സ്‌ക്രിപ്റ്റാണ് ‘ഉയരെ’യുടെ ഹീറോ, സാമൂഹിക പ്രസക്തിയുള്ള സബ്ജക്ടായത്‌കൊണ്ടാണ് ഉയരെയിലേക്ക് എത്തിച്ചേര്‍ന്നത്-നിര്‍മ്മാതാക്കള്‍

.സെല്ലുലോയ്ഡിന്റെ വഴിയേ മൂന്ന് സഹോദരിമാര്‍

സിനിമാ നിര്‍മ്മാണ രംഗത്ത് 40 വര്‍ഷത്തിലധികം പരിചയ സമ്പത്തുള്ള നിര്‍മ്മാതാവാണ് പി.വി ഗംഗാധരന്‍. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ 1977ല്‍ ‘സുജാത’ എന്ന ചിത്രം മുതല്‍ ആരംഭിച്ച് 2006ല്‍ പുറത്തിറങ്ങിയ ‘നോട്ട്ബുക്ക്’ വരെ നീളുന്നു ആ സിനിമായാത്ര. കുടുംബ ചിത്രങ്ങളുടെ നിര്‍മ്മാണമേറ്റെടുത്തുവെന്നതാണ് ഗൃഹലക്ഷ്മിയുടെ ചരിത്രം. നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് വീണ്ടും സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചുവരികയാണ്. എസ് ക്യൂബ് എന്ന പേരില്‍ പി.വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്‌നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ആദ്യചിത്രം ‘ഉയരെ’യുടെ ചിത്രീകരണ വിശേഷങ്ങളും അനുഭവങ്ങളും സെല്ലുലോയ്ഡുമായി പങ്കുവെക്കുകയാണ് ഷെനുഗയും ഷെഗ്‌നയും ഷെര്‍ഗയും.

. 3 സഹോദരിമാരും ചേര്‍ന്ന് ഇത്തരമൊരു സംരംഭത്തിലേയ്ക്ക് എത്തിച്ചേരാന്‍ തീരുമാനിച്ചത് എങ്ങനെയാണ്?

രണ്ട് വര്‍ഷം മുന്നേ ഞങ്ങളൊരു ആല്‍ബം സോംഗ് എടുത്തിരുന്നു. അതിനാല്‍ തന്നെ സിനിമയെടുക്കാന്‍ ഒരു കോണ്‍ഫിഡന്‍സൊക്കെ ഉണ്ടായിരുന്നു. ഒരുപാട് കഥകള്‍ വന്നു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ വിചാരിച്ചു ഒരു സിനിമയെടുക്കാമെന്ന്. അങ്ങനെയിരിക്കേയാണ് ബോബി സഞ്ജയ്‌യുടെ സ്‌ക്രിപ്റ്റ് കേട്ടത്. ആ സ്‌ക്രിപ്റ്റ് ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുകയും, ചെയ്യാമെന്ന് തീരുമാനിക്കുകയുമായിരുന്നു.

. കഥ എല്ലാവരും ഒന്നിച്ചാണോ കേട്ടത്?

എല്ലാവരുംകൂടെ ഒരുമിച്ചിരുന്നാണ് കഥ കേള്‍ക്കുന്നത്. അമ്മയും അമ്മാച്ഛനുമെല്ലാം ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഒരേപോലെ കഥ ഇഷ്ടമായി. അത്‌കൊണ്ടാണ് ഈ ചിത്രം തെരഞ്ഞെടുത്തത്.

. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന് ഇപ്പോഴും മലയാളികളുടെ മനസ്സില്‍ സ്ഥാനമുണ്ട്. പിന്തുടര്‍ച്ചക്കാര്‍ സിനിമയുമായെത്തുമ്പോള്‍ എന്ത് പ്രതീക്ഷിക്കാം?

ഈ സിനിമ എടുക്കുമ്പോള്‍ ഞങ്ങള്‍ക്ക് വലിയ ഒരു ഉത്തരവാദിത്വം തന്നെയുണ്ടായിരുന്നു. ഒരുപാട് വലിയ വലിയ സിനിമകള്‍ ചെയ്ത അച്ഛന്റെ പേര് കാത്തുസൂക്ഷിക്കണം. ഞങ്ങള്‍ എടുക്കുന്നത് ഒരു റിസ്‌ക്ക് തന്നെയാണ്. കേള്‍ക്കുമ്പോള്‍ പുതുതായിട്ട് തോന്നുന്ന ഒരുപാട് നല്ല കഥകള്‍ ഉണ്ട്. പക്ഷെ എന്തെങ്കിലുമൊരു സാമൂഹിക പ്രസക്തിയുള്ള ഒരു സബ്ജക്ടെടുക്കുക എന്നുള്ളത് ഞങ്ങള്‍ മൂന്ന് പേരുടെയും തീരുമാനമായത്‌കൊണ്ടാവണം ഉയരെ’യുടെ കഥയിലേക്ക് ഞങ്ങള്‍ എത്തിച്ചേര്‍ന്നത്.

