തൃശൂര്‍ പൂരത്തിന്റെ ശബ്ദ വിസ്മയം, ‘ദി സൗണ്ട് സ്‌റ്റോറി’യുടെ ഓഡിയോ പുറത്തിറങ്ങി

തൃശൂര്‍ പൂരത്തിന്റെ ശബ്ദ സൗന്ദര്യത്തെ ആസ്പദമാക്കി റസൂല്‍ പൂക്കുട്ടി ഒരുക്കിയ ‘ദി സൗണ്ട് സ്‌റ്റോറി’ എന്ന ചിത്രത്തിന്റെ ഗാനങ്ങള്‍ റിലീസായി. 91ാമത് ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലേക്ക് ചിത്രം പരിഗണിക്കപ്പെട്ടതിന് പിന്നാലെയാണ് പാട്ടുകള്‍ യൂട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

മികച്ച ചിത്രത്തിനുള്ള പരിഗണന പട്ടികയിലേയ്ക്കാണ് സൗണ്ട് സ്‌റ്റോറിയും മത്സരിക്കുന്നത്. റസൂല്‍ പൂക്കുട്ടി ശബ്ദ മിശ്രണം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അദ്ദേഹം തന്നെയാണ് നായകനായെത്തുന്നത്. തൃശൂര്‍ പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് സിനിമ ഒരുക്കിയിരിക്കുന്നത്. റസൂല്‍ പൂക്കുട്ടിയുടെ ആശയം മുന്‍നിര്‍ത്തി പ്രസാദ് പ്രഭാകറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. രാഹുല്‍ രാജാണ് സംഗീതം.

അന്ധനായ ഒരാള്‍ തൃശൂര്‍ പൂരം അനുഭവിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. പൂരത്തിന്റെ ചെറിയ ശബ്ദവ്യത്യാസങ്ങള്‍ പോലും റസൂല്‍ ഒപ്പിയെടുത്തിട്ടുണ്ട്. നാലു ഭാഷകളിലായി എത്തുന്ന ചിത്രം പ്രസാദ് പ്രഭാകറും പാംസ്‌റ്റോണ്‍ മള്‍ട്ടി മീഡിയയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.