ലോക സിനിമയെ വീണ്ടും വിറപ്പിച്ച് ‘യന്തിരന്‍’-മൂവി റിവ്യൂ

ഏറെക്കാലത്തെ ആരാധകരുടെ കാത്തിരിപ്പിനൊടുവിലെത്തിയ ശങ്കര്‍ ചിത്രം 2.0 യുടെ വിശേഷങ്ങളാണിന്ന് സെല്ലുലോയ്ഡ് മൂവി റിവ്യൂവില്‍.

540 കോടിയോളം മുതല്‍ മുടക്കില്‍ യന്തിരനു പിന്തുടര്‍ച്ചയായെത്തിയ ശങ്കര്‍ ചിത്രം പൂര്‍ണ്ണമായും 3ഡി യിലായത് കൊണ്ട് തന്നെ ബിഗ് സ്‌ക്രീനില്‍ കാണേണ്ട ബിഗ് ട്രീറ്റാണ് ചിത്രം. വി.എഫ് എക്‌സിന്റെ ഗംഭീര ദൃശ്യ വിരുന്ന് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

യന്തിരന്‍ എന്ന ഹിറ്റ് സിനിമയുടെ രണ്ടാം ഭാഗമായാണ് നിര്‍മ്മിച്ചതെങ്കിലും ആദ്യ ഭാഗത്തിന്റെ തുടര്‍ച്ചയല്ല സിനിമ. പ്രേക്ഷകര്‍ തുടര്‍ച്ചയാണ് പ്രതീക്ഷിച്ചതെങ്കിലും യന്തിരനിലെ ചിട്ടിയും വസിഗരനും തന്നെയാണ് വ്യത്യസ്ത കഥയുമായി എത്തിയിരിക്കുന്നത്. നാട്ടിലെ മുഴുവന്‍ ഫോണുകളും അപ്രത്യക്ഷമാകുന്നതോടെയാണ് കഥയ്ക്ക് ചൂട് പിടിക്കുന്നത്. വിനാശകാരിയായ ചിട്ടിയുടെ രണ്ടാം പതിപ്പിനെ ഈ സിനിമയില്‍ കാണാം.

പല വേഷങ്ങളില്‍, പല ഭാവങ്ങളില്‍ രജനികാന്ത് മിന്നുന്ന പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ട്. പ്രതിനായക വേഷം നന്നായി ഇണങ്ങുമെന്നു കാണിച്ചു കൊണ്ട് അക്ഷയ് കുമാര്‍ അഭിനന്ദനാര്‍ഹമായ പ്രകടനം കാഴ്ച വെച്ചു. പക്ഷിയും മൊബൈല്‍ഫോണും പിന്നെ അക്ഷയ് കുമാര്‍ കഥാപാത്രവും തമ്മിലുള്ള ബന്ധമാണ് ചിത്രത്തിനെ മുന്നോട്ട് നയിക്കുന്നത്.

പ്രതിനായകന്റെ പശ്ചാത്തലം വ്യക്തമാകാത്തത് തിരക്കഥയിലെ പോരായ്മയായ് അനുഭവപ്പെടുന്നുണ്ട്. അതേ പോലെ ക്ലൈമാക്‌സിന്റെ ഫൈറ്റ് സീനില്‍ ഇഴച്ചില്‍ അനുഭവപ്പെട്ടു. രജനീകാന്തും അക്ഷയ് കുമാറും തന്നെയാണ് ചിത്രത്തിന്റെ ജീവന്‍. എയ്മി ജാക്‌സണ്‍, സുധന്‍ഷു പാണ്ഡേ, ആദില്‍ ഹുസ്സൈന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിന്റെ അഭിമാനമായി കലാഭവന്‍ ഷാജോണും ചിത്രത്തിലുണ്ട്.

ഒരു സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന് വേണ്ട ചേരുവകള്‍ കൃത്യമായി പാകപ്പെടുത്തിയ ശങ്കര്‍, സംവിധാനത്തില്‍ പാളിച്ചകള്‍ വരാതെ നോക്കിയിട്ടുണ്ട്. ചിത്രത്തിലെ സംഗീതം പ്രതീക്ഷിച്ചത്ര നന്നായില്ലെങ്കിലും എ.ആര്‍ റഹ്മാന്റെ പശ്ചാത്തല സംഗീതം ഓരോ രംഗങ്ങളെയും ചടുലമാക്കുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ ശബ്ദ മിശ്രണം ചിത്രത്തിന്റെ മറ്റു കൂട്ടി. നീരവ് ഷാ യുടെ ക്യാമറയും ചിത്രത്തിന് മോടി കൂട്ടാന്‍ ഒപ്പം നിന്നു.

ത്രീഡിയില്‍ തന്നെ ആസ്വദിക്കേണ്ട ദൃശ്യ വിസ്മയം തന്നെയാണ് 2.0. മികച്ച വിഎഫ്എക്‌സ് സാങ്കേതിക ഉപയോഗിച്ച് നിര്‍മ്മിക്കപ്പെട്ട ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന രീതിയില്‍ ആ പ്രതീക്ഷകള്‍ കാത്തുസംരക്ഷിക്കാന്‍ സിനിമയ്ക്ക് ആയിട്ടുണ്ട്. രജനീകാന്ത് തന്നെ കുട്ടി ചിട്ടിയായി 3.0 എന്ന വേഷത്തിലെത്തിയത് പ്രേക്ഷകര്‍ക്കുള്ള സര്‍പ്രൈസായിരുന്നു. ഇനി 3.0 മൂന്നാം യന്തിരനെത്തുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.