പുരസ്‌ക്കാരത്തില്‍ തിളങ്ങി സുഡാനി

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടനായി ജയസൂര്യയ്‌ക്കൊപ്പം നടന്‍ സൗബിന്‍ ഷാഹിറും ഉണ്ടായിരുന്നു. സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയിലെ പ്രകടനമായിരുന്നു സൗബിനെ തേടി ഈയൊരു അംഗീകാരമെത്താന്‍ കാരണം. ഈ ചിത്രത്തിലൂടെയാണ് സൗബിന്‍ നായകനായി അരങ്ങേറ്റം നടത്തിയതെന്നുള്ളതാണ് ശ്രദ്ധേയം.

മികച്ച നടന്‍ മാത്രമല്ല മികച്ച ജനപ്രിയ ചിത്രവും സുഡാനി ഫ്രം നൈജീരിയ തന്നെ. ഇതേ ചിത്രത്തിലൂടെ തന്നെ മികച്ച സ്വഭാവ നടി സാവിത്രി ശ്രീധരന്‍, സരസ ബാലുശ്ശേരി എന്നിവര്‍ പങ്കിട്ടു. മികച്ച തിരക്കഥാകൃത്തുക്കളായി സക്കറിയ, മൊഹസിന്‍ പെരാരി എന്നിവരും സുഡാനിയിലൂടെ തെരഞ്ഞെടുക്കപ്പെട്ടു. ഒപ്പം മികച്ച നവാഗത സംവിധായകനായി സക്കറിയ മുഹമ്മദും പുരസ്‌ക്കാരത്തിനര്‍ഹനായി. വളരെ കുറഞ്ഞ ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം ഇതിനോടകം തന്നെ നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്. നിരവധി ഫിലിംഫെസ്റ്റിവലിലും ചിത്രം ശ്രദ്ധ നേടിയിരുന്നു.

സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സൗബിനൊപ്പം സാമുവല്‍ അബിയോള റോബിന്‍സണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വേണ്ടിയുള്ള ഒരുക്കവും കളിക്കാരനായി എത്തിയ താരത്തിന് അപ്രതീക്ഷിതമായുണ്ടാവുന്ന പരിക്കും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്. ഹാപ്പി ഹവേഴ്‌സ് എന്റര്‍ടെയ്ന്‍മെന്‍സിനുവേണ്ടി സമീര്‍ താഹിറും ഖാലിദുമാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

error: Content is protected !!