചിട്ടുള്ളത്. വൈ എസ് ആര്‍ രാജശേഖര റെഡ്ഡിയെന്ന ശക്തനായ നേതാവിന്റെ ജീവചരിത്രത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം സമൂഹത്തിലെ അനീതികള്‍ക്കെതിരെ ഒരു മണിനാദം പോലെ പ്രേക്ഷകരുടെ മനസ്സില്‍ മുഴങ്ങാന്‍ കൂടി യാത്രയെന്ന ചിത്രത്തിനായി.

ഒരു ജീവിതകഥ അല്ലെങ്കില്‍ ജീവചരിത്രം പ്രേക്ഷകര്‍ക്ക് മുന്നില്‍ സംഭവിക്കുന്നത്ര സ്വാഭാവികതയോടെയാണ് മഹി വി രാഘവ് എന്ന സംവിധായകന്‍ ചിത്രം കൊണ്ടു പോകുന്നത്. ഒരു രാഷ്ട്രീയ ക്യാമ്പെയിനിലൂടെ തുടങ്ങുന്ന യാത്ര പിന്നീട് വൈ എസ് ആര്‍ രാജശേഖര റെഡ്ഡിയെന്ന രാഷ്ട്രീയപ്രവര്‍ത്തകന്റെ ജീവിതം തന്നെ മാറ്റി മറിക്കുകയാണ്. തന്റെ പദയാത്രയിലൂടെ സാധാരണക്കാരുടെയും കര്‍ഷകരിലൂടെയും കഷ്ടതകളിലൂടെ കടന്നുപോകുമ്പോഴുണ്ടാകുന്ന അനുഭവങ്ങളിലൂടെ ഒരു യഥാര്‍ത്ഥ ജനനായകന്‍ ഉരിത്തിരിഞ്ഞുവരുന്നത് ചിത്രത്തിലൂടെ കാണാം.

വൈ എസ് ആറായി മമ്മൂട്ടി ജീവിക്കുക തന്നെയാണ് ചെയ്തത്. പേരന്‍പിന് ശേഷം അതില്‍ നിന്നും വ്യത്യസ്ഥമായി തന്റെ തനിമയാര്‍ന്ന അഭിനയത്തിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് തന്നെയാണ് യാത്ര എന്ന ചിത്രത്തെയും മുന്നോട്ട് നയിക്കുന്നത്. ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ജഗപതി ബാബു, സച്ചിന്‍ ഖേദ്കര്‍, റാവോ റമേഷ്, എന്നിവരുടെ അഭിനയവും ചിത്രത്തിന് ഒരു കൃത്യമായ ദിശ നല്‍കി. പക്ഷെ യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിക്കൊപ്പം മുന്നിട്ട് നിന്നത് തങ്ങളറിയാതെ കര്‍ഷകരുടെ വേഷത്തിലെത്തിയ ജനങ്ങള്‍ തന്നെയാണ്. വര്‍ഷങ്ങള്‍ക്കു ശേഷം മമ്മൂട്ടിക്കൊപ്പം സുഹാസിനിയും ചിത്രത്തില്‍ ഒന്നിക്കുന്നു.

വിജയ് ചില്ലയും ശശി ദേവറെഡ്ഡിയും ചേര്‍ന്ന് ചിത്രത്തിനൊരുക്കിയ ഗംഭീരമായ സെറ്റും എടുത്ത് പറയേണ്ടിയിരിക്കുന്നു. ഒരു ചരിത്ര പരമായ സംഭവം നടക്കുന്നത് കൃത്യമായി അതിന്റെ പൂര്‍ണതയോടെ അവതരിപ്പിക്കാന്‍ മഹി എന്ന സംവിധായകനെ സഹായിച്ചത് ഈ പിന്തുണ തന്നെയാണ്. ചിത്രത്തിനൊപ്പം പ്രേക്ഷകരെ കൊണ്ടു പോകാന്‍ സത്യന്‍ സൂര്യന്റെ ക്യാമറയും കെ (കെ കൃഷ്ണ കുമാര്‍) എന്ന സംഗീതജ്ഞന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഏറെ സഹായിച്ചു.

രാഷ്ട്രീയത്തിലും സമൂഹത്തിലും വേണ്ട അടിസ്ഥാനപരമായ തിരുത്തലുകള്‍ തന്നെയാണ് യാത്രയെന്ന ചിത്രത്തിന്റെ സന്ദേശം. ഒരു യഥാര്‍ത്ഥ സംഭവത്തിലൂടെ അത് മഹി വി രാഘവ് എന്ന സംവിധായകനും മമ്മൂട്ടിയെന്ന പ്രതിഭയും പ്രേക്ഷകന് അനുഭവഭേദ്യമാക്കിത്തരുന്നു. എഴുതിവെച്ച സിദ്ധാന്തങ്ങള്‍ക്കുമപ്പുറം രാഷ്ട്രീയമെന്നത് ജനങ്ങള്‍ക്കിടയില്‍ അവരില്‍ ഒരാളായി നിന്ന് അവരില്‍തന്നെ പ്രയോഗിക്കേണ്ടുന്ന ഇടപെടലാണെന്നും ആ ചരിത്രം ജനഹൃദയങ്ങളില്‍ എക്കാലവും നിലനില്‍ക്കുമെന്നും യാത്ര പറഞ്ഞ് വെക്കുന്നു. തീര്‍ച്ചയായും ഈ യാത്ര നിങ്ങളെ നിരാശപ്പെടുത്തില്ല.

error: Content is protected !!