വൈ.എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി, യാത്ര ജനുവരിയില്‍ റിലീസ് ചെയ്യും

മുന്‍ ആന്ധ്ര മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയായി മമ്മൂട്ടി എത്തുന്ന ചിത്രം ‘യാത്ര’ തമിഴിലും തെലുങ്കിലും ജനുവരിയില്‍ റിലീസിനെത്തുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. മഹി രാഘവാണ് ചിത്രത്തിന്റെ സംവിധാനവും രചനയും. 30 കോടി ബജറ്റിലൊരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് വിജയ് ചില്ലയും ശശി ദേവിറെഡ്ഡിയും ചേര്‍ന്നാണ്.

1999 മുതല്‍ 2004 വരെയുള്ള കാലഘട്ടത്തിലെ വൈ.എസ്.ആറിന്റെ ജീവിത കഥയാണ് യാത്ര എന്ന പേരിട്ടിരിക്കുന്ന ബയോപിക്കിലൂടെ പറയുന്നത്. 2004 ല്‍ അദ്ദേഹം നടത്തിയ പദയാത്ര സിനിമയിലെ മുഖ്യ ഭാഗമാണ്. മൂന്ന് മാസം കൊണ്ട് 1475 കിലോമീറ്റര്‍ ദൂരമാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്.

മമ്മൂട്ടി തെലുങ്കില്‍ നീണ്ട 26 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രമാണ് യാത്ര. സ്വാതി കിരണം, സൂര്യപുത്രഡു, റെയില്‍വേ കൂലി എന്നിവയാണ് മമ്മൂട്ടി ഇതിനു മുന്‍പ് തെലുങ്കില്‍ അഭിനയിച്ച ചിത്രങ്ങള്‍. മമ്മൂട്ടി-സുഹാസിനി ജോഡിയും ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്. ആന്ധ്രപ്രദേശിലെ ആദ്യത്തെ വനിത ആഭ്യന്തര മന്ത്രിയായിരുന്ന സബിത ഇന്ദ്ര റെഡ്ഡിയുടെ കഥാപാത്രത്തെയാണ് സുഹാസിനി അവതരിപ്പിക്കുന്നത്.

സത്യന്‍ സൂര്യനാണ് യാത്രയുടെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ശ്രീകര്‍ പ്രസാദാണ് എഡിറ്റിംഗ്. സൗണ്ട് ഡിസൈന്‍ ഒരുക്കുന്നത് സിങ്ക് സിനിമയാണ്.

error: Content is protected !!