‘അരുവി’ സംവിധായകന്റെ പുതിയ ചിത്രത്തില്‍ 90 വയസ്സുള്ള നായകന്‍

എയ്‌സ്ഡ്‌സ് ബാധിതയായ അരുവി എന്ന പെണ്‍കുട്ടിയുടെ ജീവിതകഥ പറഞ്ഞ ‘അരുവി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ അരുണ്‍ പ്രഭു പുരുഷോത്തമന്‍ തന്റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. ‘യാസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം 90 വയസ്സുകാരനെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒരുക്കുന്നത്. എസ് എന്‍ ഭട്ട് ആണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്.

തന്റെ വലിയ വീട്ടില്‍ നിന്നും പുറത്തുവരാന്‍ മടിക്കുന്ന ഒരു തൊണ്ണൂറുകാരന്റെ കഥയാണ് ചിത്രം പറയുന്നത്. ഏതാനും ചെറുപ്പക്കാര്‍ ആ വീട്ടിലേക്ക് പ്രവേശിക്കുന്നതോടെ അയാളുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റങ്ങളും ചിത്രത്തില്‍ ഉള്‍ക്കൊള്ളിക്കുന്നു. ബാലു മഹേന്ദ്രയുടെ ‘മൂന്ന്രാം പിറൈ’യിലൂടെ അരങ്ങേറ്റം കുറിച്ച എസ് എന്‍ ഭട്ട് ‘കാട്രിന്‍മൊഴി’, ‘മദ്രാസിപ്പട്ടണം’, ‘തിരുമണം എന്നും നിക്കാഹ്’ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

24 എഎം സ്റ്റുഡിയോസിന്റെ ബാനറില്‍ ആര്‍ഡി രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘അരുവി’യ്ക്ക് മുന്‍പു തന്നെ അരുണ്‍ പൂര്‍ത്തിയാക്കിയ തിരക്കഥയാണ് ‘യാസ്’ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഗസ്റ്റില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.