. കുടുംബത്തിന്റെ പിന്തുണ

എല്ലാവരും നല്ല പിന്തുണയാണ് തന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ മുന്നോട്ട് പോയ്‌ക്കോ എന്നുള്ള ഒരു ഫ്രീഡം അവര്‍ ഞങ്ങള്‍ക്ക് തന്നിട്ടുണ്ടായിരുന്നു. എന്തായാലും ഒരു ബിസിനസ്സിന് ഇറങ്ങി പുറപ്പെടുമ്പോള്‍ അതിന് അതിന്റെതായ റിസ്‌ക്കും കാര്യങ്ങളുമുണ്ടാവും. അച്ഛന്റെ ഒരു പാത തന്നെയാണല്ലോ നിര്‍മ്മാണവും.. അങ്ങനെ ചെയ്യാമെന്ന് വിചാരിച്ചു.

. ആല്‍ബം പോലുള്ള ചെറിയ പ്ലാറ്റ്‌ഫോമില്‍നിന്ന് വലിയൊരു പ്ലാറ്റ്‌ഫോമിലേക്കാണ് ഇപ്പോള്‍ മാറിയത്. ഈ ഇന്‍ഡസ്ട്രിയെക്കുറിച്ച് എത്രത്തോളം പഠിച്ചിരുന്നു?

അച്ഛന്റെ കൂടെ അച്ചുവിന്റെ അമ്മ, നോട്ട്ബുക്ക് തുടങ്ങിയ സിനിമകളിലെല്ലാം വര്‍ക്ക് ചെയ്തിരുന്നു. സിനിമയുടെ ഏതെങ്കിലുമൊരു വിഭാഗത്തില്‍ വരണം എന്നുണ്ടായിരുന്നു. പ്രൊഡക്ഷന്‍ ഞങ്ങള്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ പ്രതീക്ഷിക്കാതെയാണ് ഇപ്പോള്‍ ഒരു സിനിമയെടുക്കാന്‍ അവസരം ലഭിച്ചത്. ഞങ്ങളുടെ മനസ്സില്‍ ഇത്രയും വലിയ ബഡ്ജറ്റ് സിനിമയൊന്നും എടുക്കണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. ഈ സബ്ജക്ട് പ്രേക്ഷകരില്‍ എത്തിക്കണമെന്ന് വളരെ ആഗ്രഹം ഉള്ളതുകൊണ്ടാണ് ഈ കഥ ഞങ്ങള്‍ തെരഞ്ഞെടുത്തത്.

. എങ്ങനെയാണ് പുതുമുഖമായ മനു അശോകിനെ സംവിധായകനായി തെരഞ്ഞെടുക്കുന്നത്?

ബോബി ചേട്ടനും സഞ്ജയ്ക്കും നേരത്തെ പരിചയമുള്ള ആളാണ് മനു. അവര്‍ സജസ്റ്റ് ചെയ്യുന്ന ഡയറക്ടര്‍ ഒരിക്കലും മോശമാവില്ല. മനുവിന്റെ വര്‍ക്ക് കണ്ട് തുടങ്ങിയത് മുതല്‍ ഞങ്ങള്‍ക്കും കുറേ കോണ്‍ഫിഡന്‍സ് ഉണ്ട്. അത്രയും ഭംഗിയായിട്ടാണ് മനു ഈ സിനിമ ചെയ്യുന്നത്.

. ചിത്രത്തിലെ ക്രൂവിനെ തീരുമാനിച്ചത്?

ഞങ്ങളെല്ലാവരും ചേര്‍ന്നാണ് ക്രൂവിനെയൊക്കെ തീരുമാനിച്ചത്. കഥയ്ക്ക് ആവശ്യമുള്ളവരാണെങ്കില്‍ ഇഷ്ടമായെങ്കില്‍ മുന്നോട്ട് പോകും.

. ഇപ്പോള്‍ മലയാളത്തില്‍ വളരെ അപൂര്‍വ്വമായിട്ടാണ് സത്രീപക്ഷ സിനിമകള്‍ സംഭവിച്ച് കൊണ്ടിരിക്കുന്നത്…’ഉയരെ’യുടെ ധൈര്യം?

