മമ്മൂട്ടി ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ് ആരംഭിച്ചു

മമ്മൂട്ടിയുടെ പുതിയ ചിത്രം ഉണ്ടയുടെ ഷൂട്ടിംഗ് ഛത്തീസ്ഗഡില്‍ ആരംഭിച്ചു.ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ഖാലിദ് റഹ്മാനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം അനുരാഗ കരിക്കിന്‍ വെള്ളമായിരുന്നു.

ബോളിവുഡിലെയും പ്രമുഖ താരങ്ങള്‍ ചിത്രത്തിലുണ്ട്. ഛത്തീസ്ഗഡില്‍ ഒരു തെരഞ്ഞെടുപ്പ് കാലത്ത് മാവോയിസ്റ്റുകളെ നേരിടാന്‍ കണ്ണൂരില്‍ നിന്ന് പോകുന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നതെന്നാണ് സൂചന. ബോളിവുഡിലെ നിരവധി ചിത്രങ്ങളിലൂടെയും തമിഴ് ചിത്രം ജിഗര്‍തണ്ടയിലൂടെയും ശ്രദ്ധേയമായ ഛായാഗ്രാഹകന്‍ ഗാവ്മിക് യു അറെ ആണ് ഉണ്ടക്കായി ക്യാമറ ചലിപ്പിക്കുന്നത്.  ബോളിവുഡിലെ ആക്ഷന്‍ കൊറിയോഗ്രാഫര്‍ ഷാം കുശാല്‍ ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു.

പ്രശാന്ത് പിള്ളയുടേതാണ് സംഗീതം.ഹര്‍ഷാദ് തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ നിഷാദ് യൂസഫ് എഡിറ്റിംഗ് നിര്‍വഹിക്കും.