ഇത്തവണയും സണ്ണി ലിയോണ്‍

2018ല്‍ ഇന്ത്യക്കാര്‍ ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞ സെലിബ്രിറ്റി ബോളിവുഡ് താരം സണ്ണി ലിയോണ്‍. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ഗൂഗിള്‍ ഡാറ്റ പ്രകാരവും സണ്ണി ലിയോണ്‍ തന്നെയാണ് മുന്നില്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും സല്‍മാന്‍ ഖാനെയും പിന്നിലാക്കിയാണ് സണ്ണിലിയോണ്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഇവര്‍ക്ക് പിന്നാലെ ഷാറൂഖ് ഖാന്‍, വിരാട് കോലി, അക്ഷയ് കുമാര്‍ എന്നിവരുമുണ്ട്. ലൈവ് മിന്റ് നടത്തിയ ഗൂഗിള്‍ ട്രെന്‍ഡ്‌സിന്റെ അനാലിസിസിലാണ് ഈ കണക്ക് പുറത്ത് വന്നിരിക്കുന്നത്.

നടിമാരില്‍ സണ്ണി ലിയോണ്‍ കഴിഞ്ഞാല്‍ കത്രിന കൈഫ്, ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, അനുഷ്‌ക ശര്‍മ എന്നിവര്‍ക്കൊപ്പം മലയാളി താരം പ്രിയാ വാര്യരുമുണ്ട്. ഇന്ത്യക്കാരുടെ ഗൂഗിള്‍ അന്വേഷണ ശീലത്തില്‍ മാറ്റം വന്നതായി അനാലിസിസില്‍ വ്യക്തമാണ്. ക്രിക്കറ്റിനും, പൊതു വാര്‍ത്തകള്‍ക്കും പകരം അവര്‍ക്ക് കൂടുതല്‍ ഇഷ്ടം സിനിമ-വിനോദ വാര്‍ത്തകളാണ്.