സബ്ജക്ടേ ഞങ്ങള്‍ നോക്കിയിട്ടുള്ളൂ. അല്ലാതെ സ്ത്രീപക്ഷ സിനിമ എന്ന രീതിയിലൊന്നു ഉദ്ദേശിച്ചിട്ടില്ല. സ്‌ക്രിപ്റ്റാണ് ഞങ്ങളുടെ ഹീറോ. അത്രയും സ്‌ട്രോംഗായിട്ടുള്ള ഒരു സ്‌ക്രിപ്റ്റ് ചെയ്യാന്‍ പറ്റുമെന്നുള്ള കോണ്‍ഫിഡന്‍സ് അച്ഛനും അമ്മയും തന്നപ്പോള്‍ പിന്നെ ഞങ്ങളൊന്നും നോക്കിയില്ല.

. ചിത്രത്തിലെ അഭിനേതാക്കളെക്കുറിച്ച് ?

ഉയരെയിലെ ക്യാരക്ടേഴ്‌സെല്ലാം ചിത്രത്തിന് വളരെ യോജിച്ചതായിട്ട് തോന്നി. നമ്മള്‍ക്കിടയില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന ക്യാരക്ടേഴ്‌സാണെല്ലാം. ചിത്രത്തില്‍ അഭിനേതാക്കളെല്ലാം അത്രയും ഇന്‍വോള്‍വായിട്ട് ചെയ്തു.

. വളരെ റിസ്‌ക്കിയായിട്ടുള്ളൊരു മേഖലയാണ് സിനിമ. അപ്പോള്‍ മൂന്ന് പേരും ചിത്രത്തിന്റെ ആവശ്യങ്ങള്‍ക്കായിട്ട് എങ്ങനെയാണ് ഒരുമിക്കുന്നത്?

ഞങ്ങള്‍ക്കത് ഒരിക്കലും ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല. ഇപ്പോഴത്തെക്കാലത്ത് ടെക്‌നോളജി വലുതായത് കൊണ്ട് എവിടെയിരുന്നാലും എല്ലാവര്‍ക്കും ഒരുപോലെ വര്‍ക്ക് ചെയ്യാമല്ലോ. ഞാനും ഷെനുഗയും കൊച്ചിയിലാണ്. ഷെഗ്‌ന ചെന്നൈയിലും.

.നിര്‍മ്മാണ മേഖലയിലേക്ക് കടക്കുമ്പോഴുള്ള അച്ഛന്റെ ആദ്യ ഉപദേശമെന്തായിരുന്നു..?

സിനിമയ്ക്കും സ്‌ക്രിപ്റ്റിനും ആവശ്യമായ ഒന്നിനും ഒരിക്കലും നമ്മള്‍ നോ പറയരുത്. അതിനാവശ്യമായത് നമ്മളാല്‍ കഴിയുന്നത് സാധിച്ചുകൊടുക്കണമെന്നാണ് അച്ഛന്‍ പറഞ്ഞിട്ടുള്ളത്.

. ഇനി എന്താണ് ഫ്യൂച്ചര്‍ പ്ലാന്‍…?

ഉയരെ ഉയരത്തിലേയ്‌ക്കെത്തട്ടെ. കഥകള്‍ കേള്‍ക്കുന്നുണ്ട്. പക്ഷെ ഞങ്ങളിപ്പോള്‍ ഒന്നും കണ്‍ഫോമാക്കിയിട്ടില്ല. ഇത് ഞങ്ങളുടെ ആദ്യ സംരഭമല്ലേ…

. ചിത്രത്തിലെ പാട്ടുകള്‍?

സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ഗോപീസുന്ദറാണ്. വളരെ മനോഹരമായിട്ടുള്ള മെലഡി പാട്ടുകളാണ് ചിത്രത്തിലുള്ളത്. റഫീഖ് സാറും ഹരിനാരായണനുമാണ് വരികളെഴുതിയിരിക്കുന്നത്.

.ഗൃഹലക്ഷ്മിയുടെ സുവര്‍ണ്ണകാലത്തെക്കുറിച്ച്?

ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ സിനിമകളില്‍ നിന്നും ടെക്‌നോളജി കുറേ മാറിയെന്നേ ഉള്ളൂ. സിനിമയ്ക്ക് ഒരു മാറ്റവുമില്ല. 24 സിനിമകള്‍ ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് ചെയ്തിട്ടുണ്ട്. ആ സിനിമകളെക്കുറിച്ചെല്ലാം പറയുമ്പോള്‍ ഭയങ്കര അഭിമാനം തോന്നും. മമ്മൂട്ടിയെയും മോഹന്‍ലാലിനെയുംവെച്ചുള്ള സിനിമകളും ഒപ്പം സത്യന്‍ അന്തിക്കാടിന്റെ കുറേ കുടുംബചിത്രങ്ങളുമെല്ലാം ചെയ്തു. അവരുടെയെല്ലാം അനുഗ്രഹവും സപ്പോര്‍ട്ടും ഞങ്ങള്‍ക്ക് എപ്പോഴും ഉണ്ട്. സത്യന്‍ അങ്കിളിനോട് ഏത് രാത്രിയായാലും വിളിച്ച് അഭിപ്രായങ്ങള്‍ ചോദിക്കാം. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിനെക്കൊണ്ട് ഒരുപാട് ബന്ധങ്ങളാണ് ഞങ്ങള്‍ക്ക് ഉണ്ടായിട്ടുള്ളത്.

