സംവിധാനമോഹം തനിക്കുമുണ്ടെന്ന് ടൊവീനോ തോമസ്

ഒരു ദേശീയ മാധ്യമവുമായുള്ള അഭിമുഖത്തിലാണ് തന്റെ സംവിധാന മോഹം ടൊവീനോ വെളിപ്പെടുത്തിയത്. സംവിധായകനെന്ന നിലയില്‍ പൃഥ്വിരാജിന്റെ വളര്‍ച്ച തന്നെ അമ്പരപ്പിച്ചു. ഒരു പ്രൊഫഷണല്‍ സംവിധായകനെ പോലെയാണ് പൃഥ്വിരാജ് പ്രവര്‍ത്തിക്കുന്നതെന്നും ടൊവീനോ പറഞ്ഞു. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറില്‍ ടൊവീനോയും അഭിനയിക്കുന്നുണ്ട്. പൃഥ്വിരാജ് നല്ല ആസൂത്രണത്തോടെയും ബോധ്യത്തോടെയുമാണ് മുന്നോട്ടു പോകുന്നത്. ലൂസിഫറില്‍ ഒരു ചെറിയ വേഷമാണ് ലഭിച്ചത്. പക്ഷേ അതൊരു വലിയ ചിത്രമാണ്. ആ ഓഫര്‍ സ്വീകരിക്കാന്‍ എനിക്ക് ഒരു മടിയുമുണ്ടായിരുന്നില്ല. നായകവേഷമില്ലാതെ ഒരു സിനിമയില്‍ അഭിനയിക്കുമ്പോള്‍ അഭിനേതാവ് എന്ന രീതിയില്‍ നമ്മള്‍ വളരുകയാണ്’.സംവിധാനമോഹം തനിക്കുമുണ്ടെന്ന് ടൊവിനോ പറഞ്ഞു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ വലിയ മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ് തുടങ്ങിയ സ്ഥലങ്ങളാണ് സിനിമയുടെ ലൊക്കേഷനുകള്‍. 5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെയും നൂറു കണത കണക്കിന് കാറുകളെയും ഉള്‍ക്കൊള്ളുന്ന മെഗാ മാസ് രംഗത്തിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്നിരുന്നു. രണ്ടരക്കോടി രൂപയാണ് ഈ രംഗത്തിന് മാത്രമുള്ള ചെലവെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ലൂസിഫറില്‍ വില്ലന്‍ വേഷത്തിലെത്തുന്നത് ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയാണ്. യുവനായകന്‍ ടോവിനോ തോമസും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യും. വില്ലന്‍ സിനിമക്ക് ശേഷം മോഹന്‍ലാലിന്റെ നായികയായി മഞ്ജു വാര്യരെത്തുന്ന ചിത്രം കൂടിയാണിത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി കാസ്റ്റ് ചെയ്തിരിക്കുന്നത് വലിയ താരനിരയെ തന്നെയാണ്. മുരളി ഗോപി തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സുജിത്ത് വാസുദേവാണ്. പൊളിറ്റിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുത്താവുന്ന സിനിമയുടെ സംഗീതം ദീപക് ദേവ് ആണ്.