ഉണ്ടയില്‍ മമ്മൂട്ടിയോടൊപ്പം ബോളിവുഡ് താരങ്ങളും

മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധായകന്‍ ഖാലിദ് റഹ്മാന്‍ ഒരുക്കുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തില്‍ ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. മൂന്ന് ബോളിവുഡ് താരങ്ങളാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റില്‍ മികച്ച പ്രകടനം കാഴ്ച വച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം മാറ്റുരയ്ക്കുക.

സിനിമയില്‍ സംഘട്ടന രംഗങ്ങളൊരുക്കുന്നത് ആമിറിന്റെ ദംഗലിനും രണ്‍വീര്‍ സിംഗിന്റെ ബാജിറാവു മസ്താനിക്കും ആക്ഷനൊരുക്കിയ ശ്യാം കൗശലാണ്. ഛത്തീസ്ഗഡാണ് ഉണ്ടയുടെ പ്രധാന ലൊക്കേഷന്‍. മലയാളത്തില്‍ നിന്നുള്ള ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാര്‍ ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹര്‍ഷദാണ്. ജിഗര്‍തണ്ട, സൂര്യ 37 എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകന്‍ ഗാവെമികാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ സംഗീതം പ്രശാന്ത് പിള്ള. ജെമിനി സ്റ്റുഡിയോസും മൂവി മില്ലും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.