.ഇന്‍ഡസ്ട്രിയില്‍ ആരാണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിട്ടുള്ളത്?

.സത്യന്‍ അങ്കിള്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയിട്ടുള്ളത്. ചിത്രം ഏത് സമയത്ത് ഇറങ്ങണമെന്നുള്ളത്‌പോലും അദ്ദേഹമാണ് പറഞ്ഞ് തന്നിട്ടുള്ളത്.

.ഡീഗ്രേഡിംഗ് പോലുള്ളവയെ എങ്ങനെ നോക്കിക്കാണുന്നു?

ഇപ്പോഴത്തെക്കാലത്ത് ഡീഗ്രേഡിംഗ് എന്ന പ്രവണത കൂടിയിട്ടുണ്ട്. ഡീഗ്രേഡിംഗെല്ലാം ഒരു ലെവല്‍ വരെ സ്വീകരിക്കാം. പ്രമോഷന്റെ കാര്യത്തില്‍ പണ്ടുള്ള രീതിയിലേക്ക് പോയാലൊ എന്ന് ഞങ്ങള്‍ ആലോചിച്ചിരുന്നു. സോഷ്യല്‍മീഡിയ ശരിക്കും ഒരു സിനിമയെ നശിപ്പിക്കുന്നുണ്ടോ എന്ന്‌വരെ ഞങ്ങള്‍ക്ക് തോന്നിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൊന്നും വേണ്ട പകരം പണ്ടുള്ള രീതിയില്‍ പോസ്റ്ററുകളും കാര്യങ്ങളുമായി പോയാലൊ എന്ന് ഞങ്ങള്‍ ചിന്തിച്ചിരുന്നു. ഗുണവും ദോഷങ്ങളുമുണ്ട് എല്ലാത്തിലും. പക്ഷെ ഓണ്‍ലൈന്‍ മീഡിയ ഞങ്ങളെ ഒരുപാട് സപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. എല്ലാം ഓരോരുത്തരുടെ അഭിപ്രായങ്ങളായിരിക്കാം.

.പാര്‍വതിയ്‌ക്കെതിരെ മുന്‍പ് ഒരുപാട് സോഷ്യല്‍മീഡിയ ആക്രമങ്ങളുണ്ടായി. ആ പേടിയുണ്ടായിരുന്നോ?

അവര്‍ നല്ലൊരു ആര്‍ട്ടിസ്റ്റാണ്. ഈ ക്യാരക്ടറിന് യോജിച്ചൊരു ആര്‍ട്ടിസ്റ്റ് എന്നതേ ഞങ്ങള്‍ നോക്കിയിട്ടുള്ളു. വളരെ ഭംഗിയായിട്ടാണ് പാര്‍വതി അഭിനയിച്ചിരിക്കുന്നത്. പുറമേയുള്ള കാര്യങ്ങളൊന്നും ഞങ്ങള്‍ നോക്കിയിട്ടില്ല.

. ഫാമിലിയെക്കുറിച്ച്..

ഷെര്‍ഗ- എന്റെ ഭര്‍ത്താവ് ഡോക്ടറാണ്. എനിക്ക് രണ്ട് പെണ്‍മക്കളാണ് ഉള്ളത്. ഞാന്‍ അച്ഛന്റെ ബിസിനസ്സ് മാനേജ് ചെയ്തിരുന്നു. പിന്നെ ബ്രദറിന്റെ ഓട്ടോ മൊബൈല്‍ ബിസിനസ്സ് പതിനാല് വര്‍ഷത്തോളം നോക്കി നടത്തി.

ഷെനുഗ- ഞാന്‍ ഹൗസ് വൈഫാണ്. എന്റെ ഭര്‍ത്താവും ഡോക്ടറാണ്. അമൃതയിലാണ് വര്‍ക്ക് ചെയ്യുന്നത്. രണ്ട് മക്കളാണ് ഉള്ളത്. എന്റെ ഒരു മകന്‍ ഇപ്പോള്‍ പത്താംക്ലാസ് കഴിഞ്ഞിരിക്കുകയാണ്. അങ്ങനെയാണ് സിനിമ ചെയ്യാമെന്ന് കരുതിയത്.

ഷെഗ്‌ന- എന്റെ ഭര്‍ത്താവും ഡോക്ടറാണ്. രണ്ട് മക്കളാണ് ഉള്ളത്. ഞാന്‍ ജേണലിസമാണ് പഠിച്ചത്. ഇപ്പോള്‍ വീട്ടമ്മയാണ്.