അഭിനയത്തിലേക്കുമാത്രമല്ല സംഗീതത്തിലേക്കും തിരിച്ചുവരവ്.. പക്രുവിന്റെ ഇളയരാജയിലെ ഗാനമാലപിച്ച് സുരേഷ് ഗോപി..

നടനും എം പിയുമായ സുരേഷ് ഗോപി ഏറെ നാളുകള്‍ക്ക് ശേഷം അഭിനയ രംഗത്തേക്ക് തിരിച്ചു വരുന്ന വിവരം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. എന്നാലിപ്പോള്‍ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അദ്ദേഹം ഒരു പുതിയ സിനിമാഗാനവും ആലപിച്ചിരിക്കുകയാണ്.

ഗിന്നസ് പക്രു നായകനായി എത്തുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഇളയരാജ’. മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത മാധവ് മാധവ് രാമദാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇളയരാജ’.

ചിത്രത്തിനായി സുരേഷ് ഗോപി ആലപിച്ച ‘ചെറു ചെറു ചതുരങ്ങള്‍’ എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. രതീഷ് വേഗ സംഗീത സംവിധാനം നിര്‍വഹിച്ച ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സന്തോഷ് വര്‍മ്മയാണ്. നേരത്തെ ചിത്രത്തിനായി കപ്പിലണ്ടി എന്ന ഗാനം നടന്‍ ജയസൂര്യയും ആലപിച്ചിരുന്നു.

ഗിന്നസ് പക്രുവിനെ കൂടാതെ ഹരിശ്രീ അശോകന്‍, ഇന്ദ്രന്‍സ്, ഗോകുല്‍ സുരേഷ്, ദീപക്, അജു വര്‍ഗ്ഗീസ്, എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. തൃശ്ശൂരിന്റെ പശ്ചാത്തലത്തില്‍ ചെസ് കളിയുടെയും സാധാരണക്കാരായ കുറച്ച് മനുഷ്യരുടെയും കഥയാണ് ചിത്രം പറയുന്നത്.

മൂവി മ്യൂസിക്കല്‍ കട്ട്‌സിന്റെ ബാനറില്‍ സജിത് കൃഷ്ണ, ജയരാജ് ടി കൃഷ്ണന്‍, ബിനീഷ് ബാബു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം 22ന് ചിത്രം തീയ്യേറ്ററുകളിലെത്തും.

ഗാനത്തിന്റെ വീഡിയോ കാണാം..